KSRTC-ക്ക് വാങ്ങാനല്ലേ അറിയൂ, നന്നാക്കാന്‍ അറിയില്ല, ഒരു കോടിയുടെ ബസ് മാസങ്ങളായി കട്ടപ്പുറത്ത്

അന്തഃസംസ്ഥാന റൂട്ടുകളില്‍ മിന്നിപ്പാഞ്ഞ ഒരു കോടിയുടെ സ്കാനിയ എ.സി. ബസ് മാസങ്ങളായി കട്ടപ്പുറത്ത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്.ടി.സി.ക്ക് വലിയ വരുമാനമുണ്ടാക്കിയ രണ്ടു ബസുകളാണ് തുരുമ്പെടുത്തു നശിക്കുന്നത്. കമ്പനിയുമായി ദീര്‍ഘകാല അറ്റകുറ്റപ്പണിക്കുള്ള കരാറില്ലാത്തതാണ് കാരണം.
2016-ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് നികുതിയടക്കം 99.35 ലക്ഷം രൂപ വീതം നല്കി സ്വീഡിഷ് നിര്‍മിതമായ 18 സ്കാനിയ മള്‍ട്ടി ആക്സില്‍ എ.സി. ബസുകള്‍ കോര്പ്പറേഷന് വാങ്ങിയത്. എന്ജിന് തകരാറിലായതോടെ നന്നാക്കാന്‍ ബെംഗളൂരുവില്‍ പോയി കമ്പനി പറയുന്ന തുക നല്‍കേണ്ട സ്ഥിതിയിലാണിപ്പോള്‍.
തിരുവനന്തപുരം-ബെംഗളൂരു, കൊല്ലൂര്‍-തിരുവനന്തപുരം റൂട്ടുകളിലോടിയിരുന്ന ബസുകളില്‍ ഒന്ന് പയ്യന്നൂര്‍ ഡിപ്പോയിലാണിപ്പോള്‍. മറ്റൊന്ന് എടപ്പാളിലും. കഴിഞ്ഞ ഡിസംബറിലാണ് എടപ്പാളില്‍ കിടക്കുന്ന ബസ് കേടായത്. തേവരയില്‍ അപകടത്തില്‍പ്പെട്ട ബസ് പുറത്തിറക്കാനായി എടപ്പാളിലെ ബസിന്റെ ചില പാര്‍ട്സുകള്‍ അഴിച്ചുകൊണ്ടുപോയതോടെ ഇതിന്റെ കാര്യം കട്ടപ്പുകയായി.
രണ്ട് ബസിന്റെയും എന്ജിന് അഴിച്ചെടുത്ത് ബെംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും ഇനിയും തിരിച്ചെത്തിച്ചിട്ടില്ല. എന്‍ജിനുകള്‍ ശരിയാക്കി കൊണ്ടുവരുമ്പോഴേക്കും ബസിന്റെ ബാക്കി ഭാഗങ്ങളും ബോഡിയുമെല്ലാം തുരുമ്പെടുത്തു നശിക്കും. ഉന്നതഗുണമേന്മ അവകാശപ്പെടുന്ന മള്‍ട്ടി ആക്സില്‍ ബസുകള്‍ എട്ടു വര്‍ഷത്തിനകം തകരാറിലായതില്തന്നെ ദുരൂഹത ആരോപിക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ട് ഓടാതെ കിടക്കുന്ന വേറെയും സ്കാനിയ ബസുകളുണ്ട്.
Content Highlights: ksrtc scania bus stop service due to mechanical complaint and parked at Edappal depot