സ്ത്രീകള്‍ മികച്ച ഡ്രൈവര്‍മാര്‍, കാരണം ശ്രദ്ധയുള്ളതും മത്സരബുദ്ധിയില്ലാത്തതും; ആശംസയുമായി എം.വി.ഡി.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്ത്രീഡ്രൈവര്‍മാര്‍ക്ക് 'സല്യൂട്ടു'മായി മോട്ടോര്‍വാഹനവകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റ്. വനിതാഡ്രൈവര്‍മാര്‍ വരുത്തുന്ന റോഡപകടങ്ങള്‍ കുറവാണെന്ന് സാധൂകരിക്കാന്‍ കണക്കുകള്‍ സഹിതമാണ് പോസ്റ്റ്. സ്ത്രീപുരുഷഭേദമെന്യേ നിരവധി പേര്‍ പോസ്റ്റിന് ലൈക്ക് ചെയ്തു. ട്രോളുന്നതും വിമര്‍ശിക്കുന്നതുമായ പോസ്റ്റുകളുമുണ്ട് കൂട്ടത്തില്‍.

പോസ്റ്റ് ഇങ്ങനെ: നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണ തിരുത്തണമെന്ന് മോട്ടോര്‍വാഹനവകുപ്പ് ആഗ്രഹിക്കുന്നു. സ്ത്രീകള്‍ ഡ്രൈവിങ്ങില്‍ മോശമാണെന്നും അതിനാല്‍ കൂടുതല്‍ റോഡപകടങ്ങള്‍ സംഭവിക്കുന്നു എന്നുമുള്ള തെറ്റായ കാഴ്ചപ്പാട് പൊതുവേയുണ്ട്. 2022-ല്‍ ദേശീയതലത്തില്‍ സംഭവിച്ചിട്ടുള്ള റോഡപകടങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏകദേശം 76,907 ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ 96.3 ശതമാനം പുരുഷഡ്രൈവര്‍മാരും 3.7 ശതമാനം സ്ത്രീഡ്രൈവര്‍മാരുമാണ്.

പൊതുവേ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധാലുക്കളും മറ്റുള്ളവര്‍ക്ക് പരിഗണന നല്‍കുന്നവരുമാണ്. അനാരോഗ്യകരമായ മത്സരബുദ്ധി കാണിക്കാത്തതിനാല്‍ അപകടസാധ്യതയും കുറയുന്നു. അവരുടെ ഉയര്‍ന്ന മാനസികക്ഷമത അവരെ എപ്പോഴും സുരക്ഷിതഡ്രൈവര്‍മാരാക്കുന്നു... പ്രിയ സഹോദരിമാരെ, അകാരണമായ ഭയംമൂലം ഡ്രൈവിങ്ങില്‍നിന്ന് മാറിനില്‍ക്കാതെ നിങ്ങളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കുന്നതിന് കഠിന പരിശ്രമം ചെയ്യൂ. പൂര്‍ണപിന്തുണയുമായി മോട്ടോര്‍വാഹനവകുപ്പ് നിങ്ങള്‍ക്കൊപ്പം.

അപകടം സംഭവിക്കുമോയെന്ന ആശങ്ക മൂലം ഡ്രൈവിങ്ങ് പഠിക്കാന്‍ വിമുഖത കാണിക്കുന്ന സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനാണ് സ്ത്രീകള്‍ എങ്ങനെ മികച്ച ഡ്രൈവര്‍മാര്‍ ആകുന്നുവെന്ന കാരങ്ങള്‍ മോട്ടോര്‍ വാഹനവ വകുപ്പ് വിശദീകരിക്കുന്നത്. ഡ്രൈവിങ്ങ് പഠിക്കുകയും സ്വയം വാഹനമോടിച്ച് ഓരോ സ്ത്രീയും പുതിയ ലോകത്തിലേക്ക് ചുവടുവയ്‌ക്കേണ്ട കാലമാണിതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അഭിപ്രായപ്പെടുന്നത്. 

ഇരുകൈകളുമില്ലാത്ത ജിലുമോള്‍ എന്ന വനിത ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയതും മോട്ടോര്‍വാഹനവകുപ്പ് അവര്‍ക്ക് പിന്തുണ നല്‍കിയതും പോസ്റ്റില്‍ പരമാര്‍ശിക്കുന്നുണ്ട്. അപകടക്കണക്ക് ഉള്‍പ്പെടുത്തിയുള്ള പോസ്റ്റിന് ഒരാളിട്ട പോസ്റ്റ് ഇങ്ങനെ: 'ഇന്ത്യയിലെ സ്ത്രീഡ്രൈവര്‍മാരുടെ ശരാശരി കണക്കുകൂടി പറഞ്ഞാന്‍ മാത്രമല്ലേ ചിത്രം വ്യക്തമാകൂ...'

Content Highlights: Motor vehicle department wishes to lady drivers during Women's Day