സീബ്രാലൈനില്‍ നോക്കിയും കണ്ടും വേണം ഡ്രൈവിങ്; പിഴ മാത്രമല്ല ലൈസന്‍സും പോകാം

കൊല്ലം: റോഡ് കുറുകേകടക്കവെ വാഹനമിടിച്ച് മരിക്കുന്നവരുടെ എണ്ണമേറിയതോടെ സുരക്ഷാനടപടികള്‍ ഊര്‍ജിതമാക്കി മോട്ടോര്‍വാഹനവകുപ്പ്. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും ബോധവത്കരണം നല്‍കാന്‍ സ്‌പെഷ്യല്‍ ഡ്രൈവുകള്‍ക്കും വകുപ്പ് തുടക്കമിട്ടു. ലേണേഴ്സ്-ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് എത്തുന്നവര്‍ക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ അവബോധ ക്ലാസുകള്‍ നല്‍കും.
ജനുവരിമുതല്‍ നവംബര്‍ അവസാനംവരെ മാത്രം സംസ്ഥാനത്തെ റോഡുകളില്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് എണ്ണൂറ്റിയമ്പതിലധികം കാല്‍നടയാത്രക്കാരാണ്. ഇവരില്‍ നാനൂറോളംപേര്‍ വയോധികരാണ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍, പോലീസ്, മോട്ടോര്‍വാഹനവകുപ്പ്, പൊതുമരാമത്തുവകുപ്പ്, നാഷണല്‍ ഹൈവേ അതോറിറ്റി എന്നിവ സംയുക്തയോഗം ചേര്‍ന്ന് സുരക്ഷാനടപടികളെപ്പറ്റി ആലോചിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കലിന്റെ ഭാഗമായാണ് മോട്ടോര്‍വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനകളും ബോധവത്കരണ ക്ലാസുകളും നടത്തുന്നത്.
സീബ്രാലൈനുകള്‍ തെളിയാത്തിടങ്ങള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാത്തതും റോഡ് പൂര്‍ണമായും കുറുകേകടക്കുന്നതുവരെ കാല്‍നടക്കാര്‍ ജാഗ്രത കാട്ടാത്തതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. കാല്‍നടയാത്രക്കാര്‍ റോഡിന്റെ ഇടതുവശത്തുകൂടി സ്ഥിരമായി നടക്കുന്നതും അപകടങ്ങള്‍ കൂട്ടുന്നുണ്ടെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍.
സീബ്രാലൈനുകളുള്ള ഭാഗങ്ങളില്‍ അവിടെക്കൂടിമാത്രം കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നെന്ന് പ്രത്യേക ഡ്രൈവ് വഴി ഉറപ്പാക്കും. വാഹനങ്ങള്‍ സുരക്ഷിതമായ അകലത്തില്‍ നിര്‍ത്തുന്നുണ്ടോയെന്നും പരിശോധിക്കും. സീബ്രാലൈനിന് അരികില്‍ ഒരു കാല്‍നടയാത്രക്കാരന്‍ നിന്നാലും വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് ടീം വിവിധയിടങ്ങളില്‍ പരിശോധനകള്‍ നടത്തി വാഹനം നിര്‍ത്താത്തവര്‍ക്കെതിരേ നടപടിയെടുത്തുതുടങ്ങി.
കര്‍ശന നടപടി
കാല്‍നടയാത്രക്കാരെ പരിഗണിക്കാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും. ഇവരില്‍നിന്ന് 2,000 രൂപ പിഴ ഈടാക്കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ബോധവത്കരണം നടത്തുക. അടുത്തഘട്ടത്തില്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
പ്രമോജ് ശങ്കര്‍, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍
Content Highlights: Kerala`s Motor Vehicles Department launches strict road safety measures & awareness drives to curb pedestrian fatalities. Learn more about the new initiatives.