ഇടിമുഴക്കമാകാന്‍ 'സൂത്രപ്പണി'; ബുള്ളറ്റിനെ തൂക്കി മോട്ടോര്‍ വാഹന വകുപ്പ്

Photo: AI generated image
Photo: AI generated image

കാക്കനാട്: ബുള്ളറ്റിന്റെ 'ഡപ് ഡപ്' ശബ്ദംകൂട്ടാന്‍ പുകക്കുഴലില്‍ സൂത്രപ്പണി ചെയ്യുന്നവര്‍ക്കെതിരേ നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊച്ചിനഗരത്തിലും പരിസരപ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ പത്തുപേരാണ് വാഹനവകുപ്പിന്റെ 'വലയില്‍' ബുള്ളറ്റുമായി വീണത്. പിഴയടച്ചശേഷം ഒരാഴ്ചയ്ക്കുള്ളില്‍ സൈലന്‍സറുകള്‍ മാറ്റി ആര്‍ടി ഓഫീസില്‍ വാഹനം ഹാജരാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി.

'മോട്ടോര്‍വാഹന നിയമത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. മലിനീകരണ നിയന്ത്രണം സംബന്ധിച്ച ഭാരത് സ്റ്റേജ്-4 (ബിഎസ്4) ചട്ടങ്ങളുടെ ലംഘനമാണ് പുകക്കുഴലിലെ മിക്ക കൂട്ടിച്ചേര്‍ക്കലുകളും. ശബ്ദംകൂട്ടാനായി പുകക്കുഴലിലെ കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ അഴിച്ചുമാറ്റുന്നത് ഗുരുതരമായ മലിനീകരണമാണുണ്ടാക്കുക.

റെഡ് റുസ്റ്റര്‍, ടൈല്‍ ഗണ്ണര്‍, വൈല്‍ഡ് ബോര്‍, ഇന്‍ഡോരി, ബാരല്‍, ഷാര്‍ക്ക്, മെഗാഫോണ്‍, ബഡാ പഞ്ചാബി തുടങ്ങിയ സൈലന്‍സറുകളാണ് യുവാക്കള്‍ ഇരുചക്രവാഹനത്തില്‍ ശബ്ദം കൂട്ടാനായി ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുക മാത്രമാണ് പലരുടെയും ആവശ്യം. എന്നാല്‍ ഇവ ശബ്ദ, വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. സാധാരണഗതിയില്‍ 92 ഡെസിബെല്‍ വരെ ശബ്ദമേ ബൈക്കുകള്‍ക്കും ബുള്ളറ്റുകള്‍ക്കും പാടുള്ളൂ. എന്നാല്‍ ഇത്തരം ബുള്ളറ്റുകളില്‍ അതിന്റെ പത്തിരട്ടി ശബ്ദം ഉണ്ടാക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
 

Content Highlights: Kochi MVD cracks down on modified bullet silencers causing noise and air pollution. 10 bikes seized,