പ്രളയമേഖലയിൽ 'അത്ഭുത വാഹന'മിറക്കി ഇന്ത്യൻ സൈന്യം; ATOR N1200-ന്റെ രക്ഷാപ്രവർത്തനത്തിന് കൈയടി| VIDEO

ATOR N1200| photo:X
ATOR N1200| photo:X

കഴിഞ്ഞ ഒരാഴ്ചയായി ഉത്തരേന്ത്യയിൽനിന്ന് കനത്ത മഴ, മേഘവിസ്ഫോടനം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും കനത്ത മഴയാണ്. പഞ്ചാബിലെ അമൃത്സറിലും സ്ഥിതിഗതികൾ രൂക്ഷമാണ്. ജലനിരപ്പ് ഉയർന്നതിനാൽ നിരവധി ആളുകൾ വീടുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവിടത്തെ ജനങ്ങളെ
രക്ഷപ്പെടുത്തുന്നതിനായി ATOR N1200 SMV വാഹനവുമായി ഇന്ത്യൻ സൈന്യം രംഗത്തിറങ്ങിയ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലടക്കം
ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. 

മാധ്യമപ്രവർത്തകനായ ഗഗൻദീപ് സിങ് തൻ്റെ എക്സ് പ്രൊഫൈലിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമൃത്സറിലെ താഴ്ന്ന പ്രദേശങ്ങളുടെ അവസ്ഥ വീഡിയോയിൽ കാണാം. കനത്ത മഴയെത്തുടർന്ന് മിക്ക കൃഷിയിടങ്ങളും നദികൾക്ക് സമീപമുള്ള പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. നദികളിലെ ജലനിരപ്പും ഉയർന്നതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ വെല്ലുവിളി നിറഞ്ഞതായി. പ്രാദേശിക പോലീസും എൻഡിആർഎഫും ഇന്ത്യൻ സൈന്യവും സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചതായി വീഡിയോയിൽ പറയുന്നു. 

കരകവിഞ്ഞൊഴുകുന്ന നദിയിലേക്കോ വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലേക്കോ ATOR എളുപ്പത്തിൽ ഓടിച്ചുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. വെള്ളത്തിലായിരിക്കുമ്പോൾ, പ്രത്യേക ഡിസൈനിലുള്ള വലിയ ടയറുകൾ പങ്കായങ്ങൾ പോലെ പ്രവർത്തിച്ച് വാഹനത്തെ മുന്നോട്ട് തള്ളുന്നു. ലിവറുകൾ ഉപയോഗിച്ച് ഡ്രൈവർക്ക് വാഹനത്തിൻ്റെ ചലന ദിശ എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയും. ഉദ്യോഗസ്ഥർക്ക് ഇരിക്കാനായി പിന്നിൽ ഉയരമുള്ള ഭാ​ഗത്ത് ക്യാബിനുണ്ട്. വീടുകളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ കൊണ്ടുപോകാനാണ് പിന്നിലെ ബെഞ്ചുകൾ ഉപയോഗിക്കുന്നത്. സൈന്യത്തിന്റെ ഈ രക്ഷാപ്രവർത്തനം സാമൂഹിക മാധ്യമങ്ങളിൽ കൈയടി നേടുകയാണ്. 

സ്പെഷ്യലിസ്റ്റ് മൊബിലിറ്റി വെഹിക്കിളുകൾ (SMV) 

ഒരു മൾട്ടി-ടെറൈൻ ആംഫിബിയസ് വാഹനമാണ്. ഇതിന് യാതൊരു പ്രശ്നവുമില്ലാതെ വെള്ളത്തിൽ പൊങ്ങിക്കിടക്കാനും സഞ്ചരിക്കാനും കഴിയും. മഞ്ഞ്, ഐസ്, ചതുപ്പുനിലങ്ങൾ, മണൽക്കൂനകൾ, പാറകൾ നിറഞ്ഞ പ്രദേശം എന്നിവിടങ്ങളിലും ഇത് എളുപ്പത്തിൽ ഓടിക്കാൻ കഴിയും. ഇത് രക്ഷാപ്രവർത്തനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. ഇന്ത്യൻ സൈന്യം അടുത്തിടെയാണ് ATOR N1200 തങ്ങളുടെ വാഹന വ്യൂഹത്തിൽ ഉൾപ്പെടുത്തിയത്. 

ATOR N1200-ലെ വലിയ ടയറുകൾക്ക് ഒരു ബട്ടൺ അമർത്തിയാൽ കാറ്റ് കുറയ്ക്കാനും നിറയ്ക്കാനും സാധിക്കും. യുകെ ആസ്ഥാനമായുള്ള കോപാറ്റോയുമായി സഹകരിച്ച് ജെഎസ്ഡബ്ല്യു ഗെക്കോ മോട്ടോഴ്‌സാണ് ATOR N1200 നിർമിക്കുന്നത്. ഇത് ഷെർപ്പ് N1200 ആംഫിബിയസ് വാഹനത്തിന്റെ ഇന്ത്യൻ പതിപ്പാണ്. 2024-ൽ ഇന്ത്യൻ സൈന്യം 250 കോടി രൂപയ്ക്ക് ഇത്തരത്തിലുള്ള 94 വാഹനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു.  ചണ്ഡീഗഢിലാണ് ATOR നിർമിക്കുന്നത്.
 


 

Content Highlights: The Indian Army deployed the ATOR N1200 amphibious vehicle to rescue stranded people in flood