5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ പുറത്തിറക്കുക 8 SUV-കൾ; 50% വിപണി വിഹിതം തിരിച്ചുപിടിക്കാൻ മാരുതി സുസുക്കി

ആഭ്യന്തര പാസഞ്ചർ വാഹന വിപണിയിൽ 50 ശതമാനം വിപണി വിഹിതം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ, അടുത്ത അഞ്ച്-ആറ് വർഷത്തിനുള്ളിൽ എട്ട് എസ്‌യുവികൾ അവതരിപ്പിക്കാൻ പദ്ധതിയിട്ട് മാരുതി സുസുക്കി. ഇതോടെ കമ്പനിയുടെ മൊത്തം മോഡലുകളുടെ എണ്ണം 28 ആകും. സുസുക്കി മോട്ടോർ കോർപ്പറേഷൻ (എസ്എംസി) റെപ്രസന്റേറ്റീവ് ഡയറക്ടറും പ്രസിഡന്റുമായ തോഷിഹിറോ സുസുക്കിയാണ് ബുധനാഴ്ച ഈ പ്രഖ്യാപനം നടത്തിയത്.
ജപ്പാൻ മൊബിലിറ്റി ഷോയുടെ ഭാഗമായി, സന്ദർശകരായ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ കാർ വിപണിയിലെ വർധിച്ച മത്സരം അംഗീകരിച്ച അദ്ദേഹം, 50 ശതമാനം വിപണി വിഹിതം തിരികെ നേടുന്നത് രാജ്യത്തെ മാരുതി സുസുക്കിയുടെ ചരിത്രത്തിലെ "ഏറ്റവും കഠിനമായ" വെല്ലുവിളിയായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
വിപണി വിഹിതം മെച്ചപ്പെടുത്തുന്നതിനായി അടുത്ത 5-6 വർഷത്തിനുള്ളിൽ എട്ട് എസ്‌യുവികൾ പുറത്തിറക്കുമെന്നും ഇതോടെ മൊത്തം 28 മോഡലുകളായി ഉയരുമെന്നും കമ്പനിയുടെ സംരംഭങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി തോഷിഹിറോ സുസുക്കി പറഞ്ഞു. 50 ശതമാനം വിപണി വിഹിതം നേടുന്നതിനും ഇവി ഉത്പാദനത്തിലും കയറ്റുമതിയിലും ഒന്നാം സ്ഥാനത്തെത്തുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ)യിൽ സുസുക്കി മോട്ടോർ കോർപ്പറേഷന് (എസ്എംസി) ഏകദേശം 58 ശതമാനം ഓഹരിയുണ്ട്. ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ, 43 ലക്ഷത്തിലധികം യൂണിറ്റുകളുള്ള ആഭ്യന്തര പാസഞ്ചർ വാഹന വിപണിയിൽ എംഎസ്ഐയുടെ വിപണി വിഹിതം ഏകദേശം 39 ശതമാനമായി കുറഞ്ഞിരുന്നു.
ഇന്ത്യയിലെ തന്ത്രവും ഭാവിയും
ആഭ്യന്തരമായി 50 ശതമാനം വിഹിതം തിരിച്ചുപിടിക്കുന്നതിലും അതോടൊപ്പം വിദേശ കയറ്റുമതി വർധിപ്പിക്കുന്നതിലും എംഎസ്ഐ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഇന്ത്യൻ തന്ത്രത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് സുസുക്കി പറഞ്ഞു. ആഭ്യന്തര, കയറ്റുമതി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എംഎസ്ഐ പ്ലാന്റുകളിലെ ഉത്പാദന ശേഷി പ്രതിവർഷം 40 ലക്ഷം യൂണിറ്റായി വർധിപ്പിക്കും.
ഇന്ത്യ പോലുള്ള ഒരു വലിയ രാജ്യത്തെ ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇലക്ട്രിക്, ഹൈബ്രിഡ്, സിഎൻജി മോഡലുകൾ ഉൾപ്പെടെയുള്ള ഒരു ബഹുമുഖ തന്ത്രം തങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് സുസുക്കി വ്യക്തമാക്കി .
‘ആദ്യം കാർബൺ ന്യൂട്രാലിറ്റിയുടെ കാര്യത്തിൽ ഓരോ രാജ്യത്തെയും നിയന്ത്രണങ്ങളും നിർവചിക്കപ്പെട്ട കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങളും പരിഗണിച്ച്, അനുയോജ്യമായ കാർബൺ ന്യൂട്രൽ സാങ്കേതികവിദ്യകൾ സുസുക്കി കൊണ്ടുവരും. സുസുക്കി വിൽക്കുന്ന ഓരോ വാഹനവും അതത് വിപണികളിലെ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങളിലേക്ക് സംഭാവന നൽകണം എന്നതാണ് ഞങ്ങളുടെ തത്വശാസ്ത്രം’, അദ്ദേഹം കൂട്ടിച്ചേർത്തു.
ബയോഗ്യാസിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഗുജറാത്തിൽ ഒൻപത് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. 2030-31 സാമ്പത്തിക വർഷത്തോടെ 70,000 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടെ ഇന്ത്യയോടുള്ള എസ്എംസിയുടെ പ്രതിബദ്ധതയും സുസുക്കി എടുത്തുപറഞ്ഞു.
കയറ്റുമതി ലക്ഷ്യങ്ങൾ
ഇന്ത്യയെ തങ്ങളുടെ ആഗോള ഉത്പാദന കേന്ദ്രമാക്കാനുള്ള എസ്എംസിയുടെ കാഴ്ചപ്പാട് സുസുക്കി ആവർത്തിച്ചുറപ്പിച്ചു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) നിലവിൽ വരുന്നതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഒരു കയറ്റുമതി കേന്ദ്രമായി ഇന്ത്യക്ക് മാറാൻ കഴിയും. ഈ സാമ്പത്തിക വർഷം കയറ്റുമതി നാല് ലക്ഷം യൂണിറ്റിലെത്തുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും സുസുക്കി പറഞ്ഞു.
ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇതിനകം രണ്ട് ലക്ഷത്തിലധികം യൂണിറ്റുകൾ കയറ്റുമതി ചെയ്ത കമ്പനി, ഈ സാമ്പത്തിക വർഷം നാല് ലക്ഷത്തിലധികം വാഹനങ്ങൾ കയറ്റുമതി ചെയ്യാനുള്ള പാതയിലാണ്. ഓഗസ്റ്റിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാരയുടെ 100 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് തുടക്കം കുറിച്ചിരുന്നു. ഈ മോഡൽ സുസുക്കി മോട്ടോർ ഗുജറാത്തിൽ (എസ്എംജി) മാത്രമാണ് നിർമിക്കുന്നത്.
ഇ വിറ്റാരയുടെ ആദ്യ ബാച്ച് പിപാവാവ് തുറമുഖത്ത് നിന്ന് യുകെ, ജർമനി, നോർവേ, ഫ്രാൻസ്, ഡെൻമാർക്ക് എന്നിവയുൾപ്പെടെയുള്ള യൂറോപ്യൻ മേഖലയിലേക്കാണ് കയറ്റി അയച്ചത്. 2024-ൽ, ഏതൊരു കലണ്ടർ വർഷത്തിലെയോ സാമ്പത്തിക വർഷത്തിലെയോ ഏറ്റവും ഉയർന്ന കയറ്റുമതിയായ ഏകദേശം 3.3 ലക്ഷം യൂണിറ്റുകൾ എന്ന നേട്ടം കമ്പനി കൈവരിച്ചിരുന്നു.
Content Highlights: Maruti Suzuki plans aggressive expansion with 8 new SUVs over 5-6 years, aiming to reclaim 50% domestic market share. Discover their strategy for EVs, hybrids, CNG, and exports.