റോഡിന് നിയമങ്ങളുണ്ട്, നടപ്പാക്കാൻ പോലീസും എംവിഡിയും; നിയന്ത്രിക്കാനാവാത്തത് ‘കുട്ടി ഡ്രൈവിങ്ങും’ മരണപ്പാച്ചിലും

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊടുവള്ളി: റോഡിൽ നിയമങ്ങളുണ്ട്, നിയമം നടപ്പാക്കാൻ പോലീസും മോട്ടോർ വാഹനവകുപ്പുമുണ്ട്. എന്നിട്ടും പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ലൈസൻസില്ലാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് പതിവാകുന്നു. അതിവേഗത്തിലും അപകടകരമായ രീതിയിലും വാഹനമോടിക്കുന്ന കൗമാരക്കാർ സ്വന്തം ജീവൻ മാത്രമല്ല, നിരപരാധികളായ മറ്റു യാത്രക്കാരുടെയും ജീവനാണ് അപകടത്തിലാക്കുന്നത്.

കൊടുവള്ളിയിലെയും സമീപ പഞ്ചായത്തുകളിലെയും സ്‌കൂളുകളിലെ ഒൻപത്, പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഇരുചക്രവാഹനങ്ങളും കാറുകളുമായി നിരത്തിലിറങ്ങുന്ന കാഴ്ചകൾ പതിവായിരിക്കുകയാണ്. അതിവേഗത്തിൽ ഒരു ഇരുചക്രവാഹനത്തിൽ മൂന്നും നാലും വിദ്യാർഥികളാണ് യാത്രചെയ്യുന്നത്. വാഹനം ഓടിക്കുന്നവർ പോലും ഹെൽമെറ്റ് ധരിക്കുന്നില്ല.

കൂട്ടുകാരെ കാറിൽ കയറ്റി അതിവേഗതയിലും ഡോർ വിൻഡോയിലൂടെയും പനോരമിക് സൺറൂഫിലൂടെയും ദേഹം പുറത്തേക്കിട്ട് അപകടകരമായ രീതിയിലും വാഹനമോടിക്കുന്നവരുമുണ്ട്. നിയന്ത്രണംവിട്ട വാഹനം ഇടിച്ചുകയറുമ്പോൾ ജീവൻ നഷ്ടപ്പെടുന്നതും ഗുരുതരമായി പരിക്കേൽക്കുന്നതും പലപ്പോഴും തെറ്റൊന്നും ചെയ്യാത്തവർക്കാണ്.

കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്‌കൂൾ, എൻ.ഐ.ടി., മുക്കം മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ ബൈക്ക് യാത്രകൾ മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടഭീഷണിയായിരിക്കുകയാണ്. രാവിലെ സ്‌കൂളുകളിലെത്താനും വൈകീട്ട് വീടുകളിലേക്ക് മടങ്ങാനുമുള്ള ഓട്ടത്തിലാണ് പലരും അപകടത്തിൽപ്പെടുന്നത്.

ബുധനാഴ്ച പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്തുനിന്ന് വിദ്യാർഥികൾ സ്‌കൂളിലെത്തിയ 24 ബൈക്കുകൾ ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടുവർഷം മുൻപ് കൊടുവള്ളി പെട്രോൾ പമ്പിന് സമീപം ദേശീയപാതയിൽ വിദ്യാർഥികൾ ഓടിച്ച ബൈക്ക് പോലീസുകാരനെ ഇടിച്ച സംഭവവുമുണ്ടായി. പലപ്പോഴും പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുന്ന രീതിയിൽതന്നെ നിയമലംഘനങ്ങൾ നടക്കുമ്പോഴും ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

പോലീസ് പിന്തുടരുമ്പോൾ അതിവേഗതയിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വിദ്യാർഥികൾ അപകടത്തിൽപ്പെടുമെന്ന ഭയം പോലീസിനെ പലപ്പോഴും പിന്തിരിപ്പിക്കുന്നു. നിയമംലംഘിച്ച് വാഹനമോടിക്കുന്ന വിദ്യാർഥികളെ പിടികൂടിയാൽ ഉടൻതന്നെ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കൾ പോലീസിൽ സമ്മർദ്ദം ചെലുത്തി ചെറിയ തുക പിഴയടപ്പിച്ച് രക്ഷപ്പെടുത്തുന്നത് നിയമലംഘകർക്ക് വീണ്ടും നിയമലംഘനം നടത്താൻ പ്രചോദനമാകുന്നു. ലൈസൻസില്ലാത്തവർ വാഹനമോടിക്കുന്നത് കണ്ടെത്താൻ സ്‌കൂൾ പരിസരങ്ങളിലും വിദ്യാർഥികൾ കൂടുതലായി സഞ്ചരിക്കുന്ന റോഡുകളിലും പരിശോധന ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Content Highlights: Underage and unlicensed students frequently drive bikes and cars in Koduvally and surrounding areas., Dangerous driving habits include speeding, triple riding, not wearing helmets, and hanging out of car sunroofs., Police recently seized 24 bikes from students near Poonoor school, highlighting growing safety threats., Political pressure and interference often lead to minor fines instead of strict action, encouraging repeat offenses., Calls for stricter checks and monitoring by police and motor vehicle departments around schools are growing.