മികച്ച തൊഴിലാളികളും സാങ്കേതികവിദ്യയും, കേരളം രാജ്യത്തെ ഓട്ടോമൊബൈല്‍ ഹബ്ബാകുമെന്ന് വിദഗ്ധര്‍

.
.

ഇന്ത്യയിലെ വാഹനമേഖലയില്‍ കേരളത്തിന്റെ മേല്‍കൈ ഉയര്‍ത്തികാട്ടി ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025-ന്റെ പവറിങ് ദി ഫ്യൂച്ചര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി സെഷന്‍. രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയിലെ വ്യവസായ പ്രമുഖരും ഡിസൈന്‍ വിദഗ്ധരുമാണ് സെഷനില്‍ സംസാരിച്ചത്. രാജ്യത്തിന്റെ ഓട്ടോമൊബൈല്‍ ഹബ്ബായി മാറാനുള്ള കേരളത്തിന്റെ സാധ്യതകളാണ് സെഷനില്‍ പ്രധാനമായും ചര്‍ച്ചയായത്. വാഹന മേഖലയുടെ ഭാവിയും പ്രധാന ചര്‍ച്ച വിഷയമായി. 

കേരളത്തിലെ വിദഗ്ധരായ തൊഴിലാളികളുടെ സാന്നിധ്യവും സംസ്ഥാനത്ത് വ്യവസായിക പുരോഗതി കൈവരിക്കാനുള്ള സാധ്യതയും ചര്‍ച്ചയായതിനൊപ്പം, കേരളത്തിലെ ആളുകളുടെ ചിന്താഗതിയും എല്ലാ മേഖലയിലെയും മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുന്ന മനോഭാവവും ഒരു ഓട്ടോമോട്ടീവ് കേന്ദ്രമെന്ന നിലയില്‍ സംസ്ഥാനത്തെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളാണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ആളുകളുടെ കൂട്ടായ വിലയിരുത്തല്‍. 

സാങ്കേതികവിദ്യകളുടെ വികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കേരള സര്‍ക്കാരിന്റെ വലിയ പിന്തുണയാണുള്ളത്. വാഹനരംഗത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ ഒരുക്കാന്‍ കേരളത്തിന് സാധിക്കും. ഓട്ടോമോട്ടീവ് ടെക്‌നോളജി വികസിപ്പിക്കുന്നതിന് ആഗോളതലത്തില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ആക്‌സിയ ടെക്‌നോളജീസിന്റെ സ്ഥാപകനും സി.ഇ.ഒയുമായി ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു. 

പുരോഗമനപരമായി ചിന്തിക്കാന്‍ കഴിയുന്ന ഉപയോക്താക്കളും വാഹനങ്ങളുടെ പുതിയ ഡിസൈന്‍ ആശയങ്ങളെ സ്വീകരിക്കാനുള്ള മനസുമാണ് ഇന്ത്യക്കും പ്രത്യേകിച്ച് കേരളത്തിലും ഈ മേഖലയില്‍ വലിയ സാധ്യതകള്‍ തുറന്നിടുന്നതെന്നാണ് ഈ സെഷനില്‍ സംസാരിച്ച മറ്റുള്ളവര്‍ അവകാശപ്പെടുന്നത്. ഓട്ടോമോട്ടീവ് മേഖലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് വ്യവസായ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. 

ഇന്‍ഡസ്ട്രി-എക്‌സ് സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് വെഹിക്കിള്‍സ് അഡ്വാന്‍സ്ഡ് ടെക്‌നോളജി സെന്റര്‍ ആക്സെഞ്ചറിന്റെ മാനേജിംഗ് ഡയറക്ടര്‍ രാഘവേന്ദ്ര കുല്‍ക്കര്‍ണി, ടാറ്റ മോട്ടോഴ്സിലെ ഇന്ത്യന്‍ ഡിസൈന്‍ സ്റ്റുഡിയോ മേധാവി അജയ് ജെയിന്‍, ആക്‌സിയ ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ ജിജിമോന്‍ ചന്ദ്രന്‍, മഹീന്ദ്ര റിസര്‍ച്ച് വാലി വൈസ് പ്രസിഡന്റ് ഡോ. ശങ്കര്‍ വേണുഗോപാല്‍, അശോക് ലെയ്ലാന്‍ഡ് വൈസ് പ്രസിഡന്റ് സച്ചിന്‍ ഗോയല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Content Highlights: Invest Kerala Summit 2025 highlights Keralas potential as Indias automotive hub