എട്ട് വർഷമായി വളയം പിടിക്കുന്ന ബസ്; പിരിയുമ്പോൾ KSRTC ബസിന് വലംവെച്ച് ചുംബനംനൽകി ഡ്രൈവർ | Video

കുമളി: 'പിരിയുന്നു നമ്മൾ, വിരഹമെന്നാലുമീ-പരിപാവനസ്‌നേഹം മരിക്കുമോ'. വർഷങ്ങളോളം ഓടിച്ചിരുന്ന കെ.എസ്.ആർ.ടി.സി. ബസിനോടും സർവീസ് കാലത്തോടും വിട പറഞ്ഞിറങ്ങുമ്പോൾ പോൾ കുര്യന്റെ മനസ്സിൽ ഒരുപക്ഷേ ചങ്ങമ്പുഴ കവിതയിലെ ഈ നാലുവരികൾ തെളിഞ്ഞിട്ടുണ്ടാകാം.
പടിയിറങ്ങും മുൻപ് ബസിനെ വലംവെച്ച്, അതിനെ ചുംബിച്ച് പോൾ നടന്നകലുന്നത് കണ്ടവരും കണ്ണീരണിഞ്ഞു. മനുഷ്യർ തമ്മിൽ പിരിയുന്നതിലും വൈകാരികമായിരുന്നു ആ വിടപറയൽ.
കുമളി ഡിപ്പോയിലെ ഡ്രൈവറായ പോൾ കുര്യന്റെ അവസാനഡ്യൂട്ടി ചൊവ്വാഴ്ച കുമളി-കമ്പം റൂട്ടിലോടുന്ന ഓർഡിനറി ബസിലായിരുന്നു. എട്ട് വർഷമായി ഇതേ ബസിന്റെ വളയം പിടിക്കുന്നത് ഇദ്ദേഹമാണ്.
ഡ്യൂട്ടിക്കുശേഷം പോൾ തന്റെ പ്രിയപ്പെട്ട ബസിനെ വലംവെച്ചു .മുൻഭാഗത്തെത്തി തൊഴുത് ചുംബിച്ചു. ഏറെനേരം മുകളിലേക്ക് സ്‌നേഹത്തോടെ നോക്കിനിന്നു. കണ്ണുകൾ ഈറനണിഞ്ഞു. പിന്നെ തിരിഞ്ഞുനോക്കാതെ നടന്നകന്നു.
കർണാടകയിൽ സ്വകാര്യ ബസ് ഡ്രൈവറായി ജീവിതം തുടങ്ങിയ കുമളി സ്വദേശിയായ പോൾ പിന്നീട് കെ.എസ്.ആർ.ടി.സിയിൽ എത്തുകയായിരുന്നു. 18 വർഷത്തെ സർവീസ് കാലയളവിൽ ഒരു അപകടവും വന്നിട്ടില്ല. കൃത്യനിഷ്ഠയും സൗമ്യമായ പെരുമാറ്റവുംകൊണ്ട് ഒപ്പമുള്ളവരുടെയെല്ലാം പ്രിയങ്കരനുമായി. ഭാര്യ: സൂസമ്മ. മക്കൾ: അന്ന, എബിൻ.
Content Highlights: KSRTC driver Paul Kurian completed 18 years of accident-free service., He bid an emotional farewell to his regular Kumily-Kambam ordinary bus on his last working day., Paul started his career as a private bus driver in Karnataka before joining KSRTC., Known for his punctuality and polite behavior among colleagues and passengers.