ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ; കുറഞ്ഞ നികുതിയിൽ ഒരുലക്ഷം കാറുകൾ ഇറക്കുമതിചെയ്യാം

#Auto Desk
പ്രതീകാത്മക ചിത്രം | Photo: Land Rover
പ്രതീകാത്മക ചിത്രം | Photo: Land Rover

ലോകത്തെ ഏറ്റവുംവലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ നടപ്പിലാക്കിയാൽ, ഇതിലെ താരിഫ് ഷെഡ്യൂൾ അനുസരിച്ച് ആദ്യവർഷം യൂറോപ്യൻ കാർ നിർമാതാക്കൾക്ക് ഒരുലക്ഷം കാറുകൾ കുറഞ്ഞ ഇറക്കുമതി തീരുവയിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കും. പത്തുവർഷം ആകുന്നതോടെ കുറഞ്ഞ തീരുവയിൽ ഇറക്കുമതി ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണം പ്രതിവർഷം 1.6 ലക്ഷമായി ഉയരും.

ഇന്റേണൽ കംബസ്റ്റ്യൻ എൻജിൻ (ഐ.സി.ഇ), നോൺ പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകൾ എന്നിവയാണ് കുറഞ്ഞ തീരുവയിൽ ഇന്ത്യയിൽ എത്തിക്കാൻ അനുമതി നൽകുന്നത്. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ 2026 ജനുവരിയിൽ പൂർത്തിയാക്കിയിരുന്നു. എന്നാൽ, കരാറിൽ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ഈവർഷം അവസാനത്തോടെ കരാർ ഒപ്പുവയ്ക്കുമെന്നും 2027-ൽ ഇത് പ്രാബല്യത്തിൽ വരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

15,000 യൂറോ മുതൽ 35,000 യൂറോ വരെ വിലയുള്ള ഐ.സി.ഇ, ഹൈബ്രിഡ് കാറുകൾക്ക് ആദ്യവർഷം 35 ശതമാനം ഇറക്കുമതി തീരുവയായിരിക്കും ഈടാക്കുക. അതേസമയം, 35,000 യൂറോയ്ക്കും 50,000 യൂറോയ്ക്കും ഇടയിൽ വിലയുള്ള കാറുകൾക്കും 50,000 യൂറോയ്ക്ക് മുകളിൽ വിലയുള്ളവയ്ക്കും 30 ശതമാനം ഇറക്കുമതി തീരുവയായിരിക്കും ചുമത്തുക. 15,000 യൂറോയിൽ താഴെ വിലയുള്ള കാറുകൾക്ക് ആദ്യവർഷം താരിഫിൽ ഇളവ് ലഭിക്കില്ലെന്നാണ് റിപ്പോർട്ട്.

നികുതി ഇളവ് ലഭിക്കുന്ന ഒരുലക്ഷം യൂണിറ്റുകളെയും വിലയുടെ അടിസ്ഥാനത്തിൽ മൂന്നായി തിരിക്കുന്നുണ്ട്. 15,000 യൂറോയ്ക്കും 35,000 യൂറോയ്ക്കും ഇടയിൽ വിലയുള്ള 34,000 യൂണിറ്റും, 35,000 യൂറോയ്ക്കും 50,000 യൂറോയ്ക്കും ഇടയിൽ വിലയുള്ളതും 50,000 യൂറോയ്ക്ക് മുകളിൽ വിലയുള്ളതുമായ 33,000 യൂണിറ്റ് വീതവും ഇളവുകളോടെ ഇറക്കുമതിചെയ്യാൻ കഴിയും.

തീരുവ ഇളവുകളോടെ രണ്ടാംവർഷം 1,07,500 കാറുകളാണ് ഇറക്കുമതിചെയ്യാൻ അനുവദിക്കുന്നത്. മൂന്നാംവർഷം ഇത് 1,15,000 ആയി ഉയരും. നാലാംവർഷം 1.22 ലക്ഷവും അഞ്ചാം വർഷം 1.30 ലക്ഷം വാഹനങ്ങളും തീരുവ ഇളവുകളോടെ ഇന്ത്യയിൽ എത്തിക്കാൻ അനുവദിക്കും. ഇത്തരത്തിൽ ഘട്ടംഘട്ടമായാണ് പത്താം വർഷമാകുമ്പോഴേക്കും 1.60 ലക്ഷം കാറുകൾ നികുതി ഇളവുകൾ ബാധകമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്നത്.

എന്നാൽ, പത്താംവർഷം ആകുന്നതോടെ മൂന്ന് വില വിഭാഗത്തിലുമുള്ള വാഹനങ്ങളുടെയും തീരുവ പത്ത് ശതമാനമായിരിക്കുമെന്നാണ് റിപ്പോർട്ട്. ഇലക്ട്രിക്, പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനങ്ങൾക്ക് പ്രാരംഭഘട്ടത്തിൽ ഇറക്കുമതി തീരുവയിൽ ഇളവ് ലഭിക്കില്ല. എന്നാൽ, കരാറിന്റെ അഞ്ചാം വർഷം മുതൽ 20,000 യൂറോയ്ക്ക് മുകളിൽ വിലയുള്ള ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾക്ക് ഇറക്കുമതി തീരുവയിൽ ഇളവ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുന്ന ഇലക്ട്രിക്, പ്ലഗ് ഇൻ ഹൈബ്രിഡ് കാറുകളുടെ കാര്യത്തിൽ, അഞ്ചാംവർഷം ഇളവുകളോടെ 20,000 എണ്ണം ഇന്ത്യയിൽ എത്തിക്കാൻ അനുവദിക്കും. 14 വർഷം ആകുമ്പോഴേക്കും ഇത് 90,000 എണ്ണമാക്കി വർധിപ്പിക്കുമെന്നാണ് വിവരം. അഞ്ചാം വർഷം 30 ശതമാനം തീരുവയാണ് ഈ വാഹനങ്ങൾക്ക് ഈടാക്കുന്നതെങ്കിൽ പത്താം വർഷംമുതൽ ഈ വാഹനങ്ങൾക്കും 10 ശതമാനമായിരിക്കും തീരുവ.

Content Highlights: India-EU FTA allows importing 1 lakh cars at lower duty in the first year., Import quota will increase to 1.6 million cars annually by the 10th year., ICE and non plug-in hybrid cars are eligible for initial tariff reductions., Electric and plug-in hybrid cars will get duty concessions from the 5th year onwards.