സ്പീഡ്, മൊബൈൽ ഉപയോഗം, ഹെൽമറ്റ് ഒഴിവാക്കൽ; ഡെലിവറി ബോയ് നിയമം ലംഘിച്ചാൽ പണി കമ്പനിക്ക്

പുലർച്ചെ മുതൽ രാത്രി ഏറെ വൈകിയും ഭക്ഷണം ഉൾപ്പെടെയുള്ളവയുമായി പാർസലുകളുമായി ബൈക്കുകളിൽ പായുന്ന ആളുകളെ കാണാറുണ്ട്. ഇതിൽ തന്നെ അമിത വേഗത്തിൽ ഇരുചക്ര വാഹനങ്ങളുമായി പോകുന്ന ആളുകളും നിരവധിയാണ്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇത്തരം ഓട്ടങ്ങൾക്കും കടിഞ്ഞാണിടാനുള്ള നീക്കത്തിലാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ്.
ഡെലിവറിക്കും മറ്റുമായി ബൈക്കുകളിൽ പോകുന്ന ആളുകൾക്കെതിരേ നടപടിയെടുക്കുകയല്ല മോട്ടോർ വാഹന വകുപ്പിന്റെ ലക്ഷ്യം. സുരക്ഷയ്ക്ക് പ്രധാന്യം നൽകാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ ഡെവലറി ബോയിസിനെ പ്രേരിപ്പിക്കുന്ന സ്റ്റോറുകൾക്കും ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്കുമാണ് മോട്ടോർ വാഹന വകുപ്പ് താക്കീത് നൽകിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ നിർദേശിച്ചുള്ള നോട്ടീസും മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടുണ്ട്.
ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്‌റ്റോ, ബിഗ് ബാസ്‌ക്കറ്റ് തുടങ്ങിയ കമ്പനികൾക്കാണ് സുരക്ഷ ഉറപ്പാക്കുന്നതിനായി പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച് നോട്ടീസ് നൽകിയിരിക്കുന്നത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഡെലിവറി ബോയ്‌സ് ഉൾപ്പെടെയുള്ളവർ അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും ഇത്തരം ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്ക് 15 ദിവസത്തെ സമയമാണ് എംവിഡി നൽകിയിരിക്കുന്നത്.
സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരേ ശക്തമായ സുരക്ഷ നടപടി സ്വീകരിക്കാനാണ് വകുപ്പ് തീരുമാനം. പല ഡെലിവറി പ്ലാറ്റ്‌ഫോമുകളും ഏഴ് മിനിറ്റ് മുതൽ 20 മിനിറ്റ് വരെയുള്ള സമയങ്ങളിലാണ് സാധനങ്ങൾ വീട്ടിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ഇതുതന്നെ റോഡ് നിയമത്തിന്റെ ലംഘനമാണെന്നാണ് മോട്ടോർ വാഹന വകുപ്പ് സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ള കുറിപ്പിൽ പറയുന്നത്.
സുരക്ഷിതമല്ലാത്തതും അപകടകരവുമായ വേഗത, അശ്രദ്ധ, ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം, ഹെൽമറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് ഡെലിവറി ബോയ്‌സിനിടയിൽ സാധാരണയായി കണ്ടുവരുന്നത്. അവരുടെ ഉത്പന്നങ്ങൾ എത്രയും വേഗത്തിൽ ഉപയോക്താവിനരികിൽ എത്തിക്കുകയും അതുവഴി വരുമാനം വർധിപ്പിക്കാനും, എത്രയും വേഗത്തിൽ അടുത്ത ഓർഡർ നേടാനുമാണ് ഈ പല നിയമലംഘനങ്ങൾ ആവർത്തിക്കുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.
പലപ്പോഴും ഇത്തരത്തിലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും സ്‌റ്റോറുകളും പ്രായോഗികമല്ലാത്ത സമയ പരിധി നിശ്ചയിക്കുകയും വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിനായി ഒട്ടും പ്രായോഗികമല്ലാത്ത സമയ പരിധികൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുകയുമാണ് ചെയ്യുന്നത്. എന്നാൽ, ഈ നീക്കങ്ങളെല്ലാം റോഡ് സുരക്ഷയുടെ കാര്യത്തിൽ ഇത്തരം കമ്പനികൾ വരുത്തുന്ന വീഴ്ചയായി കണക്കാക്കപ്പെടുമെന്നാണ് എംവിഡി അഭിപ്രായപ്പെടുന്നത്.
Content Highlights: Kerala MVD issues stern warning to delivery platforms like Swiggy, Blinkit for unsafe practices. Companies must ensure rider safety or face action. Learn more about the new rules.