ബസ് കിട്ടാനില്ലെന്ന് മന്ത്രി; KSRTC വാടകബസ് സാധ്യത മങ്ങുന്നു, തടസം വ്യവസ്ഥകൾ

തിരുവനന്തപുരം: ശബരിമല സ്പെഷ്യൽ സർവീസുകൾക്ക് 700 വാടകബസുകൾ തേടി കെ.എസ്.ആർ.ടി.സി. വിളിച്ച ടെൻഡറിന് കാര്യമായ പ്രതികരണമില്ല. വ്യവസ്ഥകളിലെ പോരായ്മയാണ് കാരണം. മണ്ഡല-മകരവിളക്ക് കാലത്തേക്ക് നവംബർ 10 മുതൽ 2027 ജനുവരി 20 വരെ ബസുകൾ വാടകയ്ക്ക് എടുക്കാനായിരുന്നു നീക്കം. ഒരുവർഷത്തേക്ക് കരാർ നീട്ടിയേക്കാമെന്ന വ്യവസ്ഥ ഉണ്ടെങ്കിലും കുറഞ്ഞ കാലയളവിലേക്ക് ബസ് നൽകുക പ്രായോഗികമല്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ പറയുന്നത്.
സംസ്ഥാനത്തെ റൂട്ട് ബസുകൾ, കോൺട്രാക്ട് കാര്യേജുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് ടെൻഡർ വിളിച്ചത്. ആവശ്യത്തിന് ബസ് കിട്ടാനില്ലെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു.
സംസ്ഥാനത്തിനുള്ളിലും അന്തഃസംസ്ഥാന പാതകളിലും ഓടുന്ന ആഡംബര ബസുകളിലും കെ.എസ്.ആർ.ടി.സി. കണ്ണുവെച്ചിരുന്നു. നിയമവിരുദ്ധമാണെങ്കിലും നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ സമാന്തര സർവീസാണ് അവർക്ക് ലാഭകരം. ഓഫ് സീസൺ പ്രതിസന്ധി മറികടക്കാൻ പാകത്തിൽ രണ്ടുവർഷത്തേയ്‌ക്കെങ്കിലും കരാർ നൽകാൻ സന്നദ്ധമായാലേ വാടകയ്ക്ക് ബസ് നൽകാനാകൂവെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. പുതിയ ബസുകൾ എടുത്തുനൽകാൻ താത്പര്യമുള്ളവരും കുറഞ്ഞത് മൂന്നുവർഷത്തെ കരാറാണ് ആവശ്യപ്പെടുന്നത്.
സംസ്ഥാനത്തെ സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ കൂട്ടായ്മ ബസ് നൽകാൻ സന്നദ്ധമാണെങ്കിലും കുറഞ്ഞ കാലയളവിലെ കരാറാണ് അവരെയും പിന്തിരിപ്പിക്കുന്നത്. കിലോമീറ്ററിന് 55 രൂപയ്ക്ക് ബസ് നൽകാൻ കോട്ടയം മേഖലയിലെ സ്വകാര്യബസുകാരുടെ കൂട്ടായ്മ സന്നദ്ധത അറിയിച്ചിരുന്നു. ഇന്ധനച്ചെലവും ഡ്രൈവറുടെ ശമ്പളവും ഉൾപ്പെടെയുള്ള ചെലവുകൾ കരാറുകാർ വഹിക്കുന്ന വെറ്റ്ലീസ് വ്യവസ്ഥയാണ് അവരും മുന്നോട്ടുവെച്ചിട്ടുള്ളത്.
Content Highlights: KSRTC tender for 700 buses for the 2026-27 Sabarimala season received poor response., Private operators reject the short-term contract, demanding at least 2-3 years., Operators propose a wet-lease model at Rs 55 per kilometer., Minister CP John acknowledged the scarcity of buses for the upcoming pilgrimage season.