പൈസ കുറയ്ക്കാന്‍ രാത്രിയാത്ര, 'നിശ്ചിത തുക'യില്‍ പരിശോധന ഒതുക്കും; വിദ്യാലയങ്ങളുടെ ടൂറിലെ അഡ്‌ജെസ്റ്റ്‌മെന്റ് തടയാന്‍ MVD

തിരുവനന്തപുരം: വിദ്യാലയങ്ങളിലെ വിനോദയാത്ര സുരക്ഷിതമാക്കാന്‍വേണ്ടിയാണ് മുന്‍കൂര്‍ അനുമതി തേടണമെന്ന അറിയിപ്പ് നല്‍കിയതെന്ന് മോട്ടോര്‍വാഹനവകുപ്പ്. 2023-ലെ വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിച്ച സുരക്ഷാമാനദണ്ഡങ്ങള്‍ പ്രകാരം വിദ്യാര്‍ഥികളുമായുള്ള രാത്രിയാത്രയ്ക്ക് വിലക്കുണ്ട്. ചില ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നിരക്ക് കുറയ്ക്കാന്‍ രാത്രിയാത്ര തിരഞ്ഞെടുക്കുന്നതായി വിവരം ലഭിച്ചതിനാലാണ് വിദ്യാലയങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കിയത്.
വിദ്യാര്‍ഥികളുമായി പോകുന്ന വാഹനങ്ങള്‍ ഓരോ യാത്രയ്ക്കുമുന്‍പും പരിശോധനക്കണമെന്നായിരുന്നു ആദ്യവ്യവസ്ഥ. ബസ്സുടമകളുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഇത് മാസത്തില്‍ ഒന്നായി ചുരുക്കിയിരുന്നു. വാഹനം പരിശോധിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതി ചില ഓഫീസുകളിലുണ്ട്. 'നിശ്ചിത തുക' നല്‍കിയാല്‍ മതിയാകും. ഇളവുനല്‍കുന്ന ഓഫീസുകളില്‍മാത്രം വാഹനം പരിശോധിക്കുന്ന രീതിയുമുണ്ട്.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ വിനോദയാത്ര പുറപ്പെടുന്നതിന് ഒരാഴ്ചമുന്‍പെങ്കിലും റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ (ആര്‍ടിഒ) അറിയിക്കണമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് കഴിഞ്ഞ ദിവസം നല്‍കിയ നിര്‍ദേശം. എംവിഡി ഉദ്യോഗസ്ഥര്‍ക്ക് ബസുകള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാനും വിദ്യാര്‍ഥികളെയും ഡ്രൈവര്‍മാരെയും ബോധവത്കരിക്കാനുമാണിതെന്നായിരുന്നു വിശദീകരണം.
നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിനോദയാത്രാ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഉത്തരവാദിത്വം സ്‌കൂള്‍, കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കായിരിക്കും. ആര്‍ടിഒയെ മുന്‍കൂട്ടി അറിയിക്കാതെ യാത്രകള്‍ സംഘടിപ്പിക്കുന്നില്ലെന്ന് വിദ്യാലയ മാനേജ്മെന്റും പ്രിന്‍സിപ്പല്‍മാരും ഉറപ്പാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചു.
വിനോദയാത്രയ്ക്കു പോകുന്ന മിക്ക ബസുകളിലും എമര്‍ജന്‍സി വാതിലും തീപ്പിടിത്തം തടയാനുള്ള സംവിധാനങ്ങളുമില്ലെന്ന് കണ്ടെത്തിയിരുന്നു. അടിയന്തരസാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് യാത്രക്കാര്‍ക്കോ ഡ്രൈവര്‍മാര്‍ക്കോ ധാരണയില്ല. സ്പീക്കര്‍, അലങ്കാരവിളക്കുകള്‍ തുടങ്ങിയവ അനധികൃതമായി ബസുകളില്‍ ഘടിപ്പിക്കുന്നുണ്ട്. ഇത് തീപ്പിടിത്തത്തിന് കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Content Highlights: Kerala MVD enforces advance permission for school trips to ensure student safety, following previous accidents. Strict guidelines for overnight journeys and vehicle checks are now mandatory.