'സ്വകാര്യബസിന് പിന്നിൽ ഉടമയുടെയും RTO-യുടെയും ഫോൺനമ്പർ പതിക്കും, ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ്'

നാഗരാജു ചക്കിലം
നാഗരാജു ചക്കിലം

മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാനും പ്രവര്‍ത്തനം കുറ്റമറ്റതാക്കാനും അഴിമതിയില്ലാതാക്കാനും ഓഫീസുകളിലെത്തി ഗതാഗത കമ്മീഷണര്‍ നാഗരാജു ചക്കിലം നേരിട്ടു പരിശോധന നടത്തിവരികയാണ്. മലപ്പുറം ജില്ലയിലെത്തിയ ഗതാഗത കമ്മിഷണര്‍ മാതൃഭൂമി ലേഖകന്‍ പ്രദീപ് പയ്യോളിയുമായി സംസാരിക്കുന്നു. 

:വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് നീണ്ട നിരയും മണിക്കൂറുകളോളമുള്ള കാത്തിരിപ്പുമില്ലാതാക്കാന്‍ പരിഷ്‌കാരനടപടിയുണ്ടോ?

= ഇനി റോഡരികില്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് നീണ്ട നിര കാണില്ല. ഓരോ ജില്ലയിലും രണ്ടുവീതം ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകള്‍ വരും. ഡ്രൈവിങ് ടെസ്റ്റിന് അക്രഡിറ്റഡ് ഡ്രൈവിങ് ടെസ്റ്റ് സെന്ററുകള്‍ തുടങ്ങും. ഒരുമാസത്തിനകം സെന്ററുകള്‍ സ്ഥാപിക്കാന്‍ അനുമതിക്കായി അപേക്ഷ ക്ഷണിക്കും. ഓരോ ജോയിന്റ് ആര്‍ടിഒ ഓഫീസുകള്‍ക്കു കീഴിലും ഓരോ സെന്ററുകള്‍ ആരംഭിക്കും.

: പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന അനധികൃതകേന്ദ്രങ്ങള്‍ പെരുകുകയും മോഷ്ടിച്ച വാഹനങ്ങള്‍ പലതും പൊളിച്ചു വില്‍ക്കുന്നത് വ്യാപകമാകുകയുമാണല്ലോ. ഇതു തടയാന്‍ എന്തെങ്കിലും മാര്‍ഗങ്ങളുണ്ടോ?

= 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌ക്രാപ്പിങ് യൂണിറ്റുകള്‍ ഉടന്‍ ആരംഭിക്കും. കേരളത്തില്‍ മൂന്നു മേഖലകളിലായിട്ടാണ് യൂണിറ്റുകള്‍ തുടങ്ങുക. ഇവിടെ പൊളിച്ച വാഹനങ്ങള്‍ക്കു പകരം പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ റോഡ് നികുതിയില്‍ 15 ശതമാനം ഇളവുനല്‍കും. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 20 ശതമാനം ഇളവുംനല്‍കും.

: ഡ്രൈവര്‍മാര്‍, ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍, മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ശാസ്ത്രീയ പരിശീലനപരിപാടികള്‍ നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിന്റെ (ഐഡിടിആര്‍) സേവനം ലഭിക്കാന്‍ ഏറെദൂരം യാത്രചെയ്യേണ്ട അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമോ?

= ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിന്റെ എക്‌സറ്റന്‍ഷന്‍ സെന്ററുകള്‍ കേരളത്തിലുടനീളം തുടങ്ങും.

: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്‌ചെയ്യാനുള്ള ആര്‍ടിഒ ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ പലതും വൈദ്യുതി ലഭിക്കാതെയും അനുമതി ലഭിക്കാതെയും കിടക്കുന്നതിന് പരിഹാരം കാണുമോ?

= ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്‌ചെയ്യാനുള്ള സ്റ്റേഷനുകള്‍ കേരളത്തില്‍ 35 എണ്ണമാണ് ആരംഭിക്കാന്‍ തീരുമാനിച്ചത്. അതില്‍ 14 എണ്ണത്തിന് സ്ഥാപിക്കാന്‍ വേണ്ട അനുമതി ലഭിച്ചിട്ടില്ല. ഒരുമാസത്തിനകം അനുമതി ലഭ്യമാകും.

: അമിതവേഗതയിലും അശ്രദ്ധയോടും കൂടി ബസുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരെ കണ്ടെത്തി നിയമത്തിനുമുന്‍പില്‍ കൊണ്ടുവരാന്‍ പുതിയ മാര്‍ഗം വല്ലതുമുണ്ടോ?

= സ്വകാര്യ ബസിന് പിറകില്‍ ബസ് ഉടമയുടെയും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും ഫോണ്‍നമ്പറുള്ള സ്റ്റിക്കര്‍ പതിക്കും. ഈ മാസം അവസാനം ഇത് നടപ്പില്‍വരും. ബസ് ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍ എന്നിവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. മാര്‍ച്ച് 31-നുള്ളില്‍ സ്വകാര്യ ബസുകളില്‍ സിസിടിവി ക്യാമറ നിര്‍ബന്ധമാക്കും. സ്ഥാപിച്ചില്ലെങ്കില്‍ പിഴ ഈടാക്കും.

: പല റൂട്ടുകളിലും യാത്രക്കാര്‍ ബസ് കിട്ടാതെ പ്രയാസപ്പെടുന്നുവെന്ന പരാതിയുണ്ടല്ലോ?

= ബസ് ഓടാത്ത സ്ഥലങ്ങളില്‍ മിനി ബസുകള്‍ ഓടിക്കാന്‍ പുതുതായി 503 പെര്‍മിറ്റുകള്‍ അനുവദിക്കും.

Content Highlights: kerala transport commissioner nagaraju interview