മറാഠി അറിയില്ലെങ്കിൽ ലൈസൻസും പെർമിറ്റും പോകും; ടാക്‌സി ഡ്രൈവർമാർക്ക് ഭാഷ നിർബന്ധമാക്കി മഹാരാഷ്ട്ര

പ്രീമിയര്‍ പദ്മിനി ടാക്‌സി | Photo: PTI
പ്രീമിയര്‍ പദ്മിനി ടാക്‌സി | Photo: PTI

മുംബൈ: മഹാരാഷ്ട്രയിൽ ഓട്ടോറിക്ഷ, ടാക്സി, ആപ്പ് അധിഷ്ഠിത ക്യാബുകൾ (ഒല, ഉബർ, റാപ്പിഡോ) എന്നിവ ഓടിക്കുന്ന ഡ്രൈവർമാർക്ക് മറാഠി ഭാഷാ പരിജ്ഞാനം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. മഹാരാഷ്ട്ര മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) ചട്ടങ്ങൾ 2026 പ്രകാരമാണ് പുതിയ നിർദേശം നടപ്പാക്കുന്നത്.

മറാഠി സംസാരിക്കാനോ കൈകാര്യം ചെയ്യാനോ അറിയാത്ത ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസോ പെർമിറ്റോ പ്രാഥമികമായി മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യും. സസ്പെൻഷൻ കാലാവധിക്കുശേഷവും ഭാഷ പഠിച്ചില്ലെങ്കിൽ ലൈസൻസ് സ്ഥിരമായി റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി പ്രതാപ് സർനായിക് വ്യക്തമാക്കി.

യാത്രക്കാരുമായി കൃത്യമായി ആശയവിനിമയം നടത്താനും സുഗമമായ യാത്ര ഉറപ്പാക്കാനുമാണ് ഈ ഭേദഗതികൊണ്ടുവന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്കു പുറമേ, പെർമിറ്റ് ഉടമകൾക്കും പെർമിറ്റ് പുതുക്കാൻ അപേക്ഷിക്കുന്നവർക്കും ഈ നിയമം ബാധകമായിരിക്കും.

മറാഠി ഭാഷ അറിയാത്തവർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും വഴി തെറ്റിക്കുന്നതും സംബന്ധിച്ച് നിരന്തരം പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ഡ്രൈവർമാർക്ക് തിരിച്ചടിയാകുന്നതാണ് ഈ പുതിയ തീരുമാനം. പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും ജോലി തേടി മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെത്തിയ ഡ്രൈവർമാരെ ഇത് കാര്യമായി ബാധിക്കും.

ഡ്രൈവർമാർക്ക് മറാഠി ഭാഷയിൽ പ്രാഥമിക പരിശീലനം നേടാൻ നിശ്ചിത സമയം അനുവദിക്കുമെന്നും അതിനുശേഷമായിരിക്കും കർശന നിയമനടപടികളിലേക്ക് കടക്കുകയെന്നും അധികൃതർ അറിയിച്ചു. എന്നാൽ, സർക്കാരിന്റെ ഈ നീക്കത്തിനെതിരേ പ്രാദേശിക ഡ്രൈവേഴ്സ് യൂണിയനുകളിൽനിന്നും വിയോജിപ്പുകൾ ശക്തമായിട്ടുണ്ട്.

Content Highlights: Marathi language proficiency is now mandatory for auto, taxi, and app-based cab drivers in Maharashtra under 2026 rules., Non-compliant drivers face a 3-month initial license suspension, followed by permanent cancellation if the language is not learned., The rule also applies to permit holders and those renewing permits to ensure better passenger communication., Migrant drivers from North India and other regions will be heavily impacted by this new government mandate.