ജീവന്റെ വിലയുള്ള സെക്കൻഡുകൾ: അടിയന്തര വാഹനങ്ങൾക്കു വഴിയൊരുക്കണം; ബോധവത്കരണവുമായി മോട്ടോർവാഹന വകുപ്പ്

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: അടിയന്തര വാഹനങ്ങൾക്ക് നിരത്തുകളിൽ അടിയന്തര പ്രാധാന്യം നൽകണമെന്ന ഉപദേശവും നിർദേശവുമായി മോട്ടോർവാഹനവകുപ്പ്. ഇതുസംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ ബോധവത്കരണ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് എം.വി.ഡി. മുന്നിലുള്ളത് ഒരു ജീവന്റെ വിലയുള്ള സെക്കൻഡുകളാണെന്നും ഡ്രൈവറുടെ ചെറിയൊരു അശ്രദ്ധ വലിയൊരു ദുരന്തത്തിനു കാരണമായേക്കാമെന്നും എം.വി.ഡി പറയുന്നു.

അടിയന്തര വാഹനങ്ങൾക്ക് നിരത്തുകളിൽ വലിയ മുൻഗണന നൽകണമെന്ന പ്രചാരണം വീഡിയോകളിലുടെ ഉദ്യോഗസ്ഥരാണ് ഏറ്റെടുത്തിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ ബോധവ്തകരണ വീഡിയോ ഉൾപ്പെടെ ചിത്രീകരിച്ച് പ്രചാരണം ശക്തിപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞദിവസം തൂറവൂർ താലൂക്ക് ആശുപത്രിയിൽ തീപ്പിടിത്തമുണ്ടായപ്പോൾ അഗ്‌നിരക്ഷാവാഹനത്തിനു വഴിനൽകാതെപോയ കാറിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു.

ഇതിനെത്തുടർന്നാണ് ഡ്രൈവർമാർക്ക് ഓരോ സെക്കൻഡിന്റെയും പ്രധാന്യം മനസ്സിലാക്കിയുള്ള ബോധവത്കരണ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ആശുപത്രിയിലെ തീപ്പിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനുപോയ അഗ്നിരക്ഷാസേനയ്ക്ക് വഴിനൽകാത്ത സംഭവം വലിയ ചർച്ചയായിരുന്നു. പിന്നീട് വാഹന ഉടമയുടെ ലൈസൻസ് മോട്ടോർവാഹനവകുപ്പ് സസ്പെൻഡുചെയ്തു.

ആറുമാസത്തേക്കു ലൈസൻസ് റദ്ദാക്കിയതിനൊപ്പം അഞ്ചുദിവസം എടപ്പാളിലെ മോട്ടോർവാഹനവകുപ്പിന്റെ പരിശീലന കേന്ദ്രത്തിലെ റോഡുസുരക്ഷാ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാനും വാഹന ഉടമയോടു നിർദേശിച്ചു. ഇതുസംബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയുടെ കട്ടിങ്ങുകളുൾപ്പെടെ ഉപയോഗിച്ച് കാർഡുകൾ തയ്യാറാക്കിയും പ്രചാരണം നടക്കുന്നുണ്ട്.

ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവറുെട ലൈസൻസ് സസ്പെൻഡു ചെയ്യുമെന്നാണ് മോട്ടോർവാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്.

ജാഗ്രതവേണമെന്ന് എം.വി.ഡി.

• ശബ്ദം ശ്രദ്ധിക്കുക-സൈറൺ കേൾക്കുമ്പോൾത്തന്നെ പരിഭ്രമിക്കാതെ വാഹനം ഇടതുവശത്തേക്ക് ഒതുക്കിമാറ്റുക.

• തടസ്സം നിൽക്കരുത്- അടിയന്തര വാഹനങ്ങൾക്ക് മുന്നിൽക്കയറി വേഗത്തിൽപ്പോകാൻശ്രമിക്കുന്നത് അപകടകരമാണ്. അവർക്കു വഴിയൊരുക്കുകയാണ് നമ്മുടെ കടമ.

• സിഗ്നലുകളിൽ ശ്രദ്ധിക്കുക- റെഡ് സിഗ്നലാണെങ്കിൽപ്പോലും സുരക്ഷിതമായി അടിയന്തര വാഹനത്തിനു കടന്നുപോകാൻ പഴുതുകളുണ്ടെങ്കിൽ അത് ചെയ്തുകൊടുക്കുക.

• മനസ്സറിഞ്ഞു പ്രവർത്തിക്കുക - ‘എനിക്ക് തിരക്കുണ്ട്’ എന്ന ചിന്തയെക്കാൾ ‘അവിടെ ഒരാൾ ജീവിതത്തിലേക്കു തിരിച്ചുവരാൻ ശ്രമിക്കുകയാണ്’ എന്ന ബോധ്യം നമുക്കുണ്ടാകണം.

• കവലകളിലോ സിഗ്നലുകളിലോ ആണെങ്കിൽപ്പോലും എമർജൻസി വാഹനങ്ങൾക്കു കടന്നുപോകാൻ ആവശ്യമായ സ്ഥലം ലഭ്യമാക്കാൻ ശ്രദ്ധിക്കുക.

• സൈറൺ മുഴക്കിപ്പോകുന്ന വാഹനത്തിനു തൊട്ടുപിന്നാലെ അമിതവേഗതയിൽ പോകാൻശ്രമിക്കുന്നത് അപകടകരമാണ്.

• ആംബുലൻസുകൾക്കോ അഗ്‌നിരക്ഷാ വാഹനങ്ങൾക്കോ വഴി നൽകാതിരിക്കുന്നത് മോട്ടോർവാഹന നിയമപ്രകാരം പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, ഡ്രൈവിങ്‌ ലൈസൻസ് റദ്ദാക്കുകയുംചെയ്യും.

Content Highlights: The Kerala Motor Vehicle Department has launched a social media awareness campaign following recent incidents of blocking emergency vehicles, warning that failure to give way to ambulances and fire engines will result in immediate license suspension and mandatory safety training.