കേന്ദ്രം പറഞ്ഞിട്ടും അതിര്‍ത്തിയിലെ എം.വി.ഡി. ചെക്‌പോസ്റ്റ് പൂട്ടാതെ കേരളം; പണപ്പിരിവെന്ന് ആക്ഷേപം

#ടി. ആദിത്യന്‍
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

സംസ്ഥാനാതിര്‍ത്തികളിലെ മോട്ടോര്‍വാഹന ചെക്പോസ്റ്റുകള്‍ നിര്‍ത്തലാക്കാനുള്ള കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവുവന്ന് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പാലിക്കാതെ കേരളം. 2021 സെപ്റ്റംബറില്‍ ഇടപാടുകളെല്ലാം പരിവാഹന്‍ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായതോടെ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ബിഹാര്‍, കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി, ഗോവ, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ചെക്‌പോസ്റ്റുകള്‍ നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്.

50 കോടിരൂപയോളം വരുമാനമുണ്ടായിരുന്ന ചെക്‌പോസ്റ്റുകളില്‍, ഇടപാടുകള്‍ ഓണ്‍ലൈനായപ്പോള്‍ പകുതിയിലും താഴെയായി. ജി.പി.എസ്. ഉള്ളതിനാല്‍ കടന്നുപോകുന്ന വാഹനങ്ങളുടെ വിശദാംശങ്ങള്‍ സി.ഡി.എ.സി. മുഖേന മോട്ടോര്‍ വാഹന വകുപ്പിന് ലഭിക്കും. കേരളത്തിലെ 19 മോട്ടോര്‍ വാഹന ചെക്‌പോസ്റ്റുകളില്‍ 22 വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 70 അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 70 ഓഫീസ് അറ്റന്‍ഡര്‍മാരുമുണ്ട്. ഇവര്‍ക്കായി ലക്ഷക്കണക്കിന് രൂപയാണ് ശമ്പളയിനത്തില്‍ ചെലവഴിക്കുന്നത്. 

ജീവനക്കാരെ എന്‍ഫോഴ്‌സ്മെന്റ് വിഭാഗത്തിലേക്ക് മാറ്റാമെന്നാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കേരളത്തിലെ നാല് ഡെപ്യൂട്ടി കമ്മിഷണര്‍മാരും, ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, പണപ്പിരിവ് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കാത്തതെന്നാണ് ആക്ഷേപമുയരുന്നത്. 

ശബരിമല സീസണില്‍മാത്രം തുറക്കുന്ന കമ്പംമേട് ചെക്പോസ്റ്റ് ഈ വര്‍ഷവും തുടങ്ങണമെന്നും ഒരുലക്ഷം രൂപ വേണമെന്നും ഇടുക്കി ആര്‍.ടി.ഒ. ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമുള്ളതിനാല്‍ സാധിക്കില്ലെന്ന് മധ്യമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തികളിലുള്‍പ്പെടെ ക്യാമറ സ്ഥാപിച്ച് നിയമലംഘനംനടത്തുന്ന വാഹനങ്ങള്‍ സ്‌ക്വാഡിന് പിടികൂടാനാവുമെന്ന് ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. രാജീവ് പറഞ്ഞു.

Content Highlights: Kerala did not complied the order of central government to stop mvd check post in state borders