ബീക്കൺലൈറ്റ് മുതൽ സ്പീക്കർവരെ; പോലീസ് പട്രോളിങ്ങിന് ഇറങ്ങാൻ അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

കൊച്ചി: നഗരത്തിലെ പോലീസ് പട്രോളിങ് കൂടുതൽ ഊർജിതമാക്കുന്നതിനും പരിസ്ഥിതി സൗഹൃദമാക്കുന്നതിനുമായി കൊച്ചി സിറ്റി പോലീസിന് അഞ്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ലഭിച്ചു. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഇന്റർനാഷണലുമായി സഹകരിച്ച് ന്യൂമെറോസ് മോട്ടോഴ്സ് ആണ് ഈ വാഹനങ്ങൾ പോലീസിന് കൈമാറിയത്.
ശനിയാഴ്ച പാലാരിവട്ടത്തുനടന്ന ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാർ വാഹനങ്ങൾ ഏറ്റുവാങ്ങി. ന്യൂമെറോസിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലായ 'ഡിപ്ലോസ്' (Diplos) ഇലക്ട്രിക് സ്‌കൂട്ടറുകളാണ് സേനയുടെ ഭാഗമായത്.
പബ്ലിക് അഡ്രസ് സിസ്റ്റം, വാക്കി-ടോക്കി ഹോൾഡർ, സൈറൺ, ബീക്കൺ ലൈറ്റുകൾ, ഈഗിൾ-ഐ ലൈറ്റുകൾ, യൂട്ടിലിറ്റി ബോക്‌സ്, പ്രത്യേകം രൂപകല്പന ചെയ്ത ഹെൽമെറ്റുകൾ തുടങ്ങി പോലീസ് പട്രോളിങ്ങിന് ആവശ്യമായ എല്ലാ നൂതനസംവിധാനങ്ങളും വാഹനങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
തിരക്കേറിയ നഗരവീഥികളിലൂടെ വേഗത്തിൽ സഞ്ചരിക്കാനും ജനങ്ങൾക്ക് കൃത്യസമയത്ത് സുരക്ഷ ഉറപ്പാക്കാനും ഈ വാഹനങ്ങൾ സഹായകമാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു.
ചടങ്ങിൽ ന്യൂമെറോസ് മോട്ടോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ബിജോയ് ജോർജ്, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഇന്റർനാഷണൽ പ്രസിഡന്റ് മനോജ് കുമാർ, കൊച്ചി സിറ്റി ഡി.സി.പി. വിനോദ് പിള്ള തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Kochi City Police boost patrols with 5 eco-friendly electric scooters from Numeros Motors & Rotary Club. Enhance city safety & efficiency.