ഗതാഗതമന്ത്രി നൽകിയ സമ്മാനവുമായി എംവിഡിയുടെ മോട്ടു ആന എത്തി, പ്രഭാവതിയമ്മയെ കാണാൻ, വാനോളം പ്രശംസ

#Auto Desk
മോട്ടോർവാഹനവകുപ്പിന്റെ കാൽനടയാത്രക്കാർക്കുള്ള സുരക്ഷാപ്രചാരണവേഷമായ 'മോട്ടു' ആനയ്ക്കൊപ്പം എരഞ്ഞിപ്പാലം ജങ്‌ഷനിലെത്തിയ പ്രഭാവതിയമ്മയും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിലെത്തിയ യുവാക്കൾക്ക് ബോധവത്കരണം നൽകിയ ശേഷം ഹെൽമെറ്റ് വെപ്പിക്കുന്നു.
മോട്ടോർവാഹനവകുപ്പിന്റെ കാൽനടയാത്രക്കാർക്കുള്ള സുരക്ഷാപ്രചാരണവേഷമായ 'മോട്ടു' ആനയ്ക്കൊപ്പം എരഞ്ഞിപ്പാലം ജങ്‌ഷനിലെത്തിയ പ്രഭാവതിയമ്മയും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിലെത്തിയ യുവാക്കൾക്ക് ബോധവത്കരണം നൽകിയ ശേഷം ഹെൽമെറ്റ് വെപ്പിക്കുന്നു.

കോഴിക്കോട്: തിരുവനന്തപുരത്തുനിന്നൊരു അതിഥി ശനിയാഴ്ച വൈകീട്ട് കോഴിക്കോട് എരഞ്ഞിപ്പാലത്തെത്തി. ഫുട്പാത്തിലൂടെ സ്‌കൂട്ടറോടിച്ചയാളെ തടഞ്ഞ് തിരിച്ചയച്ചതിലൂടെ താരമായ പ്രഭാവതിയമ്മയെക്കാണാൻ. മോട്ടോർവാഹനവകുപ്പിന്റെ കാൽനടയാത്രക്കാർക്കുള്ള സുരക്ഷാപ്രചാരണവേഷമായ 'മോട്ടു ആന ഇൻസ്‌പെക്ടറാ'ണ് പ്രഭാവതിയമ്മയുടെ വീട്ടിലെത്തിയത്.

കാൽനടക്കാരുടെ സുരക്ഷയെക്കുറിച്ചും പൗരബോധത്തെക്കുറിച്ചും പവർഫുൾ സന്ദേശം നൽകിയ പ്രഭാവതിയമ്മയുടെ പ്രവൃത്തിയെ വാനോളം പുകഴ്ത്തിയ മോട്ടു ഗതാഗതവകുപ്പ് മന്ത്രി, ട്രാൻസ്‌പോർട്ട് കമ്മിഷണർ എന്നിവർക്കുവേണ്ടി ഉപഹാരം നൽകി അവരെ ആദരിച്ചു.

''അമ്മ ചെയ്തത് നല്ല കാര്യമാണ്. ഫുട്പാത്തിലെ കാൽനടയാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് മോട്ടു ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല. ഇനി അതും ശ്രദ്ധിക്കും. നിയമലംഘനം നടത്തുന്നവരെ ചാടിവീണ് അടിക്കും'' -മോട്ടു പ്രഭാവതിയമ്മയോടായി പറഞ്ഞു.

നിയമം പാലിക്കുന്നവർക്ക് മിഠായിയും ലംഘിക്കുന്നവർക്ക് ഗദകൊണ്ട് അടിയും നൽകുന്നതാണ് മോട്ടുവിന്റെ രീതി. സ്‌കൂട്ടർ തടഞ്ഞ ഇടവും എങ്ങനെയാണ് തടഞ്ഞതെന്നുമെല്ലാം പ്രഭാവതിയമ്മ മോട്ടുവിന് കാണിച്ചുകൊടുത്തു. ശേഷം ഇരുവരും അതുവഴി വാഹനങ്ങളിൽ നിയമം പാലിച്ച് പോകുന്നവർക്ക് മധുരം നൽകി. എം.വി.ഐ.മാരുമായ കെ. നജീബ്, ബി. സുരേഷ് എന്നിവർക്കൊപ്പമാണ് മോട്ടു കോഴിക്കോട്ടെത്തിയത്.

തിരുവനന്തപുരത്തെ എം.വി.ഡി. കേരളയിലെ മീഡിയസെൽ അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ജങ്ഷൻ, ബീച്ച് എന്നിവിടങ്ങളിലും മോട്ടുവെത്തി ബോധവത്കരണപ്രചാരണം നടത്തി. ഞായറാഴ്ച കണ്ണൂരിലെത്തും. വൈകാതെ മോട്ടു എല്ലാ ജില്ലകളിലുമെത്തും.

കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. പി. രാജേഷും പ്രഭാവതിയമ്മയെ ആദരിച്ചു. എം.വി.ഐ.മാരായ വിനുജോസ്, ഷബീർ, നജീബ്, സുരേഷ്, എ.എം.വി.ഐ. പി. ഷൈജൻ, രാഹുൽ, അനുലേഖ്, ജിഷ്ണു, മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Commendation for Prabhathiyamma! Motu the elephant inspector visits Kozhikode to honor her for upholding pedestrian safety. Learn more about this inspiring initiative.