ഓണനേട്ടവുമായി കെ.എസ്.ആർ.ടി.സി; ചതയദിനത്തിൽ വരുമാനം എട്ടുകോടി

തിരുവനന്തപുരം: ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച നേട്ടം. ചതയദിനമായ വെള്ളിയാഴ്ച എട്ടുകോടി രൂപയാണ് വരുമാനം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ യാത്രക്കാരിലും വർധനയുണ്ട്.
ഉത്രാടത്തിന് 21.45 ലക്ഷമായിരുന്നു യാത്രക്കാർ. 9.34 ലക്ഷം സ്ത്രീകൾ പ്രിയദർശിനി ആനുകൂല്യം ഉപയോഗപ്പെടുത്തി. 7.88 കോടി വരുമാനം നേടിയപ്പോൾ 2.04 കോടി പ്രിയദർശിനി ഫ്രീ ടിക്കറ്റുകളാണ്. കഴിഞ്ഞ ഉത്രാടത്തിന് 19.31 ലക്ഷം യാത്രക്കാരും 7.57 കോടി രൂപയുമായിരുന്നു വരുമാനം. തിരുവോണ ദിനത്തിൽ 2,597 ബസുകൾ സർവീസ് നടത്തി. 12.95 ലക്ഷം യാത്രക്കാരാണുണ്ടായിരുന്നത്.
അവിട്ടം ദിനമായ വ്യാഴാഴ്ച 3,490 ബസുകൾ സർവീസ് നടത്തി. 19.91 ലക്ഷം പേർ യാത്ര ചെയ്തു. മുൻവർഷം ഇത് 17.81 ലക്ഷമായിരുന്നു. തിരക്ക് കൂടുതലുള്ള ദിവസങ്ങൾ മുൻകൂട്ടി വിലയിരുത്തി അധിക സർവീസുകൾ ക്രമീകരിച്ചതും യാത്രക്കാരുടെ സൗകര്യാർഥം ഫലപ്രദമായ സർവീസ് പ്ലാനിങ് നടപ്പാക്കിയതുമാണ് നേട്ടത്തിന് കാരണമായത്.
Content Highlights: KSRTC generated 8 crore rupees in revenue on Chatayadinam during Onam., Uthradam day saw 21.45 lakh passengers and 7.88 crore revenue., Priyadarsini scheme benefited 9.34 lakh women passengers on Uthradam., Effective service planning and additional bus deployments drove the success.