സ്ലീപ്പര്‍ ബസുകളില്‍ തീ: കര്‍ട്ടന്‍ മുതല്‍ പാഴ്സല്‍വരെ കാരണം

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

തിരുവനന്തപുരം: രാത്രിസര്‍വീസ് നടത്തുന്ന സ്ലീപ്പര്‍ ബസുകളില്‍ അപകടകരമായ നിയമലംഘനങ്ങള്‍ കൂടുമ്പോഴും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാതെ മോട്ടോര്‍വാഹനവകുപ്പ്. നീളംകൂടിയ മള്‍ട്ടി ആക്‌സില്‍ ബസുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത ഒട്ടേറെ ബസുകള്‍ കേരളത്തില്‍ ഓടുന്നുണ്ട്. രജിസ്ട്രേഷന്‍, ഫിറ്റ്നസ് പരിശോധനകള്‍ക്ക് ആ സംസ്ഥാനങ്ങളില്‍ എത്തിക്കാന്‍ കഴിയാത്ത ഇവ എങ്ങനെ ഫിറ്റ്നസ് പുതുക്കുന്നെന്ന് മോട്ടോര്‍വാഹനവകുപ്പ് അന്വേഷിക്കാറില്ല.

സാധാരണ ബസുകളില്‍ രൂപമാറ്റംവരുത്തി സ്ലീപ്പര്‍ ആക്കിയവയും ഇക്കൂട്ടത്തിലുണ്ട്. വേഗത്തില്‍ തീപടരാന്‍ സാധ്യതയുള്ള കര്‍ട്ടനുകളും ഷീറ്റുകളും കാബിന്‍ തിരിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഇത് തടയാന്‍ കേന്ദ്രം നിയമഭേദഗതി കൊണ്ടുവന്നെങ്കിലും പരിശോധന ഇല്ലാത്തതിനാല്‍ പിടിക്കപ്പെടുന്നില്ല.

ഫിറ്റ്നസ് പരിശോധന നടക്കാത്തതിനാല്‍ വാഹനങ്ങളുടെ സാങ്കേതികക്ഷമതയിലും വീഴ്ചയുണ്ട്. സ്ലീപ്പറിലേക്കുള്ള മാറ്റം അതത് സംസ്ഥാനങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ബസുകള്‍ അവിടെ എത്തിക്കാന്‍ കഴിയാത്തതിനാല്‍ സുരക്ഷാപരിശോധന നടന്നിട്ടില്ലെന്നു വ്യക്തമാണ്.

യാത്രക്കാരുടെ ബാഗുകള്‍ മാത്രമാണ് അനുവദനീയമെങ്കിലും വന്‍തോതില്‍ പാഴ്സല്‍ കടത്തുന്നുണ്ട്. ആന്ധ്ര കുര്‍ണൂലില്‍ 20 പേര്‍ മരിച്ച ബസ്സപകടത്തിന് തീവ്രതകൂട്ടിയത് പാഴ്‌സല്‍ കാബിനില്‍ സൂക്ഷിച്ചിരുന്ന 400 മൊബൈല്‍ ഫോണുകള്‍ക്ക് തീപിടിച്ചതാണ്.

Content Highlights: Sleeper buses operating at night are violating safety norms, with Motor Vehicle Department failing to ensure passenger safety.