വാഹന ഉടമകളുടെ വിവരങ്ങൾ തട്ടിപ്പ് സംഘത്തിന്; ഐ4സിയും സൈബർ ഓപ്പറേഷൻസ് വിഭാഗവും അന്വേഷിക്കും

കൊച്ചി: എംപരിവാഹൻ തട്ടിപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് വാഹന ഉടമകളുടെ വിവരം ചോർന്ന സംഭവം പോലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗവും കേന്ദ്രസർക്കാരിന്റെ കേന്ദ്രീകൃത സംവിധാനമായ സൈബർ ക്രൈം കോഡിനേഷൻ സെന്ററും (ഐ4സി) അന്വേഷിക്കും. വാരാണസിയിൽനിന്ന് കൊച്ചി സൈബർ പോലീസ് പിടികൂടിയ സംഘം മാത്രം 2700 പേരെ തട്ടിപ്പിനിരയാക്കിയതായി കണ്ടെത്തിയിരുന്നു. കേരളം, കർണാടക, ഗുജറാത്ത്, തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തിയത്.
സമാന രീതിയിൽ വിവിധ സംഘങ്ങൾ കോടികൾ തട്ടിയെടുത്തതായാണ് വിവരം. മോട്ടോർ വാഹന വകുപ്പുകളുടെ വെബ്സൈറ്റ് പ്രതികൾ ഹാക്ക് ചെയ്താണോ ഇത്തരം സംഘങ്ങൾ വാഹന ഉടമകളുടെ വിവരങ്ങൾ സംഘടിപ്പിക്കുന്നതെന്നും പരിശോധിക്കുന്നുണ്ട്. എംപരിവാഹൻ വ്യാജ ആപ്ലിക്കേഷൻ വഴി പ്രതികൾ ശേഖരിച്ചവയിൽ വിവിധ വ്യക്തികളുടെ ഫോണിന്റെയും യുപിഐ പിൻ നമ്പറിന്റെയും വിവരങ്ങളുണ്ട്.
കസ്റ്റഡിയിലുള്ള വാരാണസി ശിവപുർ സ്വദേശികളായ അതുൽകുമാർ സിങ്, മനീഷ് സിങ് എന്നിവരെ വിശദമായി ചോദ്യംചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ പ്രതികൾക്കുവേണ്ടി എപികെ ഫയൽ ഉണ്ടാക്കിയ 16- കാരനിൽനിന്ന് മൊഴിയെടുക്കും.
എപികെ ഫയലുകളെ സൂക്ഷിക്കണം-പോലീസ്
ഫോണുകളിലേക്കെത്തുന്ന എപികെ (ആപ്ലിക്കേഷൻ) ഫയലുകളെ സൂക്ഷിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഒരിക്കലും ഇത്തരം ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുത്. ഇത്തരം ആപ്ലിക്കേഷൻ ഫയൽ ഫോണിൽ ഇൻസ്റ്റാളായാൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈയടക്കും. തുടർന്ന് ഫോണിലുള്ള ബാങ്കിങ് ആപ്ലിക്കേഷനുകൾ വഴി നിങ്ങളുടെ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കും.
Content Highlights: mparivahan-data-leak-scam-investigation