എൽ.ഡി.എഫ്. സർക്കാർ തുടങ്ങിയ 'കേരള സവാരി' തുടരാൻ മടിച്ച് യു.ഡി.എഫ്. സർക്കാർ; പിന്മാറാൻ കരാർ കമ്പനി

#അമല അനില്‍
കേരളാ സവാരി ടാക്‌സികള്‍ (ഫയൽ ചിത്രം)‌| Photo: Facebook/Kerala Savari
കേരളാ സവാരി ടാക്‌സികള്‍ (ഫയൽ ചിത്രം)‌| Photo: Facebook/Kerala Savari

കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട 'കേരള സവാരി'യിൽ തുടർസവാരിക്ക് മടിച്ച് യു.ഡി.എഫ്. സർക്കാർ. വൻകിട കമ്പനിയോട് മത്സരിച്ച് ജനസ്വീകാര്യത നേടിത്തുടങ്ങിയ ഈ ടാക്‌സി സർവീസ് ആപ്പ് നവീകരണത്തിന്റെ ഫയൽനീക്കം മന്ദഗതിയിൽ. സർക്കാരിനും കരാറെടുത്ത കമ്പനിക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയാണിപ്പോൾ ആപ്പിന്റെ പോക്ക്.

പദ്ധതിയിൽനിന്ന് പിന്മാറുമെന്ന് സർക്കാരിന് അന്ത്യശാസനം നൽകാനൊരുങ്ങുകയാണ് ആപ്പ് നവീകരണ കരാറെടുത്ത ബെംഗളൂരു ആസ്ഥാനമായ കമ്പനി. തൊഴിൽവകുപ്പാണ് സംസ്ഥാന സർക്കാരിനുവേണ്ടി പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. പദ്ധതി പരിശോധിച്ചപ്പോൾ കുറച്ച് അപാകം കണ്ടെത്തിയെന്നും അത് പഠിച്ചുവരുകയാണെന്നുമാണ് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുടെ വിശദീകരണം.

ഓട്ടോ-ടാക്‌സി സർവീസ് ന്യായമായ നിരക്കിൽ ലഭ്യമാക്കാനാണ് സർക്കാർ ഇടപെട്ട് 2022 ഓഗസ്റ്റ് 17-ന് 'കേരളസവാരി' ആപ്പ് തുടങ്ങിയത്. 2025 ജനുവരി 30-ന് 2.0 എന്നപേരിൽ ആപ്പ് പരിഷ്‌കരിച്ചു. തൊഴിൽ വകുപ്പ്, പാലക്കാട് ഐ.ടി.ഐ., സാങ്കേതിക പങ്കാളിയായ ബെംഗളൂരു മൂവിങ് ടെക് ഇനവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കായിരുന്നു ചുമതല. ഡ്രൈവർമാരിൽനിന്ന് ലഭിക്കുന്ന സബ്സ്‌ക്രിപ്ഷൻ ഫീസ് ഇവരുടെ അക്കൗണ്ടിലേക്ക്് 5:5:90 എന്ന അനുപാതത്തിൽ വിഭജിക്കണമെന്നാണ് കരാർ.

എന്നാൽ, സബ്സ്‌ക്രിപ്ഷൻ ഫീസീടാക്കാൻ ഇനിയും തുടങ്ങാത്തതിനാൽ പദ്ധതി പച്ചപിടിച്ചിട്ടില്ല. നിലവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിലും കണ്ണൂർ, പാലക്കാട്, കോട്ടയം ജില്ലകളിലും കേരള സവാരി സജീവമാണ്. കൊച്ചിയിൽമാത്രം ദിവസം 45,000-ത്തിലധികം ബുക്കിങ്ങുണ്ടെന്ന് കമ്പനി അധികൃതർ പറയുന്നു.

വൻ ലാഭമാകേണ്ട പദ്ധതി, കനത്തനഷ്ടത്തിൽ

കേരളസവാരി 2.0യുടെ ആദ്യഘട്ടം സബ്സ്‌ക്രിപ്ഷൻ ഇല്ലാതെയാണ് തുടങ്ങിയത്. 4.41 ലക്ഷം യാത്രികരാണ് കേരളസവാരി ആപ്പിൽ രജിസ്റ്റർചെയ്തത്. 35,435 ഡ്രൈവർമാർ ആപ്പിന്റെ ഭാഗമായി. സബ്‌സ്‌ക്രിപ്ഷൻ ഇല്ലാതെതന്നെ 2025 ജനുവരി 30-നുശേഷംമാത്രം 29.19 കോടി രൂപയാണ് ഡ്രൈവർമാർക്ക് വരുമാനമായി ലഭിച്ചത്. സബ്സ്‌ക്രിപ്ഷൻ ഈടാക്കിയാൽ മൂന്നുകോടി രൂപ കരാർ കമ്പനിക്കും ഒരുവർഷംകൊണ്ട് 15 ലക്ഷത്തലേറെ രൂപ സർക്കാരിനും ലാഭം ലഭിച്ചേനെ. പരിഷ്‌കരണത്തിന്റെ ഭാഗമായി തങ്ങൾക്കുമാത്രം 6.8 കോടിരൂപ ചെലവായെന്നാണ് മൂവിങ് ടെക്കിന്റെ അവകാശവാദം.

തൃപ്തികരമെങ്കിൽ മുന്നോട്ടുപോകും

അപാകം പരിഹരിക്കാൻ പറഞ്ഞിട്ടുണ്ട്. അത് തൃപ്തികരമാണെങ്കിൽ മുന്നോട്ടുപോകും. അല്ലാത്തപക്ഷം മറ്റൊരു മാതൃകയിൽ പുതിയ പദ്ധതിയെക്കുറിച്ച് ആലോചിക്കും.

-ബിന്ദു കൃഷ്ണ തൊഴിൽമന്ത്രി

Content Highlights: UDF government shows reluctance to continue the 'Kerala Savari' taxi service initiated by the previous LDF government., The Bengaluru-based tech partner is planning to issue an ultimatum to withdraw from the project due to delayed file processing., Kerala Savari 2.0 generated over Rs 29.19 crore for drivers since January 2025, but subscription fees remain uncollected, causing losses., Labour Minister Bindu Krishna stated that the project is currently under review for discrepancies.