KSRTC-യുടെ മേൽവിലാസം സ്വീകരിച്ച് പ്രൈവറ്റ് ടൂറിസ്റ്റ് ബസുകൾ; ആഡംബര ബസുകൾ വാടകയ്ക്ക് എടുത്തുതുടങ്ങി

#Auto Desk
കെഎസ്ആര്‍ടിസിക്ക് വേണ്ടി സര്‍വീസ് നടത്തുന്നതിനായി ഒരുങ്ങുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ | Photo: Anuraj VS/Facebook KSRTC
കെഎസ്ആര്‍ടിസിക്ക് വേണ്ടി സര്‍വീസ് നടത്തുന്നതിനായി ഒരുങ്ങുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ | Photo: Anuraj VS/Facebook KSRTC

ഉത്സവകാലത്തെ തിരക്ക് പരിഹരിക്കാൻ കെഎസ്ആർടിസി, പ്രൈവറ്റ് ടൂറിസ്റ്റ് ബസുകൾ വാടകയ്ക്ക് എടുക്കുന്ന നടപടികൾ ആരംഭിച്ചു. ഇതിനായി തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏതാനും ടൂറിസ്റ്റ് ബസുകളാണ് പ്രാഥമിക ഘട്ടമായി വാടകയ്ക്ക് എടുത്തിരിക്കുന്നത്. തൃശ്ശൂരിലെ മുൻനിര സ്വകാര്യ ടൂറിസ്റ്റ് ബസ് കമ്പനികളായ ജീസസ് ട്രാവൽസ്, ഐ.സി. തുടങ്ങിയ കമ്പനികളിൽ നിന്നായി അഞ്ചോളം ബസുകൾ വാടകയ്ക്ക്‌ എടുത്തതായാണ് റിപ്പോർട്ട്.

ഡ്രൈവർ സഹിതമാണ് ബസുകൾ വാടകയ്ക്ക് എടുക്കുന്നത്. കിലോമീറ്റർ അടിസ്ഥാനത്തിലാണ് ബസ് നൽകുന്നവർക്ക് പ്രതിഫലം നൽകുകയെന്നാണ് വിവരം. കണ്ടക്ടറെ കെ.എസ്.ആർ.ടി.സിയാണ് നിയോഗിക്കുന്നത്. യാത്രക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ നീക്കമാണ്. ബെംഗളൂരു പാതയിലാണ് കൂടുതൽ ബസുകൾ വേണ്ടത്. ആവശ്യത്തിന് ബസുകൾ ഇല്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി പ്രതിസന്ധി നേരിടുന്ന ഘട്ടമാണിത്.

കെ.എസ്.ആർ.ടി.സി ബസില്ലെങ്കിൽ സ്വകാര്യബസുകാർ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുന്നതാണ് പതിവ്. 63 ആഡംബര ബസുകളാണ് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടത്. ഇതിൽ 42 എണ്ണം സ്ലീപ്പർ, സെമി സ്ലീപ്പർ വിഭാഗത്തിൽപെട്ടവയാണ്. 17 നാണ് ടെൻഡർ തുറന്നത്. ഇതിൽ പകുതി ബസുകളെങ്കിലും കിട്ടും. ശബരിമല സ്പെഷ്യൽ സർവീസുകൾക്ക് 600 ബസുകൾ കൂടി വാടകയ്ക്ക് എടുക്കാൻ ടെൻഡർ വിളിച്ചിട്ടുണ്ട്.

ഉത്സവകാലത്തെ തിരക്ക് പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി. എ.സി.ബസുകൾ വാടകയ്ക്കെടുക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ ഗതാഗത വകുപ്പ് അറിയിച്ചിരുന്നു. ആറുമാസത്തേക്ക് 63 ബസുകളാണ് വാടകയ്ക്ക് എടുക്കുകയെന്നും, ഓണം, ശബരിമല തീർഥാടനം, ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം തുടങ്ങിയസമയങ്ങളിൽ യാത്രക്കാരുടെ തിരക്കനുസരിച്ചുമാത്രം വാടകബസുകൾ ഓടിക്കുമെന്നുമായിരുന്നു അറിയിപ്പ്.

40, 50 സീറ്റുകളുള്ള ബസുകൾ, 27 സീറ്റുകളും 15 ബെർത്തുകളുമുള്ള ബസുകൾ എന്നിവയാണ് വാടകയ്ക്ക് എടുക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ബസുകളിൽ കെ.എസ്.ആർ.ടി.സി.യുടെ ലോഗോയും യാത്രക്കാർക്കുള്ള അറിയിപ്പുകളും പതിക്കും. നിയമാനുസൃതരേഖകളെല്ലാമുള്ള, അഞ്ചുവർഷത്തിൽതാഴെ പഴക്കമുള്ള ബസുകളാണ് വാടകയ്ക്കെടുക്കുക. അപകടങ്ങളിൽപ്പെട്ടോ അല്ലാതെയോ ഉള്ള ബസിന്റെ എല്ലാ അറ്റകുറ്റപ്പണികളും ബസുടമകൾതന്നെ നിർവഹിക്കണമെന്നായിരുന്നു നിബന്ധന.

Content Highlights: KSRTC has started hiring private tourist buses to handle festival season crowds., Buses from Thrissur-based operators like Jesus Travels and IC have been taken on a per-kilometer basis with drivers., A total of 63 luxury buses and 600 additional buses for Sabarimala special services have been tendered., Only buses under 5 years old with valid documents are being selected, featuring KSRTC logos.