നിർമിച്ചത് ചെന്നൈയിൽ, അറ്റകുറ്റപ്പണി ബെംഗളൂരുവിൽ, ഓടിച്ചത് ഉണ്ണിയും സതീഷും; മല്ലൂസിന്റെ സ്വന്തം വന്ദേഭാരത്

കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിൽ ലോക്കോ പൈലറ്റായ എ.എൻ. ഉണ്ണിയും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ജിബി ജോർജും | ഫോട്ടോ: മാതൃഭൂമി
കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിൽ ലോക്കോ പൈലറ്റായ എ.എൻ. ഉണ്ണിയും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ജിബി ജോർജും | ഫോട്ടോ: മാതൃഭൂമി

കൊച്ചി: എറണാകുളത്തുനിന്നുള്ള ആദ്യ വന്ദേഭാരത് എക്സ്പ്രസാണ് ശനിയാഴ്ച തുടങ്ങിയത്, ഏറെക്കാലമായി ബെംഗളൂരുവിലെ ‘മല്ലൂസ്’ അഥവാ മലയാളികളുടെ സ്വപ്നം.

70,000 പേർ കൊച്ചിയിൽനിന്ന് മാത്രമായി ജോലിയും പഠനവുമായി ബെംഗളൂരുവിലുണ്ട് എന്നാണ് കണക്ക്. ഓണവും വിഷുവും ക്രിസ്‌മസും പെരുന്നാളും ഉൾപ്പെടെയുള്ള ആഘോഷവേളകളിൽ യാത്രാദുരിതമെന്ന പരാതി ഏറെക്കാലമായുള്ളതാണ്. സ്വകാര്യബസുകൾ തോന്നുംപടിയാണ് ടിക്കറ്റ് നിരക്ക് കൂട്ടുക.

അവയ്ക്കെല്ലാം പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ തുടക്കമായാണ് എല്ലാവരും പുതിയ വന്ദേഭാരതിനെ കാണുന്നത്. ഇതോടെ ദക്ഷിണ റെയിൽവേയിൽ ആകെ 12 വന്ദേഭാരത് ട്രെയിനുകളായി.

ഓടിച്ചത് ഉണ്ണിയും സതീഷും

എറണാകുളം ജങ്ഷൻ-ബെംഗളൂരു വന്ദേഭാരതിന്റെ ആദ്യ സർവീസിൽ വണ്ടി ഓടിച്ചത് ലോക്കോ പൈലറ്റുമാരായ (എക്സ്പ്രസ്) എ.എൻ. ഉണ്ണിയും സി. സതീഷും. ഒപ്പം അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ജിബി ജോർജും. തൃപ്പൂണിത്തുറ കണ്ടനാട് സ്വദേശിയാണ് ഉണ്ണി. സതീഷ് എറണാകുളം സ്വദേശിയും. ട്രയൽ റണ്ണിനും ഇവരായിരുന്നു ഒാടിച്ചത്. രണ്ടുവർഷമായി ഇവർ കൂടുതലായി വന്ദേഭാരത് ട്രെയിനുകളാണ് ഒാടിക്കുന്നത്. ഇൗറോഡ് സ്റ്റേഷനിൽ ഇവർ ഡ്യൂട്ടികഴിഞ്ഞ് ഇറങ്ങിയപ്പോൾ പകരം വെറെ ലോക്കോ പൈലറ്റുമാർ കയറി. 300 കിലോമീറ്റർ വരെയാണ് ഒരു സർവീസിൽ ഒരു ലോക്കോ പൈലറ്റ് വണ്ടി ഓടിക്കാറുള്ളത്.

കുട്ടിക്കൂട്ടം, യുറ്റ്യൂബർമാർ

കഥകളിയും മോഹിനിയാട്ടവും ഉൾപ്പെടെയുളള കലാപരിപാടികളോടെയായിരുന്നു ഉദ്ഘാടനച്ചടങ്ങ്. കേന്ദ്രീയവിദ്യാലയ, അമൃതവിദ്യാലയ, സരസ്വതീ വിദ്യാനികേതൻ എന്നിവിടങ്ങളിലെ കുട്ടികളും അധ്യാപകർക്കൊപ്പം യാത്രയിൽ പങ്കുചേർന്നു. ചെന്നൈ, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള യുറ്റ്യൂബർമാരും വന്ദേഭാരത് വിശേഷങ്ങൾ ലോകത്തെ അറിയിക്കാൻ യാത്രയിൽ ചേർന്നു.

Content Highlights: Kochi`s first Vande Bharat Express connects Kerala to Bengaluru, ending travel woes for thousands. Discover the story behind `Mallus` own Vande Bharat!