പട്ടാളവേഷം അണിയാൻ ഡിഫൻഡർ; വിവിധോദ്ദേശ മിലിറ്ററി എസ്‌യുവി പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്

ഒട്ടേറെ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട വാഹനമാണ് ലാൻഡ്‌റോവർ ഡിഫൻഡർ. സ്‌റ്റൈലിഷ് ലുക്കും ഓഫ് റോഡ് പ്രകടനവുമെല്ലാമാണ് ഡിഫൻഡറിനെ ജനപ്രിയമാക്കുന്നത്. ഇപ്പോഴിതാ, ഇന്ത്യൻ സൈന്യത്തിലേക്കും ഡിഫൻഡർ എത്താൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലാൻഡ് റോവറിന്റെ മാതൃകമ്പനിയായ ടാറ്റാ ഗ്രൂപ്പിന്റെ പ്രതിരോധ മുഖമായ ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) സൈനിക ദൗത്യങ്ങൾക്ക് ഉതകുന്ന തരത്തിലുള്ള എസ്‌യുവിയാക്കി ഡിഫൻഡറിനെ വികസിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.
നിലവിലെ ലൈറ്റ് യൂട്ടിലിറ്റി വെഹിക്കിളുകൾ ഒഴിവാക്കി പുതിയ വാഹനങ്ങൾ കൊണ്ടുവരാനുള്ള സൈന്യം തീരുമാനിക്കുമ്പോഴാണ് ഡിഫൻഡറിന്റെ സൈനിക പതിപ്പുമെത്തുന്നത്. കരുത്തുറ്റ നിർമാണം, മികച്ച ഓഫ് റോഡ് ശേഷി, മൊഡ്യുലാർ ഡിസൈൻ തുടങ്ങിയവയെല്ലാമാണ് സൈനികാവശ്യങ്ങൾക്ക് അനുയോജ്യമായ എസ്‌യുവിയായി ഡിഫൻഡറിനെ മാറ്റുന്നത്. സൈന്യത്തിന്റെ പലവിധ ആവശ്യങ്ങൾക്ക് ഉതകും വിധമാണ് വാഹനത്തിന്റെ രൂപകൽപ്പന.
നേരത്തേ തന്നെ സൈനിക പശ്ചാത്തലമുള്ള വാഹനമാണ് ഡിഫൻഡർ. സാധാരണ ഡിഫൻഡറിൽ നിന്ന് വ്യത്യസ്തമായി സൈന്യത്തിനായി പ്രത്യേകം നിർമിച്ച പതിപ്പാണ് ഇവിടങ്ങളിൽ ഉപയോഗിക്കുന്നത്. യുകെ, ഓസ്‌ട്രേലിയ, ഇറ്റലി, ദക്ഷിണാഫ്രിക്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലെ സൈന്യങ്ങൾ ഡിഫൻഡർ ഉപയോഗിക്കുന്നുണ്ട്. ഈ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യൻ സൈന്യവും ഡിഫൻഡർ ഉപയോഗിക്കാൻ ഒരുങ്ങുന്നത്.
സൈനിക ട്രൂപ്പുകളേയും സാധനങ്ങളേയും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക, അതിർത്തിയിലെ പട്രോളിങ് എന്നിവ ഉൾപ്പെടെയുള്ള പല ആവശ്യങ്ങളാണ് ഇന്ത്യൻ ആർമിയിൽ ഡിഫൻഡർ നിറവേറ്റുക. ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളിലും കരുത്തോടെ മുന്നോട്ട് പോകാൻ കഴിയുമെന്ന ഡിഫൻഡറിന്റെ സവിശേഷതയാണ് ഇന്ത്യൻ സൈന്യത്തിന് ഏറെ ഉപയോഗപ്രദമാകുക. മരുഭൂമികൾ, മഞ്ഞുമലകൾ, പരുക്കൻ പ്രദേശങ്ങൾ, പർവതമേഖലകൾ തുടങ്ങി ഇന്ത്യൻ സൈന്യം ദൈനംദിനം ഇടപെടുന്ന ഇടങ്ങളിലെല്ലാം ഡിഫൻഡറിന് വലിയ പിന്തുണയേകാൻ കഴിയും.
Content Highlights: Tata Advanced Systems Limited (TASL) has developed a military version of the Land Rover Defender for the Indian Army, designed for rugged border patrolling and troop transport in extreme terrains.