‘ഇന്ത്യൻ കാർ ഓഫ് ദ ഇയർ’ പുരസ്കാരം സ്വന്തമാക്കി മാരുതി സുസുക്കി വിക്ടോറിസ്

കൊച്ചി: മാരുതി സുസുക്കി വിക്ടോറിസ് എസ്‌യുവി, 2026-ലെ ‘ഇന്ത്യൻ കാർ ഓഫ് ദ ഇയർ’ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ പ്രധാന ഓട്ടോമൊബൈൽ ജേണലിസ്റ്റുകൾ അടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിനായി വിക്ടോറിസിനെ തിരഞ്ഞെടുത്തത്.
വിവിധ പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന വിക്ടോറിസിൽ, സൈലന്റ് ഡ്രൈവ് അനുഭവത്തിനായി ഇവി മോഡുള്ള 1.5 ലിറ്റർ സ്‌ട്രോങ് ഹൈബ്രിഡ് പവർട്രെയിൻ ലഭ്യമാണ്.
ഗ്രാൻഡ് വിറ്റാരയുടെ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന വിക്ടോറിസിന് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, സ്ട്രോങ്ങ്-ഹൈബ്രിഡ്, സിഎൻജി പവർട്രെയിൻ ഓപ്ഷനുകളുണ്ട്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളോടു കൂടിയ 1.5-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിൻ 103 ബിഎച്ച്പി പവറും 139 എൻഎം ടോർക്കും നൽകും.
മികച്ച ഇന്ധനക്ഷമതയ്ക്കായി ഇ-സിവിടി ഗിയർബോക്‌സുമായി ഘടിപ്പിച്ച സ്ട്രോങ്ങ്-ഹൈബ്രിഡ് 1.5-ലിറ്റർ പെട്രോൾ യൂണിറ്റ് 116 ബിഎച്ച്പി പവറും 141 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവലുമായി വരുന്ന ഫാക്ടറി-ഫിറ്റഡ് സിഎൻജി വേരിയന്റ് 87 ബിഎച്ച്പി കരുത്തും 121 എൻഎം ടോർക്കുമാണ് നൽകുക. ഓൾ-വീൽ-ഡ്രൈവ് (AWD) സംവിധാനവും എസ്‌യുവിയിൽ ലഭ്യമാണ്.
Content Highlights: Maruti Suzuki victoris SUV crowned `Indian Car of the Year` 2026. Explore its hybrid, petrol, and CNG powertrains with AWD.