ഓട്ടോ എക്സ്പോയിൽ തിളങ്ങി മെജസ്റ്റർ; നിരത്തുകളിലേക്കെത്തുക എം.ജി. സെലക്ടിലൂടെ

എം.ജി. മജസ്റ്റര്‍ | Photo: X/ Morris Garages India
എം.ജി. മജസ്റ്റര്‍ | Photo: X/ Morris Garages India

ന്യൂഡൽഹി: എം.ജി. ഗ്ളോസ്റ്ററിന്റെ മുഖംമിനുക്കിയ പതിപ്പായ മെജസ്റ്റർ ഡൽഹി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു. പ്രീമിയം വാഹനങ്ങൾക്കുമാത്രമായി ഒരുക്കിയ ‘എം.ജി. സെലക്ട്’ എന്ന ബ്രാൻഡിങ്ങിലായിരിക്കും ഈ വാഹനം ഇന്ത്യയിലെത്തുക. സെലക്ടിനു കീഴിലെത്തുന്ന ആദ്യവാഹനം ‘സൈബർസ്റ്റർ’ ആയിരിക്കും.

വൈദ്യുത കാറുകളും ഹൈബ്രിഡ് വാഹനങ്ങളുമാണ് എം.ജി. സെലക്ടിൽ വിൽപ്പനയ്ക്കെത്തുക. ആദ്യഘട്ടമായി രാജ്യത്ത് 12 ഇത്തരത്തിലുള്ള സെലക്ട് എക്സ്പീരിയൻസ് സെന്ററുകൾ ആരംഭിക്കും. പിന്നീട് ചെറുനഗരങ്ങളിലേക്കും ഇവ വ്യാപിപ്പിക്കും. പ്രീമിയം വാഹനങ്ങൾക്കു വേണ്ടിയുള്ള അടിത്തറയൊരുക്കലാണ് ഈ സെന്ററുകളിലൂടെ ലക്ഷ്യംവയ്ക്കുന്നത്. സൈബർസ്റ്ററും പിന്നീട് മെജസ്റ്ററുമാണ് ഇതിൽ വരുക.

ഇന്ത്യയിൽ ജെ.എസ്.ഡബ്ള്യു.വിനൊപ്പം ചേർന്നതോടെ ഇന്ത്യയിലേക്ക് കൂടുതൽ വാഹനങ്ങൾ കൊണ്ടുവരുമെന്ന കമ്പനിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഒരുകൂട്ടം വാഹനങ്ങൾ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചത്. അന്താരാഷ്ട്ര വിപണികളിലുള്ള മാക്സസ് ഡി90 എസ്.യു.വി.യെ അടിസ്ഥാനമാക്കിയാണ് ഏഴു സീറ്ററായ മെജസ്റ്റർ.

ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ 'ഡ്രൈവ്. ഫ്യൂച്ചര്‍' എന്ന തീമില്‍ ജെ.എസ്.ഡബ്ല്യു. എം.ജി. മോട്ടോര്‍ ഇന്ത്യ ഒരുക്കിയ പവിലിയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നു. ജെ.എസ്.ഡബ്ല്യു. എം.ജി. മോട്ടോര്‍ ഇന്ത്യ ഡയറക്ടര്‍ പാര്‍ഥ് ജിന്‍ഡാല്‍. സി.ഇ.ഒ. ഇമേരിറ്റസ് രാജീവ് ഛബ എന്നിവര്‍ സമീപം

മുന്നില്‍ കറുപ്പുനിറത്തിലെ ഗ്രില്ലോടുകൂടിയ മജസ്റ്ററില്‍ സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകള്‍ താഴെയും മെലിഞ്ഞ എല്‍.ഇ.ഡി. ഡി.ആര്‍.എല്ലുകള്‍ മുകളിലുമായി നൽകിയിരിക്കുന്നു. താഴ്ഭാഗത്തായി സില്‍വര്‍ സ്‌കിഡ് പ്ലേറ്റും കറുപ്പ് ക്ലാഡിങ്ങും വാഹനത്തിന്റെ മസില്‍ ലുക്ക് വര്‍ധിപ്പിക്കുന്നു. ഡയമണ്ട് കട്ട് 5 സ്‌പോക് 19 ഇഞ്ച് അലോയ് വീലുകളാണ് മജ്‌സറ്ററിന്റേത്. പിന്നിലായി രണ്ട് എല്‍.ഇ.ഡി. ടെയ്ല്‍ ലൈറ്റുകളുണ്ട്. ഇതിന് മുകളിലായി ഗ്ലോസ് ബ്ലാക് പ്ലാസ്റ്റിക് റിമ്മിലാണ് മോറിസ് ഗാരേജ് ബാഡ്ജുള്ളത്. പിന്നിലെ ബംപറില്‍ സില്‍വര്‍ സ്‌കിഡ് പ്ലേറ്റും ഇരട്ട എക്‌സഹോസ്റ്റ് ഔട്ട്‌ലറ്റുകളും മജസ്റ്ററിന് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നു.

വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീനും ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയും മജസ്റ്ററിനുണ്ട്. വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ ആന്‍ഡ് ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ് എന്നിവയും മജസ്റ്ററിലുണ്ടാവും. ഹീറ്റഡ്- കൂള്‍ഡ് സൗകര്യങ്ങളും മസാജ് ഫീച്ചറുകളുമുള്ള ഡ്രൈവര്‍ സീറ്റ്, ത്രീസോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 12 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ടെയില്‍ഗേറ്റ് എന്നിവയും ഇന്റീരിയര്‍ സവിശേഷതകളാണ്. 360 ഡിഗ്രി ക്യാമറയോടുകൂടിയ പാര്‍ക്കിങ് സെന്‍സറുകള്‍, ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവയും മജസ്റ്ററിലുണ്ടാവും. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളാണ് മജസ്റ്ററിലേത്.

2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 216 എച്ച്.പി. കരുത്തും 479 എന്‍.എം. ടോര്‍ക്കും പുറത്തെടുക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് മജസ്റ്ററിലേത്. നിലവില്‍ 39.57 ലക്ഷം മുതലാണ് എം.ജി. ഗ്ലോസ്റ്ററിന്റെ വില. ഇതിനേക്കാള്‍ കൂടുതലായിരിക്കും മജസ്റ്ററിന്റെ വില എന്നാണ് വിവരം. ടൊയോട്ട ഫോര്‍ച്യൂണര്‍, സ്‌കോഡ കോഡിയാക്ക്, എന്നിവയുമായാണ് എംജി മജസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കുക. ഇന്ത്യയില്‍ എന്ന് വില്‍പനയ്‌ക്കെത്തുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: MG Majestor introduced in Bharat Mobility Global Expo 2025