10 മാസം, 218 ജീവൻ; സീബ്ര ലൈനിൽ ചീറിപ്പായല്ലേ, ഡ്രൈവർമാർ പലതും ചെയ്യേണ്ടതുണ്ടെന്ന് കേരള പോലീസ്

സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിക്കുന്ന കാൽനടയാത്രക്കാരുടെ എണ്ണം ആശങ്കാജനകമായി കൂടുന്നുവെന്ന് കഴിഞ്ഞദിവസം ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം ഒക്ടോബർ 31 വരെ 851 കാൽനടക്കാരാണ് സംസ്ഥാനത്ത് വാഹനമിടിച്ച് മരിച്ചത്. ഇക്കാലയളവിൽ സീബ്രലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ചവരാകട്ടെ 218 പേരും. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയും അതിവേഗവുമാവ് കാൽനടയാത്രക്കാർ അപകടത്തിൽപ്പെടാൻ കാരണമെന്ന് പോലീസും വ്യക്തമാക്കുന്നു.
ആവശ്യത്തിന് സീബ്രലൈനില്ലാത്തതും പലയിടത്തും മാഞ്ഞുപോയതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ദേശീയപാതകളിൽപോലും ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ സഹായകമായ സിഗ്നൽ സംവിധാനമുള്ളത്. വാഹനപ്പെരുപ്പവും ഫുട്പാത്തുകളില്ലാത്ത റോഡുകളും അപകടം കൂട്ടുന്നു.യാത്രക്കാർ സീബ്രലൈൻ മുറിച്ച് കടക്കുമ്പോൾപോലും വാഹനങ്ങൾ കുതിച്ചുപോകുന്നു എന്നതാണ് ആശങ്കാജനകമായ ഈ സ്ഥിതിക്ക് പ്രധാന കാരണം.
ഈ ഗുരുതര സാഹചര്യത്തിന്റെ പശ്ചാത്തത്തിൽ, സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ ചെയ്യേണ്ടത് എന്തെല്ലാമെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് കേരള പോലീസ്. ഇതുസംബന്ധിച്ച നിർദേശങ്ങൾ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോലീസ് പങ്കുവെച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്ന നാം ഓരോരുത്തരും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
- സീബ്രാ ക്രോസ്സ് സൂചിപ്പിക്കുന്ന റോഡ് സിഗ്നൽ കണ്ടാൽ വേഗം കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുൻപായി വാഹനം നിർത്താനുള്ള റോഡ് മാർക്കിങ്ങിൽ റോഡിന് ഇടതുശം ചേർത്ത് നിർത്തണം.
- പെഡസ്ട്രിയൻ ക്രോസ്സിങ്ങിലൂടെ റോഡ് ക്രോസ്സ് ചെയ്യാൻ കാൽനടക്കാരെയും വീൽ ചെയറിൽ പോവുന്നവരെയും മറ്റും അനുവദിക്കുക.
- ക്രോസിങ്ങിൽ ആരും തന്നെ ഇല്ലെങ്കിൽ മാത്രം വാഹനം മുന്നോട്ട് എടുക്കുക.
- ട്രാഫിക് കൺട്രോൾ സിഗ്നൽ ഉള്ള ഇടങ്ങളിൽ
- സ്റ്റോപ്പ് ലൈനിനു പിറകിലായി മാത്രമേ വാഹനം നിർത്താവൂ. സ്റ്റോപ്പ് ലൈൻ മാർക്ക് ചെയ്തിട്ടില്ലെങ്കിലോ അത് മാഞ്ഞു പോയിട്ടുണ്ടെങ്കിലോ പെഡസ്ട്രിയൻ ക്രോസിങിനു പിറകിലായി മാത്രം വാഹനം നിർത്തുക.
- പെഡസ്ട്രിയൻ ക്രോസിങ് അടയാളപ്പെടുത്തിയിട്ടില്ല എങ്കിൽ വാഹനം പ്രൈമറി ട്രാഫിക് സിഗ്നലിൽ നിർത്തിയിടണം.
- ഗ്രീൻ സിഗ്നൽ ഓൺ ആയാലും പെഡസ്ട്രിയൻ ക്രോസിംഗിൽ ആരും ഇല്ലെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ.
- “Give Way” അടയാളത്തിന് മുമ്പായി പെഡസ്ട്രിയൻ ക്രോസ്സിങ് ഇല്ലെങ്കിൽ പോലും അവിടെ കാൽ നടയാത്രക്കാർക്കാണ് മുൻഗണന.
- വാഹനം മുന്നോട്ട് എടുക്കാനാവാത്ത വിധം റോഡിൽ ട്രാഫിക് ബ്ലോക്കിൽ പെട്ടാൽ യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസിങ്ങിൽ നിർത്തിയിടരുത്.
Content Highlights: Kerala Police issues urgent reminder to drivers on zebra crossing rules after 218 pedestrian deaths in 10 months. Learn what to do for pedestrian safety.