ട്രാന്‍. കമ്മിഷണറുടെ വാക്കിന് വിലയില്ല, ആധാറിനെ വിശ്വാസവുമില്ല; എല്ലാം MVD ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിന്

തിരുവനന്തപുരം: ആധാര്‍ബന്ധിത (ഫെയ്സ്ലെസ്) സേവനങ്ങള്‍ക്ക് അപേക്ഷകരെ ഓഫീസുകളിലേക്ക് വിളിച്ചുവരുത്തരുതെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം പാലിക്കാതെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍.
ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കുന്നതിനും സേവനം വേഗത്തിലാക്കുന്നതിനുമായി കൊണ്ടുവന്ന ഫെയ്സ്ലെസ് അപേക്ഷാ സംവിധാനമാണ് ചില ഓഫീസ് മേധാവികള്‍ പൊളിച്ചടുക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് ആര്‍സി ഉള്‍പ്പെടെ 17 അപേക്ഷകളാണ് ഈ വിഭാഗത്തിലുള്ളത്.
അപേക്ഷന്‍ വ്യാജനല്ലെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് വിളിച്ചുവരുത്തുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ആധാര്‍ബന്ധിത മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപി അടിസ്ഥാനമാക്കി നല്‍കുന്ന അപേക്ഷകളിലാണ് വീണ്ടും വാഹന ഉടമകളെ വിളിച്ചുവരുത്തുന്നത്. കാലഹരണപ്പെട്ട ചട്ടം ചൂണ്ടിക്കാട്ടിയാണ് ഇത് ന്യായീകരിക്കുന്നത്.
കൂടുതല്‍ സേവനങ്ങള്‍ പുതിയ രീതിയിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാരും നിര്‍ദേശിച്ചിരിക്കേയാണ് അഴിമതിക്ക് വഴിവെച്ച പഴയ സംവിധാനം വേണമെന്ന ശാഠ്യം. അപേക്ഷകര്‍ ഹാജരാകുന്നത് ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സ് കണ്ടെത്തിയെത്തുടര്‍ന്നാണ് പുതിയ സംവിധാനം െകാണ്ടുവന്നിരുന്നത്.
തെക്കന്‍ ജില്ലകളിലെ അപേക്ഷകള്‍ ജോലിഭാരം കുറയ്ക്കുന്നതിനുവേണ്ടി മറ്റു ജില്ലകളിലേക്ക് സോഫ്റ്റ്വേര്‍ വഴി കൈമാറുന്നുണ്ട്. അപേക്ഷകന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇത്തരം അപേക്ഷ തിരിച്ചയക്കുന്നതും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു.
കൊല്ലം ജില്ലയില്‍നിന്ന് ഇടുക്കി ഓഫീസിലേക്ക് കൈമാറിയ അപേക്ഷ പരിഗണിക്കാതെ കഴിഞ്ഞദിവസം തിരിച്ച് അയച്ചിരുന്നു. അപേക്ഷകനെ കാണാതെ പരിഗണിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഇടുക്കി ആര്‍.ടി.ഒ.
Content Highlights: Kerala MVD Officials Bypass Faceless Services, Summoning Applicants Despite Directive