ഉബറിനും ഒലയ്ക്കും ആപ്പ് വെക്കാന്‍ കേന്ദ്രം; സഹകരണ ടാക്‌സി വരുന്നു, നേട്ടങ്ങള്‍ എന്തെല്ലാം?

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ഹകരണമേഖലയില്‍ ഒല, ഉബര്‍ മാതൃകയില്‍ ടാക്‌സി വാഹന സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. സഹകരണവകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി അമിത് ഷായാണ് കഴിഞ്ഞദിവസം പാര്‍ലമെന്റിനെ ഇക്കാര്യം അറിയിച്ചത്. ഗുജറാത്ത് കേന്ദ്രീകരിച്ച് രാജ്യത്തെ ആദ്യത്തെ സഹകരണ സര്‍വകലാശാല സ്ഥാപിക്കുന്നതിന് വ്യവസ്ഥചെയ്യുന്ന ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ടൂവീലറുകള്‍, ഓട്ടോറിക്ഷകള്‍, നാലുചക്രവാഹനങ്ങള്‍ എന്നിവയാവും സഹകരണടാക്‌സികളുടെ കീഴില്‍ സര്‍വീസ് നടത്തുക. ഇടനിലക്കാരെ ഒഴിവാക്കി ലാഭവിഹിതം ഡ്രൈവര്‍മാരിലേക്ക് നേരിട്ട് എത്തുന്ന രീതിയിലാവും പ്രവര്‍ത്തനം. സഹകരണ സംഘങ്ങള്‍ക്ക് സര്‍വീസ് ആരംഭിക്കാം.

സര്‍ക്കാര്‍ പിന്തുണ ലഭിക്കുന്നതോടെ സ്വകാര്യ സര്‍വീസുകള്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരേയും ഉപഭോക്താക്കളേയും പുതിയ സംവിധാനത്തിലേക്ക് എത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശയം നടപ്പാവുന്നതോടെ സ്വകാര്യസര്‍വീസുകള്‍ക്ക് ബദലായി സര്‍ക്കാര്‍ പിന്തുണയില്‍ ആപ്പ് പുറത്തിറക്കുന്ന ആദ്യരാജ്യമായി ഇന്ത്യമാറും. സഹകരണമേഖലയില്‍ സര്‍വീസ് തുടങ്ങുന്നതോടെ സ്വകാര്യ ആപ്പുകള്‍ക്കും വിലക്കുറവും ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും നല്‍കേണ്ടിവരും. വിവിധ ഒപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പല തുക ഈടാക്കുന്നു എന്ന ആരോപണം നേരത്തെ സ്വകാര്യ ആപ്പുകള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സഹകരണ ടാക്‌സിക്ക് സര്‍ക്കാര്‍ വഴിയൊരുക്കുന്നത്.

ഉബറിനും ഒലയ്ക്കും സമാനമായി ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കാന്‍ നേരത്തെ തന്നെ ശ്രമങ്ങള്‍ നടന്നിരുന്നു. 2017-ല്‍ ഡല്‍ഹിയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ സേവ കാബ് എന്ന പേരില്‍ സര്‍വീസ് ആരംഭിച്ചിരുന്നു. കേരളം സവാരി എന്ന പേരില്‍ തുടങ്ങിയ ആപ്പും പരാജയമായിരുന്നു. സര്‍ക്കാരിന്റെ ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന നമ്മ യാത്രി ആപ്പാണ് ഇതില്‍ താരതമ്യേന വിജയം നേടിയത്. ബെംഗളൂരുവിലെ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ (എആര്‍ഡിയു) ആണ് ആപ്പിന് പിന്നില്‍.

Content Highlights: Indian govt to launch cooperative-run alternative to Uber, Ola