വാഹനത്തിന് ഇഷ്ടനമ്പർ ലേലം ചെയ്തു, പരിവാഹൻ പണിമുടക്കിയതിനാൽ പണം അടച്ചില്ല, കൃത്യസമയത്ത് ഇടപെട്ട് ഹൈക്കോടതി

#Auto Desk
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: ലേലത്തിലൂടെ ഫാൻസി നമ്പർ ലഭിച്ചെങ്കിലും പരിവാഹൻ പോർട്ടലിന്റെ തകരാർ കാരണം ബാക്കി തുക അടയ്ക്കാൻ കഴിയാത്ത വാഹനയുടമയിൽ നിന്ന് പണം നേരിട്ട് സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇടുക്കി സ്വദേശി ടോമി തോമസ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്.

മോട്ടോർ വാഹന വകുപ്പിന്റെ ഇ-ഓക്ഷൻ വഴി 1.8 ലക്ഷം രൂപയ്ക്ക് ഇഷ്ടനമ്പർ കിട്ടിയെങ്കിലും ബാക്കി നൽകേണ്ട 1.55 ലക്ഷം രൂപ പോർട്ടൽ തകരാർ കാരണം അടയ്ക്കാനാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

നമ്പർ അനുവദിച്ച് അഞ്ചു ദിവസത്തിനകം തുക അടയ്ക്കാൻ കഴിയാതെ വന്നതോടെ ഇ-മെയിലിലും നേരിട്ടും അധികൃതർക്കു നിവേദനം നൽകിയെങ്കിലും സാങ്കേതിക തടസ്സം നീക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്.

രണ്ട് ദിവസത്തിനകം ഹർജിക്കാരൻ നേരിട്ടു തുക അടയ്ക്കുന്നപക്ഷം നമ്പർ മറ്റാർക്കും അനുവദിച്ചു നൽകരുതെന്നും അതുവരെ വാഹനത്തിന്റെ താത്കാലിക റജിസ്‌ട്രേഷൻ നീട്ടിനൽകണമെന്നും കോടതി നിർദേശിച്ചു.

Content Highlights: High Court directed MVD to accept fancy number payment directly., Issue caused by Parivahan portal technical glitch preventing online payment., Court ordered temporary vehicle registration extension and restrained re-allotment.