ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്- യുവസംവിധായകയുടെ കുറിപ്പ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: നഗരത്തിൽ രാത്രി ഓട്ടോയിൽ യാത്രചെയ്തപ്പോൾ, കേരളത്തിലെ ഏറ്റവുംനല്ല ഓട്ടോക്കാരെന്ന് പേരുകേട്ട കോഴിക്കോട്ടെ ഒരു ഓട്ടോക്കാരനിൽനിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവസംവിധായക. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ശ്രദ്ധയിലേക്ക് എന്ന് കുറിച്ചുകൊണ്ടാണ് യുവസംവിധായക കുഞ്ഞില മാസിലാമണി ഫെയ്‌സ്ബുക്കിൽ വീഡിയോകൾ സഹിതം തുറന്നകത്ത്‌ എഴുതിയിരിക്കുന്നത്.

‘നീ നാറ്റിക്കെടീ, അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ.’ അൽപ്പംമുൻപ്‌ ഒരു സ്ത്രീയോട് ഒരു ഓട്ടോഡ്രൈവർ പറഞ്ഞിട്ടുപോയതാണ് വീഡിയോയിൽ -എന്ന് തുടങ്ങുന്നു കുറിപ്പ്. ‘രാത്രി 10.30-ന് കോഴിക്കോട് കെഎസ്ആർടിസിക്ക് എതിർവശമുള്ള ഹോട്ടലിന്‌ മുന്നിൽനിന്നും പിടിച്ച ഓട്ടോയാണ് കാണുന്നത്. മീറ്റർ ഇടില്ലെന്നും ഇട്ടാൽത്തന്നെ അതിന്റെ ഇരട്ടിവാങ്ങുന്നതാണ് പതിവെന്ന്‌ അറിയാവുന്നതുകൊണ്ടും കയറുന്നതിനുമുമ്പ് എത്രയാവുമെന്ന് ചോദിച്ചു. 120 എന്നാണ് പറഞ്ഞത്. വീടെത്തിയപ്പോൾ പൈസ കൊടുക്കാൻ ഗൂഗിൾപേ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നുപറഞ്ഞു. ഇരുട്ടാണ്. പഴ്സിന്റെ ഉള്ളിൽ കാണാനായി ഫോണിലെ ടോർച്ച് അടിച്ച്, പിടിച്ചുതരാനായി ഫോണിന്റെ ഒരറ്റം ഡ്രൈവറുടെ കൈയിൽ കൊടുത്തു. 120 രൂപ കൊടുത്തതും നൂറ്റി അറുപതാണെന്നുപറഞ്ഞ് ഇയാൾ എന്റെ ഫോണിൽ പിടിമുറുക്കി. വലിച്ചിട്ടും ഫോൺ തന്നില്ല. വളരെ ശക്തിയുപയോഗിച്ച് വലിച്ചപ്പോഴാണ് ഫോൺ തിരിച്ച് കൈയിൽ കിട്ടിയത്. അപ്പോഴേക്കും ഇയാൾ ശബ്ദമുയർത്തി സംസാരിക്കാൻ തുടങ്ങി.

ഞാൻ അങ്ങോട്ട് കയറിവരും കേട്ടോ എന്ന് പറഞ്ഞു. ഞാൻ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീയാണ്. ഈ ഭീഷണി കേട്ടതും ഞാൻ വണ്ടിയുടെ നമ്പർപ്ലേറ്റിന്റെ ഫോട്ടോയെടുത്തു. ഉടനെ ഫോട്ടോയെടുക്കാൻ പാടില്ലെന്ന് പറഞ്ഞായി ബഹളം. ഭയന്നാണ് ഞാൻ വീട്ടിലേക്കുകയറിയത്. അയാൾ ഗേറ്റ് തുറന്ന് എനിക്കുപുറകെ വന്നു. എനിക്ക് വീടുതുറക്കാൻ പേടിയായി. അയാൾ, വാതിൽ തള്ളിത്തുറന്നുവരില്ലെന്ന് എന്ത് ഉറപ്പ്? ഞാൻ കൊടുത്ത 120 രൂപ അയാൾ തറയിൽ വലിച്ചെറിഞ്ഞു. ഭീഷണികൾ ഉച്ചത്തിലായി. ഭാഷ വഷളായി. എന്താ നിന്റെ വിചാരം? പൈസതരാതെ പോവാമെന്നാണോ? കോഴിക്കോട്ടെ ഓട്ടോക്കാരെപ്പറ്റി എന്തറിയാം? കോഴിക്കോടായതുകൊണ്ടാണ് ഇത്രേം മര്യാദ -എന്നെല്ലാമാണ് അലറുന്നത് (ദൈവത്തിനു സ്തുതി!). അയാൾ പോവില്ലെന്നായപ്പോൾ ഞാൻ പോലീസിനെ വിളിച്ചു. അതിനുശേഷം മറ്റൊരുവണ്ടിക്ക് സൈഡ് കൊടുക്കാൻപോയ അയാൾ അതുവഴി വണ്ടിയെടുത്ത് പോകുമ്പോഴായിരുന്നു ആദ്യം പറഞ്ഞ മറുപടി.’

ദയവുചെയ്ത് ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മ പ്രസിദ്ധമാണെന്നും പറയരുത്. പൊതുകാഴ്ചപ്പാട് എന്തുതന്നെയായാലും ഇവിടത്തെ യാഥാർഥ്യം ഇതാണ്. പരക്കെ നിയമലംഘനം നടക്കുന്നിടത്ത് ചിലർ സൗമ്യരായി പെരുമാറുന്നുണ്ടെങ്കിൽ അത് നന്മയല്ല, യഥാർഥ അവസ്ഥയ്ക്ക് ഒരപവാദം മാത്രമാണെന്നും കുഞ്ഞില കുറിക്കുന്നു.

‘ഒട്ടേറെത്തവണ മോട്ടോർവാഹനവകുപ്പിന് ഇതിന് മൂലകാരണമായ അവസ്ഥയെക്കുറിച്ച് ഞാൻ പരാതിപ്പെട്ടിട്ടുള്ളതാണ്. ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇരുട്ടുവീണാൽ ഉടനെ (പത്തുമണിക്കുശേഷമല്ല) കോഴിക്കോട് നഗരത്തിൽ മിക്ക ഓട്ടോക്കാരും മീറ്ററും ഇരട്ടിയുമാണ് വാങ്ങുന്നത്. ഇത് കോഴിക്കോട് മാത്രമുള്ള സ്ഥിതിവിശേഷമല്ല. നിയമവിരുദ്ധമായ ഈ പ്രവൃത്തി നിയമമാണ് എന്നമട്ടിലാണ് ചോദ്യംചെയ്താൽ ഓട്ടോക്കാർ സംസാരിക്കുന്നത്. പിന്നെ ഒച്ചയെടുക്കലായി, തെറിവിളിയായി, ഭീഷണിയായി. പോലീസിൽ പരാതികൾ രണ്ടുപ്രാവശ്യമെങ്കിലും കൊടുത്തിട്ടുണ്ട്. മോട്ടോർവാഹനവകുപ്പിന് അയച്ച പരാതിയിന്മേൽ നടപടിയില്ലാതെയിരുന്നപ്പോഴാണ് ഇത്.

എല്ലാ തവണയും പോലീസ് സ്റ്റേഷൻ കയറിയിറങ്ങാൻ എനിക്ക്‌ ഊർജമില്ല. മീറ്ററിട്ട് ഓട്ടോ ഓടിക്കാനുള്ള കർശന നിർദേശം ഓട്ടോകൾക്ക് ഉണ്ടാവണം. ഇത് കർശനമായി നടപ്പാക്കണം. അല്ലെങ്കിൽ കടലാസിൽ നിയമം മാറ്റണം. അന്യായകൂലി വാങ്ങിയാൽ ഉടനെ റിപ്പോർട്ട് ചെയ്യാനുള്ള 24 മണിക്കൂർ ഹെൽപ്പ്‌ലൈൻ എംവിഡിക്ക്‌ വേണം. നിലവിലുള്ളത് പ്രവർത്തനരഹിതമാണ്. മിനിറ്റുകൾക്കുള്ളിൽ സ്‌ക്വാഡ് എത്തുകയും നടപടിയുണ്ടാവുകയും ചെയ്യുന്ന സംവിധാനം നിലവിൽവരുത്തണമെന്ന് പറഞ്ഞുകൊണ്ടും പറ്റുകയാണെങ്കിൽ, ഇയാൾക്കെതിരേ മാതൃകാപരമായ നടപടിയെടുക്കണമെന്ന്’ ആവശ്യപ്പെട്ടുകൊണ്ടുമാണ് കുറിപ്പ് അവസാനിക്കുന്നത്.

കേരളത്തിലെ ഏറ്റവുംനല്ല ഓട്ടോക്കാരെന്ന് പേരുകേട്ട കോഴിക്കോട്ടെ ഒരു ഓട്ടോക്കാരനിൽനിന്ന്ഉണ്ടായ ദുരനുഭവം യുവസംവിധായക കുഞ്ഞില മാസിലാമണി പങ്കുവെക്കുന്നു

Content Highlights: Kozhikode Auto Driver's Harassment: Filmmaker's Plea for Stricter Regulations