ഒറ്റ പ്ലാറ്റ്‌ഫോമിൽ നാല് സാങ്കേതികവിദ്യകൾ; മൾട്ടി ന്യൂ എനർജി വാഹന പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് MG

ഇന്ത്യയിൽ ആദ്യമായി മൾട്ടി ന്യൂ എനർജി വെഹിക്കിൾ (എൻഇവി) പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ. എംജി അഡാപ്റ്റ് (അഡ്വാൻസ് ഡ്രൈവ് ആർക്കിടെക്ചർ പ്ലാറ്റ്‌ഫോം-ADAPT) എന്ന ഈ പ്ലാറ്റ്‌ഫോമിൽ ഇലക്ട്രിക് (ഇവി), ഹൈബ്രിഡ് (എച്ച്ഇവി), പ്ലഗ്-ഇൻ ഹൈബ്രിഡ് (പിഎച്ച്ഇവി), റേഞ്ച് എക്സ്റ്റൻഡർ (ആർഇഇവി) എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ കഴിയുമെന്ന് എംജി അവകാശപ്പെടുന്നു. ഈ സാമ്പത്തികവർഷം തന്നെ അഡാപ്റ്റ് അധിഷ്ഠിതമായ ഇവിയും പിഎച്ച്ഇവിയും പുറത്തിറക്കുമെന്നും എംജി അറിയിച്ചു.
സാധാരണഗതിയിൽ പെട്രോൾ/ഡീസൽ വാഹനവും ഹൈബ്രിഡ് വാഹനവും നിർമിക്കാൻ വ്യത്യസ്ത പ്ലാറ്റ്‌ഫോമുകൾ ആവശ്യമാണ്. അതിനാൽ തന്നെ നിർമാണ ചെലവും കൂടും. എന്നാൽ അഡാപ്റ്റിന് ഈ സങ്കീർണതകൾ ഒഴിവാക്കാൻ സാധിക്കും. നാല് സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്ന പ്ലാറ്റ്‌ഫോമായതിനാൽ ഇതുപയോഗിച്ച് അതിവേഗം പുതിയ മോഡൽ വാഹനങ്ങൾ വികസിപ്പിക്കാൻ എംജിക്ക് കഴിയും.
ലോകോത്തര നിലവാരമുള്ള എൻജിനീയറിങ്ങാണ് എംജി അഡാപ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഹൈബ്രിഡ് ആവശ്യങ്ങൾക്കായി പ്രത്യേകം വികസിപ്പിച്ച ഇന്റഗ്രേറ്റഡ് ഇക്കോസിസ്റ്റമാണ് പ്ലാറ്റ്‌ഫോമിന്റെ പ്രധാനഭാഗം. റോഡിന്റെ അവസ്ഥ തത്സമയം വിശകലനം ചെയ്ത് എൻജിന്റേയും ബാറ്ററിയുടേയും പ്രവർത്തനം ക്രമീകരിക്കാൻ അഡാപ്റ്റിന് സാധിക്കും. അഡാപ്റ്റിലെ നാല് ഡ്രൈവിങ് മോഡുകളിൽ ഏതാണ് അനുയോജ്യമെന്ന് സ്വയം തിരഞ്ഞെടുത്താണ് ഇത് സാധ്യമാക്കുക.
പ്യുവർ ഇലക്ട്രിക് ഡ്രൈവ്, സീരീസ് ഹൈബ്രിഡ് ഡ്രൈവ്, പാരലൽ ഹൈബ്രിഡ് ഡ്രൈവ്, എൻജിൻ ഡയറക്ട് ഡ്രൈവ് എന്നിവയാണ് അഡാപ്റ്റിലെ നാല് ഡ്രൈവിങ് മോഡുകൾ. ഐസി എൻജിന്റെ പ്രവർത്തനം പൂർണമായും നിർത്തി, ബാറ്ററിയിൽ നിന്നുള്ള പവർ മാത്രം ഉപയോഗിച്ച് വാഹനം ഓടിക്കുന്ന മോഡാണ് പ്യുവർ ഇലക്ട്രിക് ഡ്രൈവ്. നഗരങ്ങളിലെ കനത്ത ട്രാഫിക്കിലും കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുമ്പോഴും വാഹനം സ്വയം ഈ മോഡിലേക്ക് മാറും. ഈ മോഡിൽ ഒട്ടുംതന്നെ ശബ്ദമുണ്ടാകില്ല.
എൻജിൻ ജനറേറ്ററായി പ്രവർത്തിച്ച് വൈദ്യുതി ഉണ്ടാക്കി, ആ വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രിക് മോട്ടോർ പ്രവർത്തിപ്പിച്ച് വാഹനം ഓടിക്കുന്ന രീതിയാണ് സീരീസ് ഹൈബ്രിഡ് ഡ്രൈവ്. ബാറ്ററി ചാർജ് നിശ്ചിത പരിധിക്ക് താഴെ പോകുമ്പോഴും പെട്ടെന്ന് അതിവേഗം കുതിക്കേണ്ട സാഹചര്യങ്ങളിലും ഈ മോഡ് ഓണാകും. എന്നാൽ പാരലൽ ഡ്രൈവ് മോഡിൽ ഇലക്ട്രിക് മോട്ടോറും ഐസി എൻജിനും ഒരേസമയം പ്രവർത്തിച്ചാണ് ചക്രങ്ങളിലേക്ക് കരുത്ത് പകരുന്നത്. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുക, കയറ്റം കയറുക തുടങ്ങി പരമാവധി കരുത്ത് ആവശ്യമായ സന്ദർഭങ്ങളിൽ വാഹനം ഈ മോഡിലേക്ക് മാറും. എൻജിൻ ഡയറക്ട് ഡ്രൈവ് മോഡിൽ വാഹനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് പൂർണമായും ഐസി എൻജിനാണ്. ദീർഘദൂരയാത്രകളിൽ ഉയർന്ന വേഗതയിൽ പോകുമ്പോഴാണ് ഈ മോഡ് ഉപയോഗിക്കുക.
ഡെഡിക്കേറ്റഡ് ഹൈബ്രിഡ് എൻജിൻ, ടെൻ ഇൻ വൺ ഇന്റലിജന്റ് ഇലക്ട്രിക് ഡ്രൈവ് യൂണിറ്റ്, ഇലക്ട്രോമാഗ്നറ്റിക് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ട്രാൻസ്മിഷൻ എന്നിവയാണ് അഡാപ്റ്റിന്റെ മറ്റ് സവിശേഷതകൾ. ലോകത്തെ ആദ്യ ഇലക്ട്രോമാഗ്നറ്റിക് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ട്രാൻസ്മിഷൻ അഡാപ്റ്റിലാണെന്നാണ് എംജി അവകാശപ്പെടുന്നത്.
ദീർഘദൂരയാത്രകളിൽ റെയ്ഞ്ച് ഗണ്യമായി വർധിപ്പിക്കാനായി അഡാപ്റ്റിലെ ആർഇഇവി സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് എംജി അവകാശപ്പെടുന്നു. ആർഇഇവിയിൽ വൈദ്യുതമോട്ടോറാണ് വാഹനത്തിന് കരുത്തേകുക. ബാറ്ററിയുടെ ചാർജ് കുറയുമ്പോൾ ഐസി എൻജിൻ ജനറേറ്ററായി പ്രവർത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും ഈ വൈദ്യുതി ഉപയോഗിച്ച് വാഹനം ഓടുകയും ചെയ്യും.
Content Highlights: JSW MG Motor India launched 'MG ADAPT', the country’s first Multi New Energy Vehicle platform. Supporting EV, HEV, PHEV, and REEV technologies, it features four driving modes to optimize engine and battery efficiency seamlessly.