ഒരു തിരക്കുമില്ല, കേന്ദ്രത്തിന്റെ ഗതാഗത നിയമ ഭേദഗതി കേരളത്തിൽ ഉടൻ നടപ്പാക്കില്ല- മന്ത്രി ഗണേഷ് കുമാർ

മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾ ധൃതിയിൽ നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ച് കേരള സർക്കാർ. കേന്ദ്രം ഭേദഗതി ചെയ്തിട്ടുള്ള നിയമങ്ങൾ ലഘൂകരിക്കുന്നതിനുള്ള സാധ്യതകൾ ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറും ട്രാൻസ്‌പോർട്ട് കമ്മീഷണറും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഇത് സംബന്ധിച്ച് കൂടുതൽ തീരുമാനമെടുക്കുക.
ഗതാഗത നിയമലംഘനങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്ന ഭേദഗതികളാണ് കേന്ദ്ര സർക്കാർ വരുത്തിയിരിക്കുന്നത്. എന്നാൽ, ഭേദഗതി വരുത്തിയ നിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് യാതൊരുവിധ ആലോചനകളും നടന്നിട്ടില്ലെന്നാണ് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഭേദഗതി വരുത്തിയ നിയമങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും മന്ത്രി ഗണേഷ് കുമാർ അറിയിച്ചു.
സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടാത്ത രീതിയിൽ മാത്രമായിരിക്കും ഈ നിയമങ്ങൾ നടപ്പാക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയുമായും ചർച്ച നടത്തും. ഭേദഗതി ചെയ്ത നിയമങ്ങൾ തിരക്കുപിടിച്ച് നടപ്പാക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ലെന്നാണ് ഗതാഗത വകുപ്പ് സ്വീകരിച്ചിരിക്കുന്ന നിലപാട്. അതുകൊണ്ടുതന്നെ ഇത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ സ്വീകരിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പറയുന്നത്.
ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നതാണ് മോട്ടോർവാഹനച്ചട്ടത്തിലെ മറ്റൊരു സുപ്രധാന നിർദേശം. ലൈസൻസ് മൂന്നുമാസംവരെയാണ് സസ്പെൻഡ് ചെയ്യുന്നത്. ആർടിഒയ്ക്കാണ് നടപടിയെടുക്കാനുള്ള അധികാരം. മുൻവർഷങ്ങളിലെ കുറ്റങ്ങൾ ഉൾപ്പെടുത്തില്ല. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുമുൻപ് ഉടമയുടെ വാദംകേൾക്കാനുള്ള അവസരം നൽകണമെന്നും ചട്ടത്തിലുണ്ട്.
ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനനിയമത്തിലെ 24 നിയമലംഘനങ്ങളാണ് കണക്കാക്കുക. പൊതുവഴിയിൽ വാഹനം നിർത്തിയിടൽ, അനധികൃതപാർക്കിങ്, വാഹനമോഷണം, വാഹനയാത്രക്കാരെ മർദിക്കൽ, തടഞ്ഞുവെക്കൽ തുടങ്ങി 24 ലംഘനങ്ങളാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുകാരണമായി പറയുന്നത്. അതിവേഗം, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ, സീറ്റുബെൽറ്റ് ധരിക്കാതിരിക്കൽ, സിഗ്നൽ വെട്ടിക്കൽ എന്നിവയും കുറ്റങ്ങളിലുണ്ട്. ചെറിയകുറ്റങ്ങളെന്നോ വലുതെന്നോ കണക്കാതെ അഞ്ചിൽക്കൂടിയാൽ ഇനിമുതൽ നടപടിയെടുക്കും.
നിയമലംഘനത്തിന് പിഴയിട്ടാൽ 45 ദിവസത്തിനുള്ളിൽ നിർബന്ധമായും ഇത് അടച്ചിരിക്കണമെന്നാണ് നിയമ ഭേദഗതിയിൽ നിർദേശിക്കുന്നത്. നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റമെന്നാണ് നിർദേശം. അതിനുശേഷം 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയോ, നിയമലംഘനം നടന്നിട്ടില്ലെങ്കിൽ അത് തെളിയിക്കുകയോ വേണം. ഇതിന് തയാറായില്ലെങ്കിലാണ് ലൈസൻസ്, രജിസ്‌ട്രേഷൻ തുടങ്ങിയവ സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക.
Content Highlights: Kerala government decides not to implement central traffic law amendments immediately. Discussions underway to ease potential hardships for citizens.