സ്വന്തമായി വാഹനമില്ല, ഡ്രൈവിങ്ങുമറിയില്ല; പക്ഷെ ഹെല്‍മറ്റ് ഇടാതെ സഞ്ചരിച്ചതിന് വീട്ടമ്മയ്ക്ക് 1,000 രൂപ പിഴ

വീട്ടമ്മയ്‌ക്കുലഭിച്ച നോട്ടീസിലുള്ള ഗതാഗത നിയമലംഘനത്തിന്റെ ചിത്രവും വിവരങ്ങളും
വീട്ടമ്മയ്‌ക്കുലഭിച്ച നോട്ടീസിലുള്ള ഗതാഗത നിയമലംഘനത്തിന്റെ ചിത്രവും വിവരങ്ങളും

മണ്ണാര്‍ക്കാട്: സ്വന്തമായി സ്‌കൂട്ടറില്ല. എന്തിന്, വാഹനമോടിക്കാന്‍പോലും അറിയില്ല. എന്നിട്ടും വീട്ടമ്മയുടെ പേരില്‍ ഗതാഗത നിയമലംഘനത്തിന് പിഴചുമത്തിയുള്ള നോട്ടീസ് തപാലിലെത്തി. മണ്ണാര്‍ക്കാട് പെരിമ്പടാരിയില്‍ താമസിക്കുന്ന അറുപുഴ ഹനീഫയുടെ ഭാര്യ സുമയ്യക്കാണ് മോട്ടോര്‍വാഹനവകുപ്പിന്റെ നോട്ടീസെത്തിയത്.

1,000 രൂപയാണ് പിഴത്തുക. നോട്ടീസ് കിട്ടിയ വീട്ടുകാരും അമ്പരന്നുപോയി. നോട്ടീസ് ഒന്നുകൂടി ശ്രദ്ധിച്ചുനോക്കിയപ്പോള്‍ വിലാസം കൃത്യമാണ്. പക്ഷേ, ക്യാമറാചിത്രത്തിലുള്ള സ്‌കൂട്ടറില്‍ രണ്ട് പുരുഷന്‍മാര്‍ ഹെല്‍മെറ്റിടാതെ സഞ്ചരിക്കുന്നു. ദേശീയപാതയില്‍ പനയമ്പാടത്തുള്ള മോട്ടോര്‍വാഹനവകുപ്പിന്റെ ക്യാമറയില്‍ റെക്കോഡ് ചെയ്തതാണ് ദൃശ്യമെന്നതും നോട്ടീസിലുണ്ട്.

സ്‌കൂട്ടറിലുള്ള രണ്ടുപേരും ഹെല്‍മെറ്റിടാതെ സഞ്ചരിച്ചതിനാണ് പാലക്കാട് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍നിന്ന് 1,000 രൂപ പിഴയിട്ടത്. മണ്ണാര്‍ക്കാട് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെത്തി വിവരം പറഞ്ഞു. ജീവനക്കാര്‍ നോക്കിയപ്പോള്‍ വിലാസം സുമയ്യയുടെ പേരില്‍ത്തന്നെയാണ്.

ഇതോടെ വാഹന നമ്പര്‍ വെച്ച് സൈറ്റിലുള്ള ഉടമസ്ഥന്റെ ഫോണ്‍നമ്പര്‍ തരാന്‍ ആവശ്യപ്പെട്ടു. ഇതില്‍നിന്ന് ലഭിച്ച ഫോണ്‍നമ്പറിലേക്ക് ഹനീഫ വിളിച്ചു. അപ്പോഴാണ് കാര്യം മനസ്സിലായത്. അവരുടെ പേരും സുമയ്യ എന്നാണ്. വീട്ടുപേരും ഒന്നുതന്നെ. സ്ഥലം കാഞ്ഞിരപ്പുഴ എന്നാണെന്നും പറഞ്ഞു.

ഇവരുടെ പേരില്‍ സ്‌കൂട്ടറുമുണ്ട്. ഭര്‍ത്താവാണ് ഉപയോഗിക്കുന്നത്. ഇതോടെ ഗതാഗത നിയമലംഘനത്തിന് പിഴവന്നിട്ടുണ്ടെന്ന് ഹനീഫ അറിയിച്ചു. വിലാസത്തിലെ പോസ്റ്റ് മാറി അയച്ചതാകാം ഇത്തരത്തില്‍ സംഭവിക്കാനിടയായതെന്ന് ഹനീഫയും പറഞ്ഞു.

Content Highlights: A homemaker mistakenly received a ₹1000 traffic fine for a helmet violation, despite not owning a vehicle or knowing how to drive. Discover the bizarre mix-up and how it was resolved.