അന്യസംസ്ഥാന ബസ് അതിര്‍ത്തി വരെ, പിന്നെ കേരള ബസ്; ഒടുവില്‍ പിടിവീണു, പിഴ 2.31 ലക്ഷം രൂപ

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

നികുതിയടയ്ക്കാതെ കേരളാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച മഹാരാഷ്ട്ര രജിസ്ട്രേഷന്‍ ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി പിഴയീടാക്കി. സംസ്ഥാനാതിര്‍ത്തിയായ ഇഞ്ചിവിളയില്‍വെച്ച് പിടികൂടിയ ബസിന് 2.31 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 

ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കിലും സംസ്ഥാനത്തെ നികുതി അടച്ചാല്‍ മാത്രമേ വാഹനങ്ങള്‍ക്ക് ഇപ്പോള്‍ പ്രവേശനം അനുവദിക്കൂ. ഇതു മറികടക്കാന്‍ ഇത്തരം ബസുകള്‍ അതിര്‍ത്തിയില്‍ യാത്ര അവസാനിപ്പിച്ച് കേരള രജിസ്‌ട്രേഷന്‍ ബസുകളില്‍ യാത്രക്കാരെ കയറ്റിയയയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പ്രത്യേക പരിശോധന ആരംഭിച്ചത്.

വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവില്‍ നിന്നെത്തിയ ബസ് സംസ്ഥാനാതിര്‍ത്തി കടന്ന് ഇഞ്ചിവിളയില്‍ എത്തിയശേഷം യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി തിരികെ പോകാനൊരുങ്ങുമ്പോഴാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ സ്‌ക്വാഡ് പിടികൂടിയത്.

വാഹനം പിടിച്ചെടുത്ത് പാറശ്ശാല കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേക്ക് മാറ്റി. ബസ് ഉടമയില്‍നിന്ന് നികുതിക്ക് പുറമേയാണ് പിഴയീടാക്കിയത്. ഇത്തരം വാഹനങ്ങള്‍ക്കെതിരേ തുടര്‍ന്നും നടപടിയുണ്ടാകുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. അജിത്ത് കുമാര്‍ പറഞ്ഞു.

Content Highlights: inter state bus service, tourist bus, all india permit tourist bus, mvd kerala, tourist bus