ഇനി ഉപദേശവും താക്കീതുമൊന്നുമില്ല; 'ഡിം' അടിച്ചില്ലെങ്കില്‍ തെളിവ് സഹിതം പണിതരാന്‍ എം.വി.ഡി

പ്രതീകാത്മക ചിത്രം | Photo: Screengrab
പ്രതീകാത്മക ചിത്രം | Photo: Screengrab

തിരേ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണ് തുളയ്ക്കും വിധമുള്ള ഹെഡ് ലൈറ്റുകളുമായി ചീറിപ്പായുന്നവരാണോ, എങ്കിലിനി നിങ്ങള്‍ക്ക് ഉപദേശവും താക്കീതും ഒന്നുമില്ല. ഇത്തരക്കാരെ കൈയോടെ പൊക്കാന്‍ രാത്രിയില്‍ 'ലക്സ് മീറ്റര്‍' ഉപയോഗിച്ച് പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു. വാഹന നിര്‍മാതാക്കള്‍ ഘടിപ്പിക്കുന്ന ബള്‍ബ് മാറ്റി അമിത പ്രകാശമുള്ളത് ഘടിപ്പിക്കുന്ന പ്രവണത വര്‍ധിക്കുകയും അതുമൂലം അപകടങ്ങള്‍ കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണു നടപടി കടുപ്പിക്കുന്നത്.

രാത്രികാല വാഹനാപകടങ്ങളില്‍ പലതും അതിതീവ്ര വെളിച്ചം മൂലമാണെന്ന പരാതി വ്യാപകമാണ്. എതിരേ വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ഉയര്‍ന്ന പ്രകാശത്തില്‍ കാഴ്ച മങ്ങുന്നത് അപകടത്തിനിടയാക്കും. ഏതു വാഹനമായാലും രാത്രി എതിര്‍ദിശയില്‍ വാഹനം വരുമ്പോള്‍ ലൈറ്റ് ഡിം ചെയ്യണമെന്നാണു നിയമം. എന്നാല്‍, പലരും ഇതു പാലിക്കാത്തത് അപകടങ്ങള്‍ക്കു കാരണമാകുന്നു.

കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമുള്ള ബള്‍ബുകള്‍ക്ക് പുറമെ ലേസര്‍, പല നിറത്തിലുള്ള അലങ്കാര ബള്‍ബുകള്‍ തുടങ്ങിയതെല്ലാം പരിശോധനയില്‍ പിടികൂടും. ഉയര്‍ന്ന തോതില്‍ പ്രകാശം വമിക്കുന്ന ഹാലജന്‍, ലിഥിയം നിയോണ്‍ ലൈറ്റുകളാണ് വാഹനങ്ങളില്‍ അനധികൃതമായി ഘടിപ്പിക്കുന്നത്. ഈ പ്രകാശം കണ്ണില്‍ പതിച്ചാല്‍ ഏറെ നേരത്തേക്ക് കാഴ്ച മങ്ങും.

ഹെഡ് ലൈറ്റുകളും മറ്റും തെളിക്കാതെ പോകുന്നതും ബ്രേക്ക്, ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയവ കൃത്യമായി പ്രവര്‍ത്തിക്കാത്തതും പ്രശ്‌നമാണ്. ലൈറ്റുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങളും അപകടങ്ങളും അധികവും സംഭവിക്കുന്നത് രാത്രിയായതിനാലാണ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചതെന്ന് എറണാകുളം ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍ പറഞ്ഞു.

ബൈക്കിന് 35, കാറിന് 65 വാട്‌സ്

വാഹനങ്ങളിലെ ലൈറ്റുകളുടെ പ്രകാശത്തോത് കൃത്യമായി മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ പറയുന്നുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് 35 വാട്‌സ്, കാറുകളില്‍ 65 വാട്‌സ്, വലിയ വാഹനങ്ങളില്‍ 75 വാട്‌സ് എന്നിങ്ങനെയാണ് പ്രകാശ തീവ്രതയുടെ കണക്ക്. വാഹനത്തിന്റെ മുന്‍ഭാഗത്ത് ഒറ്റ നിരയില്‍ത്തന്നെ ലൈറ്റുകള്‍ ഘടിപ്പിക്കണം. 35 വാട്‌സുള്ള ഫോഗ് ലാംപുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാം.

Content Highlights: MVD Kerala vehicle checking to caught headlight high beam and illegal lights use in vehicles