ഡീസൽ രഹിത യാത്രയിലേക്ക് ഇന്ത്യൻ റെയിൽവേ; രാജ്യത്തെ ആദ്യ LNG ട്രെയിനിന് പച്ചക്കൊടിവീശി അമിത് ഷാ

ഇന്ത്യയുടെ റെയിൽ ഗതാഗത മേഖലയിൽ വലിയ മാറ്റത്തിന് തുടക്കം കുറിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ എൽ.എൻ.ജി (ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്) ട്രെയിൻ പുറത്തിറക്കിയിരിക്കുകയാണ് സർക്കാർ. എൽ.എൻ.ജിയിലും ഡീസലിൽ പ്രവർത്തിക്കാൻ സാധിക്കുന്ന രാജ്യത്തെ ആദ്യത്തെ ട്രെയിൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേർന്ന് ഗുജറാത്തിലെ സബർമതിയിൽ ഞായറാഴ്ച ഫ്‌ളാഗ്ഓഫ് ചെയ്തു.
ഇന്ത്യൻ റെയിൽവേയിൽ ഡീസലിന്റെ ഉപയോഗം കുറയ്ക്കുകയും മലിനീകരണം കുറഞ്ഞ ഇന്ധനത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് എൽ.എൻ.ജി. ട്രെയിൻ എത്തിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ഇതൊരു തുടക്കമാണെന്നും 2030-ഓടെ ഇന്ത്യൻ റെയിൽവേയിൽ ഡീസലിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.
ഡീസൽ-എൽ.എൻ.ജി ഡ്യുവൽ ഫ്യുവൽ സംവിധാനത്തിലാണ് ഈ ട്രെയിൻ ഒരുങ്ങിയിരിക്കുന്നത്. സബർമതി ഇന്റഗ്രേറ്റഡ് കോച്ച് ഡിപ്പോയിലെ 1400 എച്ച്.പി. കരുത്ത് ഉത്പാദിപ്പിക്കുന്ന രണ്ട് ഡ്രൈവിങ് പവർ കാറുകൾ (ഡിപിസി) ആണ് ഡ്യുവൽ ഫ്യുവൽ സംവിധാനത്തിലേക്ക് മാറ്റിയെടുത്തത്. ഈ പരീക്ഷണത്തിന്റെ ഫലമായാണ് ഈ ട്രെയിനിലെ ഡീസലും എൽഎൻജിയും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലേക്ക് മാറ്റിയെടുത്തിരിക്കുന്നത്.
ഡ്യുവൽ ഫ്യുവൽ സംവിധാനത്തിലേക്ക് മാറ്റിയെടുത്ത ഡിപിസികളുടെ പ്രവർത്തനക്ഷമതയും വിശ്വാസ്യതയും സാങ്കേതികവിദ്യയും വിലയിരുത്തുന്നതിനായി 2000 കിലോമീറ്ററിൽ അധികം ഫീൽഡ് ട്രയലും ഈ ട്രെയിൻ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് ഇന്ത്യൻ റെയിൽവേ അവകാശപ്പെടുന്നത്. ഡിപിസിയിൽ വരുത്തിയ മാറ്റത്തിലൂടെ 40 ശതമാനം ഡീസലിന്റെ ഉപയോഗം എൽ.എൻ.ജി. ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഡീസലിന്റെ ഉപയോഗം 40 ശതമാനം കുറയ്ക്കാൻ സാധിച്ചുവെന്നതിലുപരി, എൽ.എൻ.ജിയുടെ ഉപയോഗത്തിലൂടെ ഡീസലിനായി വരുന്ന ചെലവ് ലാഭിക്കാനും, കൺബൺ ഡയോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ്, മറ്റ് മലിനീകരണമുണ്ടാക്കുന്ന പദാർഥങ്ങൾ തുടങ്ങിയവ പുറന്തള്ളുന്നത് കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. ഒരു ഡിപിസിയിൽ നിന്ന് 11.9 ലക്ഷം രൂപയും എട്ട് കോച്ചുകളുള്ള ഒരു റേക്കിൽ നിന്ന് 23.9 ലക്ഷം രൂപയും ഒരു വർഷം ലാഭവരുമെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്.
എൽ.എൻ.ജി. ട്രെയിനിലെ ഓരോ ഡി.പി.സികളിലുമായി 2200 ലിറ്റർ സംഭരണ ശേഷിയുള്ള എൽ.എൻ.ജി. ടാങ്കുകളാണ് നൽകിയിരിക്കുന്നത്. ഇതിൽ ഏകദേശം 900 കിലോഗ്രാം എൽ.എൻ.ജി. വരെ നിറയ്ക്കാൻ സാധിക്കും. ഫുൾ ടാങ്ക് എൽ.എൻ.ജി ഉപയോഗിച്ച് 1600 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ അവകാശപ്പെടുന്നത്. മറ്റ് നിരവധി പദ്ധതികളുടെ ഉദ്ഘാനത്തിനൊപ്പമാണ് അമിത് ഷാ എൽ.എൻ.ജി. ട്രെയിൻ ഫ്‌ളാഗ്ഓഫ് ചെയ്തത്.
Content Highlights: India's first LNG-powered train flagged off in Sabarmati, Gujarat by Amit Shah and Bhupendra Patel., Aims to achieve complete elimination of diesel usage in Indian Railways by 2030., Dual-fuel system reduces diesel consumption by 40% and lowers carbon emissions., Offers a range of 1600 km on a full LNG tank, saving millions in annual fuel costs.