രാജ്യം കാക്കുന്നവർക്ക് 1986 സ്കോർപിയോ പിക്ക് അപ്പ് ട്രക്കുകൾ; സൈന്യവുമായി 2700 കോടിയുടെ കരാർ

representational image
representational image

ഇന്ത്യൻ സൈന്യവുമായി 2700 കോടി രൂപയുടെ കരാർ ഒപ്പിട്ട് മഹീന്ദ്ര. സ്കോർപിയോ പിക്ക്-അപ്പിന്റെ 1,986 യൂണിറ്റുകൾ വിതരണം ചെയ്യുന്നതിനായാണ് കരാർ. സ്കോർപിയോ പിക്ക്-അപ്പുകൾ, സ്കോർപിയോ ക്ലാസിക്, സ്കോർപിയോ-എൻ, ബൊലേറോ പിക്ക്-അപ്പ് 4WD-കൾ തുടങ്ങിയ വിവിധ മോഡലുകളുടെ 4,000-ത്തിലധികം യൂണിറ്റുകൾ ഇപ്പോൾ സൈന്യത്തിന്റെ ഭാ​ഗമാണ്. 

ദിവസങ്ങൾക്ക് മുൻപ്, സൈനികരുടെ ഉപയോഗത്തിനും യാത്രയ്ക്കുമായി 2978 ഗൂര്‍ഖ എസ്‌യുവികള്‍ നിര്‍മിക്കുന്നതിന് പ്രതിരോധ വകുപ്പ് ഫോഴ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. ആര്‍മി സ്‌പെക് ഗൂര്‍ഖ, ട്രാക്‌സ് ക്രൂയിസര്‍, ട്രാവലര്‍ തുടങ്ങിയ ഫോഴ്‌സ് മോഡലുകലും സൈന്യത്തിന്റെ വാഹനവ്യൂഹത്തിലുണ്ട്.

സ്കോർപിയോ എൻ എസ്‌യുവിയുമായി മുൻവശത്തെ ഡിസൈനിൽ സാദൃശ്യമുള്ള പിക്ക്-അപ്പിന്റെ പരീക്ഷണ ഓട്ട ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. സിംഗിൾ ക്യാബിനുള്ള മോഡലായിരുന്നു ഇത്. ഡ്യുവൽ-ക്യാബ് മോഡലിന്റെ കൺസെപ്റ്റ് മോഡൽ 2023-ൽ  മഹീന്ദ്ര പ്രദർശിപ്പിച്ചിരുന്നു. സൈന്യത്തിന് സിംഗിൾ ക്യാബ്, ഡ്യുവൽ ക്യാബ് അല്ലെങ്കിൽ രണ്ടും നൽകുമോ എന്ന് കണ്ടറിയണം.

ദുർഘടമായ പാതകൾ താണ്ടേണ്ടതിനാൽ  സൈന്യത്തിന് ശക്തമായ പ്രകടനവും സുരക്ഷയുമുള്ള വാഹനങ്ങൾ ആവശ്യമാണ്. അതുകൊണ്ടുതന്നെ മഹീന്ദ്ര സ്കോർപിയോ പിക്ക്-അപ്പുകൾ മികച്ച തിരഞ്ഞെടുപ്പാണ്. എല്ലാത്തരം റോഡുകളിലും മികച്ച ഗ്രിപ്പും സ്ഥിരതയും ഉറപ്പുനൽകുന്ന ഓൾ-ടെറൈൻ 4x4 ഡ്രൈവ്‌ട്രെയിനും ഈ വാഹനത്തിലുണ്ട്.  പ്രവർത്തനക്ഷമതയും സുരക്ഷയും മുൻനിർത്തിയാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാഹനം മറിഞ്ഞാൽ ബോഡി ഷെല്ലിനെ സംരക്ഷിക്കുന്നതിന് ഒരു റോൾ  ബാറും നൽകിയിട്ടുണ്ട്. 

മഹീന്ദ്ര സ്കോർപിയോ എൻ എസ്‌യുവിയുടെ അതേ എഞ്ചിനായിരിക്കും പിക്ക്-അപ്പിലും കരുത്ത് പകരുക. എം സ്റ്റാലിയൻ സീരീസ് 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 200 ബിഎച്ച്പി പവറും 380 എൻഎം പീക്ക് ടോർക്കുമാണ് ഉത്പാദിപ്പിക്കുക.

2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് മറ്റൊരു ഓപ്ഷൻ. ഇത് 172 ബിഎച്ച്പി കരുത്തും 400 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. പെട്രോൾ, ഡീസൽ എഞ്ചിനുകൾ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെയാണ് വരുന്നത്.

Content Highlights: Mahindra 2700 Crore Deal To Supply Scorpio Pik Up For Indian Armed Forces