ആംബുലൻസും ഓൺലൈനാകും; ഈടാക്കുക സർക്കാർ അംഗീകൃത നിരക്ക്

പ്രതീകാത്മക ചിത്രം |   ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ഓൺലൈൻ ഓട്ടോ ടാക്‌സി പ്ലാറ്റ്‌ഫോമായ കേരള സവാരി വഴി ആംബുലൻസ് ബുക്കിങ്ങും ഓൺലൈനാകും. സേവനവ്യവസ്ഥകൾ തയ്യാറാക്കുന്നതിനായി തൊഴിലാളിസംഘടനകളുമായി ചർച്ചനടന്നു. വ്യവസ്ഥകളിൽ ധാരണയായി. സർക്കാർ അംഗീകൃത നിരക്കാകും ഈടാക്കുക.

നിലവിൽ 108 ആംബുലൻസ് സംവിധാനം ഉള്ളതിനാൽ ആദ്യഘട്ടത്തിൽ അടിയന്തരസേവനങ്ങൾ ഉണ്ടാകില്ല. അതേസമയം ആശുപത്രിയിലേക്ക് ഉൾപ്പെടെ മറ്റാവശ്യങ്ങൾക്ക് ആംബുലൻസ് ബുക്ക് ചെയ്യാനാകും. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലായി 9000 ആംബുലൻസുകളുണ്ട്. ഇവയുടെ രജിസ്‌ട്രേഷനും കണക്കെടുപ്പും മോട്ടോർവാഹനവകുപ്പ് പൂർത്തിയാക്കിയിരുന്നു.

വാട്ടർ മെട്രോ ഉൾപ്പെടെയുള്ള വിവിധരീതികളിലെ പൊതുഗതാഗത സംവിധാനങ്ങൾ ഒറ്റ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ യോജിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോ സേവനങ്ങൾ ഒരു മാസത്തിനുള്ളിൽ കേരള സവാരിയിലേക്ക് വരും. മെട്രോ, വാട്ടർ മെട്രോ, ഫീഡർ സർവീസുകൾ എന്നിവയുടെ ടിക്കറ്റ് കേരള സവാരി മൊബൈൽ ആപ് വഴി എടുക്കാനാകും.

കേരള സവാരിയെ തകർക്കാൻ നിരക്ക് കുറച്ചു

കേരള സവാരി വീണ്ടും പ്രവർത്തനമാരംഭിച്ചതിനു പിന്നാലെ സംസ്ഥാനത്തെ സ്വകാര്യ ഓൺലൈൻ ടാക്‌സികൾ നിരക്കുകുറച്ചു. സർക്കാർ അംഗീകൃത നിരക്കിനെക്കാൾ തുക ഈടാക്കിയിരുന്നവർ പൊതുനിരക്കിനെക്കാൾ കുറച്ചിട്ടുണ്ട്.

കേരള സവാരിയിലേക്ക് യാത്രക്കാരും ഡ്രൈവർമാരും പോകുന്നത് തടയാനാണ് ശ്രമം. ഇതേത്തുടർന്നാണ് സ്വകാര്യ ടാക്‌സികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായത്.

പരമ്പരാഗത ടാക്‌സി ഡ്രൈവർമാരെ തഴഞ്ഞ് ഓൺലൈൻ ടാക്‌സിയെ ആശ്രയിക്കാൻ കൂടുതൽപ്പേർ നിർബന്ധിതരായി. മൂന്നാറിൽ ഉൾപ്പെടെ തർക്കത്തിന് ഇടയാക്കിയത് ഈ നിരക്കുകുറയ്ക്കലാണ്.

കഴിഞ്ഞയാഴ്ച പ്രവർത്തനം ആരംഭിച്ച കേരള സവാരിയിൽ ഇപ്പോൾ 4000-ലധികം ഡ്രൈവർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊച്ചിയിൽ 2000-ലധികം ട്രിപ്പുകൾ ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്ത് പരീക്ഷണയോട്ടം ആരംഭിച്ചതേയുള്ളൂ.

Content Highlights: Book ambulances online through Kerala Sawaari, the state government`s integrated transport platform. Get fair rates and convenient booking for non-emergency needs.