തീപ്പിടിച്ചാല്‍ സീറ്റിന്റെ ഇരുവശത്ത് നിന്നും വെള്ളം ചീറ്റും; കര്‍ണാടക ആര്‍ടിസിയുടെ അത്യാഡംബര ബസുകള്‍

'ഐരാവത് ക്ലബ് ക്ലാസ് 2.0' എന്ന പേരില്‍ കര്‍ണാടക ആര്‍.ടി.സി. 20 പുതിയ വോള്‍വൊ ബസുകള്‍ പുറത്തിറക്കി. കോഴിക്കോട്, കാസര്‍കോട് ഉള്‍പ്പെടെ പത്തുസ്ഥലങ്ങളിലേക്കാകും പുതിയ ബസുകള്‍ സര്‍വീസ് നടത്തുക. വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
1.78 കോടി രൂപയാണ് ഒരു ബസിന്റെ വില. നിലവിലുള്ള ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് ഐരാവത് ക്ലബ് ക്ലാസ് 2.0. 20 'ഐരാവത് ക്ലബ് ക്ലാസ് 2.0' ബസുകള്‍ വന്നതോടെ രാജ്യത്ത് ഏറ്റവും അധികം ഇന്റര്‍സിറ്റി വോള്‍വോ ബസുകളുള്ള കോര്‍പ്പറേഷനെന്ന നേട്ടത്തിലെത്തി കര്‍ണാടക ആര്‍.ടി.സി.
കര്‍ണാടക ആര്‍.ടി.സി. നിലവില്‍ 443 ആഡംബര ബസുകളുള്‍പ്പെടെ 8,849 ബസുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ദിവസേന 35 ലക്ഷത്തോളം ആളുകള്‍ കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ ഉപയോഗിക്കുന്നുണ്ട്.
മെച്ചപ്പെട്ട സുരക്ഷ
അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും ഈ ബസിന്റെ പ്രത്യേകതയാണ്. ഫയര്‍ അലാറാം ആന്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം (എഫ്.എ.പി.എസ്.) ഉള്‍പ്പെടെ ഒട്ടേറെ സുരക്ഷാ സംവിധാനങ്ങള്‍ ബസിലുണ്ട്. തീപ്പിടിത്തമുണ്ടായാല്‍ സീറ്റിന്റെ ഇരുവശത്തുമുള്ള വാട്ടര്‍ പൈപ്പുകളിലൂടെ വെള്ളം പുറത്തുവിടാന്‍ സാധിക്കുന്ന വിധത്തിലാണ് എഫ്.എ.പി.എസ്. സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കും മെച്ചപ്പെട്ട സേവനത്തിനുമുള്ള കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിജ്ഞാബദ്ധതയാണ് ഈ സംവിധാനം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
കൂടുതല്‍ സൗകര്യം
യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് രൂപകല്പന ചെയ്തിരിക്കുന്ന ബസിന് 15 മീറ്ററാണ് നീളം. 3.5 ശതമാനം അധികം ലെഗ്റൂമും 5.6 ശതമാനം അധികം ഹെഡ് റൂമും ഉണ്ട്. ജനല്‍ച്ചില്ലുകളും വലുതാണ്. ലഗേജ് വെക്കുന്നതിന് 20 ശതമാനം അധികം സ്ഥലവും ഒരുക്കിയിട്ടുണ്ട്. സ്‌കാന്‍ഡിനേവിയന്‍ പ്രചോദനമുള്‍ക്കൊണ്ടുള്ള എക്സ്റ്റീരിയറും ഇന്ധനക്ഷമതയുള്ള രൂപകല്പനയും ശ്രദ്ധേയമാണ്.
ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്, കാസര്‍കോട്, റായ്ചൂരു, മന്ത്രാലയ, കുന്ദാപുര, ഗോവ, ശിവമോഗ, മൈസൂരു, ഹൈദരാബാദ്, തിരുപ്പതി എന്നിവിടങ്ങളിലേക്കാകും ഈ ബസുകള്‍ സര്‍വീസ് നടത്തുക.
Content Highlights: karnataka rtc launches 20 new airavat club classluxury buses