AI ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു; 80 ലക്ഷം പേരിൽനിന്നായി പിഴയീടാക്കുക 500 കോടി

ആലത്തൂർ: പിഴയടയ്ക്കാനുള്ള ചലാൻ കുറച്ചുകാലമായി കിട്ടാതിരുന്നതിനാൽ നാട്ടിലെ എ.ഐ. ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് കരുതി ഗതാഗതനിയമങ്ങൾ ലംഘിച്ചവർ ‘വലിയപിഴ’ ഒടുക്കേണ്ടിവരും. പിഴയടയ്ക്കാനുള്ള ചലാൻ അയക്കൽ കെൽട്രോൺ പുനരാരംഭിച്ചു. കെൽട്രോണിന് സംസ്ഥാന സർക്കാർ നൽകാനുണ്ടായിരുന്ന പ്രതിഫലത്തുക അനുവദിച്ചതോടെയാണിത്.
80 ലക്ഷം പേരിൽനിന്ന് 500 കോടി രൂപ പിഴയീടാക്കാനുണ്ടെന്നാണ് കണക്ക്. തുടക്കത്തിൽ വിവാദമുണ്ടായെങ്കിലും ഗതാഗതനിയമലംഘനം തടയുന്നതിനൊപ്പം സർക്കാരിന് വരുമാനംകൂടിയാകുകയാണ് പാതകളിലെ എ.ഐ. ക്യാമറകൾ.
2023 ജൂലായിലാണ് 232 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ പൊതുമരാമത്ത് പാതകളിൽ 732 എ.ഐ. ക്യാമറകൾ കെൽട്രോൺ സ്ഥാപിച്ചത്. ക്യാമറയിൽ കുടുങ്ങുന്ന നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാനുള്ള ചലാൻ അയക്കുന്ന ചുമതലയും കെൽട്രോണിനാണ്. ഇതിന് മൂന്നുമാസത്തിലൊരിക്കൽ 11.6 കോടി രൂപവീതം ധനവകുപ്പ് നൽകണമെന്നായിരുന്നു വ്യവസ്ഥ. ഈ തുകയിൽ കുടിശ്ശികയായിരുന്ന കഴിഞ്ഞ നാലുതവണകൾ ധനവകുപ്പ് അനുവദിച്ചതോടെയാണ് കെൽട്രോൺ ‘വീണ്ടും പണി തുടങ്ങി’യത്. സെപ്‌റ്റംബറിൽ നൽകേണ്ടിയിരുന്ന തുക മാത്രമാണ് ഇനി അനുവദിക്കാനുള്ളത്.
2023 ജൂലായ്‌മുതൽ ഇതുവരെ 80 ലക്ഷം നിയമലംഘനങ്ങളാണ് സംസ്ഥാനത്തെ എ.ഐ. ക്യാമറകളിൽ പതിഞ്ഞത്.
ആദ്യ മൂന്നുമാസങ്ങളിൽ കുറച്ചുപേർക്ക് ചലാൻ അയച്ചിരുന്നു. 80 ലക്ഷം പേരിൽ വലിയൊരുവിഭാഗം ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന പ്രചാരണം വിശ്വസിച്ചുണ്ടായ നിസ്സംഗതമൂലം ആവർത്തിച്ചുള്ള ഗതാഗത നിയമലംഘനം നടത്തിയവരാണ്. ഇവരെ കാത്തിരിക്കുന്നത് വലിയൊരു തുകയാകും. എം. പരിവാഹൻ സൈറ്റിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ കൊടുത്ത് ‘പിഴയിൽ പെട്ടിട്ടുണ്ടോ’ എന്ന് മുൻകൂട്ടി അറിയാം.
Content Highlights: AI cameras in Kerala resume issuing traffic violation fines. Millions of pending violations