കെഎല്‍ 90: ഒരു മാസത്തിനുള്ളിൽ സര്‍ക്കാര്‍ വാഹനങ്ങളുടെ മേല്‍വിലാസം മാറും; രജിസ്‌ട്രേഷന്‍ ഒരു ആര്‍ടി ഓഫീസില്‍

തിരുവനന്തപുരം: സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കെഎല്‍ 90 എന്ന പ്രത്യേക രജിസ്ട്രേഷന്‍ ശ്രേണി അനുവദിക്കുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയിരുന്നു. ഇത് ഒരു മാസത്തിനുള്ളില്‍ തന്നെ നടപ്പാകുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. ഒരു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഇതുസംബന്ധിച്ചു തീരുമാനമെടുെത്തങ്കിലും കഴിഞ്ഞ ദിവസമാണ് നടപടി പൂര്‍ത്തിയായത്.
ഇത് നടപ്പിലാക്കുന്നതിടെ നിലവിലുള്ള സര്‍ക്കാര്‍വാഹനങ്ങളെല്ലാം പുതിയ നമ്പറിലേക്കു മാറണം. KL 90, KL 90 D നമ്പറുകളായിരിക്കും സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നല്‍കുക. കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെഎല്‍ 90 എ, കെഎല്‍ 90 ഇ എന്നിവയാകും നമ്പര്‍ കോഡ് നല്‍കുക. കെഎല്‍ 90 ബി, കെഎല്‍ 90 എഫ് സീരീസുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കും. ബോര്‍ഡ് കോര്‍പ്പറേഷനുകള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കെഎല്‍ 90 സി സീരീസ് ലഭിക്കും.
പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും ഒരു ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുമെന്നതാണ് പ്രധാന സവിശേഷത. തിരുവനന്തപുരം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസ് 2-ല്‍ റജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശം. നിലവില്‍ അതാത് ജില്ലകളിലെ ആര്‍ടി ഓഫീസുകളിലാണ് സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍. പുതിയവാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നതിനും പഴയവ മാറ്റുന്നതിനും ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മതിയാകും. വാഹനങ്ങള്‍ ഹാജരാക്കേണ്ടിവരില്ലെന്നാണ് സൂചന.
സ്വകാര്യ, കരാര്‍ വാഹനങ്ങളില്‍ 'കേരള സര്‍ക്കാര്‍ ബോര്‍ഡ്' ഘടിപ്പിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തണമെന്ന ആശയം ആദ്യമായി ഉയരുന്നത്. ഇത് നടപ്പില്‍ വരുത്തിയാല്‍ ദുരുപയോഗം തടയാനാകുമെന്നായിരുന്നു വിലയിരുത്തലുകള്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ നോക്കി മനസ്സിലാക്കാന്‍ കഴിയും. നിലവില്‍ 1 മുതല്‍ 86 വരെയാണ് നമ്പറുകളാണ് ആര്‍ടി ഓഫീസ് കോഡായി ഉപയോഗിക്കുന്നത്.
അതേസമയം, KL15 എന്ന കെഎസ്ആര്‍ടി ബസുകളുടെ രജിസ്‌ട്രേഷന്‍ കോഡ് തുടരും. തിരുവനന്തപുരം റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസ് 1-ല്‍ ആണ് കെഎസ്ആര്‍ടിസി ബസുകള്‍ റജിസ്റ്റര്‍ ചെയ്തുവരുന്നത്. കേരള സര്‍ക്കാര്‍ ബോര്‍ഡുവെച്ച വാഹനങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക രജിസ്‌ട്രേഷന്‍ സീരീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം. കൂടാതെ, വാഹനങ്ങളുടെ കണക്കെടുക്കാനും കാലാവധി സംബന്ധിച്ച വിവരം അറിയാനും സാധിക്കും.
Content Highlights: Kerala govt vehicles will soon have a new KL 90 registration series. Find out how this change impacts government, semi-govt, & public sector vehicles & where they`ll be registered. Learn more!