നിരത്തിൽനിറയെ നിയമലംഘനങ്ങൾ; നടപടിയെടുക്കാതെ മോട്ടോർവാഹനവകുപ്പ്, സേഫ് കേരള ഒട്ടും സുരക്ഷിതമല്ല

തിരുവനന്തപുരം: കാതടപ്പിക്കുന്ന ഹോണുകൾ, തീവ്രവെളിച്ചം പരത്തുന്ന ഹെഡ്‌ലൈറ്റുകൾ, അലോസരപ്പെടുത്തുന്ന ശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ ഇവയൊക്കെയായി വാഹനങ്ങൾ പായുമ്പോഴും നടപടിയൊന്നുമെടുക്കാതെ മോട്ടോർവാഹനവകുപ്പ്. ഇടയ്ക്കിടെ നടത്തുന്ന പരിശോധനകളിൽമാത്രം ശൗര്യം കാണിക്കുന്ന വകുപ്പ് മറ്റുസമയങ്ങളിൽ നിശ്ശബ്ദമാണെന്നാണ് ആക്ഷേപം. സർക്കാരിന്റെ മറുപടിയും ഇത് ശരിവെക്കുന്നതാണ്.
വാഹനാപകടങ്ങൾ കുറയ്ക്കാൻ 2018-ൽ ആവിഷ്‌കരിച്ച സേഫ് കേരള സ്‌ക്വാഡ് ഇപ്പോഴും പൂർണസജ്ജമല്ലെന്ന് സർക്കാർ നിയമസഭയിൽ സമ്മതിച്ചിരുന്നു. രൂപവത്കരിച്ച് എട്ടുവർഷം കഴിഞ്ഞിട്ടും ആവശ്യത്തിന് വാഹനങ്ങളും ഉദ്യോഗസ്ഥരുമില്ല. 14 കൺട്രോൾ റൂമുകളും സജ്ജമല്ല. പിഎസ്‌സി നിയമനങ്ങളിലൂടെ എത്തിയ 89 ഇൻസ്‌പെക്ടർമാർ പൂർണമായും സേനയുടെ ഭാഗവുമായിട്ടില്ല. കാലപ്പഴക്കം കാരണം പിൻവലിച്ച 70 വാഹനങ്ങൾക്ക് പകരമെത്തിയത് 52 എണ്ണം മാത്രവും. നിലവിലുള്ള ഇ വാഹനങ്ങൾ കട്ടപ്പുറത്തും.
ഇടയ്ക്കിടെ നടത്തുന്ന പ്രത്യേക പരിശോധനകൾ മാത്രമാണ് റോഡ് സുരക്ഷയുടെപേരിൽ ഇപ്പോൾ നടക്കുന്നത്. എയർ ഹോൺ പരിശോധനയുമായി ബന്ധപ്പെട്ടെടുത്ത 1052 കേസുകളിൽ 72 ലക്ഷം രൂപയാണ് പിഴചുമത്തിയത്. നിയമലംഘനം വ്യാപകമാണെന്നതിന്റെ സൂചനയാണിത്. വാഹനങ്ങളുടെ രൂപമാറ്റവും സ്വകാര്യബസ്സുകളുടെ മത്സരയോട്ടവും അതിവേഗവും ഓവർലോഡും നിയന്ത്രിക്കാൻ വകുപ്പിന് കഴിയുന്നില്ല. ടിപ്പർ ലോറികളുടെ നിയമലംഘനങ്ങൾക്കെതിരേ നടത്തിയ പരിശോധനയും നിലച്ചമട്ടാണ്.
റോഡ് സുരക്ഷ കടലാസിൽ
റോഡ് സുരക്ഷാ ബോധവത്കരണം സേഫ് കേരള സ്‌ക്വാഡിന്റെ ചുമതലയാണെങ്കിലും വിരളമായേ വകുപ്പ് ബോധവത്കരണപരിപാടികൾ സംഘടിപ്പിക്കുന്നുള്ളൂ. ഡ്രൈവർമാർക്ക് ലൈൻ ട്രാഫിക്കിൽ പരിശീലനം നൽകാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല.
സേഫ് കേരള സന്നാഹം
* ആർടിഒമാർ-14
* സ്‌ക്വാഡുകൾ-85
* വെഹിക്കിൾ ഇൻസ്‌പെക്ടർ-99
* അസി. വെഹിക്കിൾ ഇൻസ്‌പെക്ടർ-255
Content Highlights: Kerala MVD criticized for inaction against noise pollution and traffic violations; 'Safe Kerala' squad remains inadequately staffed and equipped.