ആര്‍.സിക്ക് പണം നല്‍കി, കാര്‍ഡാക്കാനും ഫീസ്; സ്മാര്‍ട്ട് കാര്‍ഡ് കൊള്ളയെന്ന് ആക്ഷേപം

ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കിയതിനു പിന്നാലെ ആര്‍.സി. ബുക്കും സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക്. ഈ മാസം മുതല്‍ കാര്‍ഡ് രൂപത്തിലുള്ള ആര്‍.സി. ബുക്കായിരിക്കും വിതരണം ചെയ്യുക. എന്നാല്‍ ഇതിന് 200-രൂപയും തപാല്‍ഫീസുംകൂടി നല്‍കിയാല്‍ മാത്രമേ കൈയില്‍ കിട്ടുകയുള്ളൂ. ഇത് വാഹന ഉടമകള്‍ക്കു മേലുള്ള ഇരട്ടിഭാരമാണെന്നും ഈയിനത്തില്‍ കോടികളുടെ ലാഭമാണു സര്‍ക്കാരിലേക്കു ലഭിക്കുന്നതെന്നുമാണ് ആക്ഷേപം.
ആദ്യം ആര്‍.സി.ക്കായി അപേക്ഷിക്കുമ്പോള്‍ത്തന്നെ ഇതിനുള്ള ഫീസ് വാഹന ഉടമകളില്‍നിന്ന് ഈടാക്കിയിട്ടുള്ളതാണ്. സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ വീണ്ടും ഫീസ് ഈടാക്കുന്നത് കൊള്ളയാണെന്നാണ് ആരോപണം. നല്‍കുന്നത് പി.വി.സി. കാര്‍ഡാണെന്നും സ്മാര്‍ട്ടല്ലെന്നുമുള്ള ആക്ഷേപവും ഉണ്ട്. ഡ്രൈവിങ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡിലേക്കു മാറ്റിയപ്പോഴും സമാനമായ പരാതിയും ആക്ഷേപവും ഉയര്‍ന്നിരുന്നു. വിവിധ സുരക്ഷാ ഫീച്ചറുകള്‍ഉണ്ടെന്നാണ് മോട്ടോര്‍വാഹന വകുപ്പ് അവകാശപ്പെടുന്നത്.
നിലവിലെ ആര്‍.സി. കാര്‍ഡ് രൂപത്തിലേക്ക് മാറാന്‍ 200 രൂപയും തപാല്‍ ഫീസും നല്‍കണം. സീരിയല്‍ നമ്പര്‍, യു.വി. ചിഹ്നങ്ങള്‍, ഹോളോഗ്രാം, ഗില്ലോച്ചെ പാറ്റേണ്‍, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു.ആര്‍. കോഡ് എന്നിങ്ങനെ എല്ലാവിധ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും പുതിയ ആര്‍.സി.യിലുണ്ടാകും. ആര്‍.ടി. ഓഫീസുകളില്‍ ഓണ്‍ലൈനില്‍ ലഭിക്കുന്ന വാഹനങ്ങളുടെ അപേക്ഷകള്‍ ക്ലെറിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നടപടി പൂര്‍ത്തിയാക്കി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് കൈമാറും. ഇവര്‍ പരിശോധിച്ച് ഉറപ്പുവരുത്തി പ്രിന്റെടുക്കാന്‍ വിട്ടാല്‍ മാത്രം മതി.
ആര്‍.സി ബുക്ക് സ്മാര്‍ട്ട് ആക്കുന്നതിനുള്ള സാങ്കേതികമായ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായി. നിലവില്‍ ലാമിനേറ്റഡ് രൂപത്തിലുള്ള കാര്‍ഡാണു നല്‍കുന്നത്. ഇത് അല്പം വലുപ്പമുള്ളതാണ്. പുതുതായി നല്‍കുന്നത് എ.ടി.എം. മാതൃകയിലുള്ളതാണ്. പോക്കറ്റിലോ പഴ്‌സിലോ സൂക്ഷിക്കാനും സാധിക്കും. അപേക്ഷിച്ചാല്‍ ഉടമകള്‍ക്കു തപാല്‍വഴി ആര്‍.സി. വീട്ടിലെത്തും.
സംസ്ഥാനത്തെ വാഹനരജിസ്‌ട്രേഷന്‍ രേഖകളുടെ വിതരണം ഇടനിലക്കാരുടെ കൈകടത്തലില്ലാത്ത കേന്ദ്രീകൃത സംവിധാനത്തിലേക്കു മാറുന്നുവെന്നതാണ് ഇതിന്റെ സവിശേഷതയെന്നാണ് ഒരുവിഭാഗം പറയുന്നത്. മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളിലെ ജോലിഭാരത്തിനും കുറവുവരും. ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ ഇനി മറ്റുജോലികളിലേക്കു വിന്യസിക്കാനാകുമെന്നതും പ്രത്യേകതയാണ്.
2023 ഏപ്രില്‍ 21 മുതലാണ് ഡ്രൈവിങ് ലൈസന്‍സ് അച്ചടി തേവരയിലേക്ക് മാറ്റിയത്. പ്രതിദിനം 25,000 ലൈസന്‍സുകള്‍വരെയാണ് ഇവിടെ നിന്നും അച്ചടിക്കുന്നത്. ആര്‍.ടി. ഓഫീസുകളില്‍നിന്ന് നേരിട്ടുനല്‍കിയിരുന്നപ്പോള്‍ ദിവസം പരമാവധി 5000 ലൈസന്‍സുകളാണ് നല്‍കിയിരുന്നതെന്നാണ് സൂചനകള്‍. നിലവിലുള്ള ലാമിനേറ്റഡ് ലൈസന്‍സുകള്‍ പെറ്റ് ജി കാര്‍ഡിലേക്ക് അടുത്ത മെയ് മാസം വരെ സാവകാശം അനുവദിച്ചിട്ടുണ്ട്.
Content Highlights: Kerala vehicle registration certificate changes to smart card form, Smart card RC book fees