പോലീസ് സ്റ്റേഷൻ വാഹനങ്ങളുടെ ശവപ്പറമ്പല്ല; കേസിൽപിടിച്ച വാഹനം നീക്കാൻ 'സ്‌പേസു'മായി സർക്കാർ

#Auto Desk
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളിലും പരിസര പ്രദേശങ്ങളിലുമായി വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾക്ക് ശാപമോക്ഷമാകുന്നു. കേസുകളിൽപെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങൾ നശിച്ച് പോകുന്നത് തടയുന്നതിനുള്ള നിയമ നിർമാണമുണ്ടാവണമെന്നുള്ള വർഷങ്ങളായുള്ള ആവശ്യത്തിനാണ് കേരള സർക്കാർ പരിഹാരം കാണാനൊരുങ്ങുന്നത്. ഇതിനായി പ്രത്യേക പദ്ധതിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.

പോലീസ് സ്‌റ്റേഷൻ പരിസരത്ത് കിടക്കുന്ന പഴയ വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി സ്‌പേസ് (സ്‌ക്രാപ് പ്രോസസ്സിങ് ഫോർ ഏരിയ ക്ലീൻഅപ്പ് ആൻഡ് എൻഹാൻസ്‌മെന്റ്) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ പൊതുമേഖല സ്ഥാപനമായ സീറോയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്.

സംസ്ഥാന പോലീസ് മേധാവി ചെയർമാനും കെ.പി.എച്ച്.സി.സി. മാനേജിങ് ഡയറക്ടർ അംഗവുമായ സമിതിയാണ് സ്‌പേസ് പദ്ധതിക്ക് രൂപം നൽകുന്നത്. റീക്ലെയിം, റിന്യൂ, റിവൈവ് എന്ന ടാഗ്‌ലൈനുമായാണ് പദ്ധതി ആരംഭിക്കുന്നത്. പോലീസ് സ്‌റ്റേഷനുകളിൽ കെട്ടക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തി സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രി അറിയിച്ചത്.

വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി വ്യാപകമാണ്. വാഹനങ്ങൾ ലേലം ചെയ്യുന്ന സംവിധാനം നിലവിലുണ്ടെങ്കിലും ഇത് ശാശ്വത പരിഹാരമായിരുന്നില്ല. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ചെയർമാന്റെ നേതൃത്വത്തിൽ തയാറാക്കുമെന്നും പോലീസ് സ്‌റ്റേഷൻ ശുചിയാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Content Highlights: Introduction of the SPACE (Scrap Processing for Area Cleanup and Enhancement) project., Collaboration between KP H&CC and SIRO to manage vehicle disposal., Goal to clear long-standing, abandoned vehicles from police premises., Focus on station hygiene and systematic disposal rather than traditional auctions., Reclaim, Renew, Revive as the core operational tag-line.