പുകപരിശോധന ക്രമക്കേട്; സ്വകാര്യ വ്യക്തി ചെയ്താൽ ക്രിമിനൽ കേസ്, KSRTC ചെയ്തപ്പോൾ വെളുപ്പിക്കൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിന് വ്യാജ പുകപരിശോധനാ സർട്ടിഫിക്കറ്റ് തയാറാക്കിയ സംഭവത്തിൽ ഇടത് സംഘടനാ പ്രവർത്തകൻ ഉൾപ്പെടെയുള്ള ജീവനക്കാരെ രക്ഷിക്കാൻ മാനേജ്മെന്റ് ഒളിപ്പിക്കുന്നത് ക്രിമിനൽ കുറ്റം. പരിശോധിക്കേണ്ട ബസിന് പകരം മറ്റൊന്ന് ഹാജരാക്കി കേന്ദ്രസർക്കാർ സോഫ്റ്റ്വേറിൽ ക്രമക്കേട് കാണിച്ചാണ് വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയത്.
ഇത്തരം ക്രമക്കേടുകൾ തടയാൻ അടുത്തിടെ കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം സോഫ്റ്റ്‌വെയർ സുരക്ഷ വർധിപ്പിക്കുകയും നിരീക്ഷണം കർശനമാക്കാൻ മോട്ടോർവാഹനവകുപ്പിന് കർശന നിർദേശം നൽകുകയും ചെയ്തിരുന്നു. വ്യാജ സോഫ്റ്റ്‌വെയർ ഉൾപ്പെടെ ക്രമക്കേട് കണ്ടെത്തിയ സ്വകാര്യ പൊല്യൂഷൻ ടെസ്റ്റിങ് സെറ്റർ നടത്തിപ്പുകാർക്കെതിരെ ക്രിമിനൽ കേസ് എടുത്തിരുന്നു.
കെഎസ്ആർടിസിയിലും സമാനമായ കുറ്റമാണ് നടന്നിട്ടുള്ളതെങ്കിലും രണ്ട് താത്കാലിക ജീവനക്കാരെ ഒഴിവാക്കി തടിയൂരാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. കുറ്റക്കാർക്കെതിരെ നടപടി എടുത്തുവെന്ന് അവകാശപ്പെട്ടുകൊണ്ട് മാനേജ്മെൻ് ഇറക്കിയ പത്രക്കുറിച്ചിൽ ആർക്കെതിരെയാണ് അച്ചടക്ക നടപടി എടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല.
ഡിപ്പോ എഞ്ചിനിയർ അറിയാതെ മറ്റൊരു ബസ് പുകപരിശോധനയ്ക്ക് ഹാജരാക്കാൻ കഴിയില്ല. പരിശോധനാകേന്ദ്രത്തിന്റെ ചുമതലയുള്ള ഇൻസ്പെക്ടറാണ് ബസ് എത്തിച്ചതെന്നും വ്യാജ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചതെന്നും താത്കാലിക ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു.
ഇടത് സംഘടനാ പ്രവർത്തകനായ ഇൻസ്പെക്ടറെ സമീപ ഡിപ്പോയായ തമ്പാനൂരിലേക്ക് മാറ്റി മറ്റൊരു ചുമതല നൽകിയതാണ് വകുപ്പുതല ശിക്ഷാ നടപടി. മന്ത്രി ഓഫീസ് ഇടപെട്ടാണ് അച്ചടക്ക നടപടി അട്ടിമറിച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
വ്യാജ പുകപരിശോധനാ സർട്ടിഫിക്കറ്റ് തയാറാക്കാൻ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരാണ് മുൻകൈയെടുത്തത്. സോഫ്റ്റ്വേറിലെ എന്ത് ന്യൂനതയാണ് ഇവർ മുതലെടുത്തതെന്ന് കണ്ടെത്തേണ്ടതുണ്ട്. അതിന് മോട്ടോർ വാഹനവകുപ്പും തുനിഞ്ഞിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ പുകപരിശോധനാകേന്ദ്രത്തി്ന്റെ പ്രവർത്തനം നിർത്തിയിട്ടുണ്ട്. ഇതുവഴിയുള്ള വരുമാന നഷ്ടവും കെഎസ്ആർടിസിക്കുണ്ട്. ജീവനക്കാരുടെ പിഴവിൽ കോർപറേഷന് ധന നഷ്ടം ഉണ്ടായാൽ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന വ്യവസ്ഥയും കെഎസ്ആർടിസി മാനേജ്മെന്റ് ലംഘിച്ചിട്ടുണ്ട്. വിശദ അന്വേഷണം നടത്തുമെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. എന്നാൽ ഉത്തരവ് ഇറങ്ങിയിട്ടില്ല.
Content Highlights: KSRTC accused of faking emission certificates. Private entities face criminal charges, but KSRTC management allegedly trying to cover up with minor actions. Uncover the truth!