കണ്ടക്ടറില്ലാ ബസ്; ഓട്ടം തുടങ്ങി നാലാം നാള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പൂട്ട്

പ്രകൃതിവാതകമുപയോഗിച്ച് സര്‍വീസ് ആരംഭിച്ച കാടന്‍കാവില്‍ ബസ് | ഫോട്ടോ: മാതൃഭൂമി
പ്രകൃതിവാതകമുപയോഗിച്ച് സര്‍വീസ് ആരംഭിച്ച കാടന്‍കാവില്‍ ബസ് | ഫോട്ടോ: മാതൃഭൂമി

ബസുകൂലി പിരിച്ചെടുക്കാന്‍ കണ്ടക്ടറില്ലാതെ യാത്രക്കാരെ വിശ്വസിച്ച് പരീക്ഷണ ഓട്ടം തുടങ്ങിയ സ്വകാര്യബസിന് മോട്ടോര്‍വാഹനവകുപ്പിന്റെ പൂട്ട്. കണ്ടക്ടറില്ലാതെ ഓടാനാവില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് വിലക്കിയതോടെ സര്‍വീസ് ആരംഭിച്ച് നാലാംനാള്‍ ബസ് ഓട്ടം നിര്‍ത്തി. 

സ്വകാര്യബസ് മേഖലയുടെ പ്രതിസന്ധി മറികടക്കാന്‍ നടത്തിയ പരീക്ഷണം വൈറലായെങ്കിലും അധികൃതരുടെ നിര്‍ദേശം മാനിച്ച് ബസ്സോട്ടം നിര്‍ത്തേണ്ടിവന്നതോടെ കണ്ടക്ടറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബസ്സുടമ വടക്കഞ്ചേരി സ്വദേശി തോമസ് മാത്യു.

ഡീസലിന്റെ തീവില കണക്കിലെടുത്ത് പ്രകൃതിവാതകം ഇന്ധനമാക്കിയ കാടന്‍കാവില്‍ ബസാണ് നിയമക്കുരുക്കില്‍പ്പെട്ട് ഓട്ടം നിര്‍ത്തിയത്. വടക്കഞ്ചേരിയില്‍നിന്ന് നെല്ലിയാമ്പാടം, പുളിങ്കൂട്ടം, തെന്നിലാപുരം വഴി ആലത്തൂര്‍വരെയും തിരിച്ചുമായിരുന്നു റൂട്ട്. ഞായറാഴ്ച ആരംഭിച്ച ബസ് സര്‍വീസിന് സമൂഹമാധ്യമങ്ങള്‍ വഴി വന്‍ പ്രചാരണവും ലഭിച്ചു. 

ബസിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ യാത്രക്കൂലിയിടുന്നതായിരുന്നു രീതി. ഗൂഗിള്‍ പേ സംവിധാനവും ഒരുക്കിയിരുന്നു. പുതിയ പരീക്ഷണത്തിന് യാത്രക്കാരില്‍നിന്ന് പൂര്‍ണ പിന്തുണ കിട്ടിയതായും തോമസ് മാത്യു പറഞ്ഞു. 

എന്നാല്‍ കേരള മോട്ടോര്‍ വാഹനനിയമം 219 അനുസരിച്ച് നിര്‍ബന്ധമായും ബസില്‍ കണ്ടക്ടര്‍ വേണമെന്നാണ് വ്യവസ്ഥയെന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കണമെന്നും റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്‍. തങ്കരാജ് പറഞ്ഞു. 33 ലക്ഷംരൂപ ചെലവിട്ട് പുറത്തിറക്കിയ ബസ് വെറുതെ നിര്‍ത്താനാകില്ല. എങ്ങിനെയെങ്കിലും കണ്ടക്ടറെ കണ്ടുപിടിച്ച് കഴിയുന്നതുംവേഗം ഓട്ടം പുനരാരംഭിക്കുമെന്ന് തോമസ് മാത്യു പറഞ്ഞു.

Content Highlights: Motor vehicle department stop service of conductor-less bus service in palakkad, CNG Bus