E20 വൻവിജയം, ഇനി ഫ്‌ളെക്‌സ് ഫ്യുവൽ വാഹനം ഉൾപ്പെടെ വലിയ ലക്ഷ്യങ്ങളെന്ന്‌ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

#Auto Desk
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് തരുണ്‍ കപൂര്‍, മാരുതി സുസുക്കിയുടെ ഫ്‌ളെക്‌സ് ഫ്യുവല്‍ മോഡല്‍ | Photo: PTI
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് തരുണ്‍ കപൂര്‍, മാരുതി സുസുക്കിയുടെ ഫ്‌ളെക്‌സ് ഫ്യുവല്‍ മോഡല്‍ | Photo: PTI

20 ശതമാനം എഥനോൾ കലർന്ന പെട്രോൾ, ഇ20 ഫ്യുവലുമായി ബന്ധപ്പെട്ട വിവാദങ്ങളും വിമർശനങ്ങളും ചുടുപിടിക്കുന്നതിനിടെ പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഉപദേഷ്ടാവ് തരുൺ കപൂർ. പെട്രോളിലെ എഥനോൾ മിശ്രണം 20 ശതമാനത്തിൽ അധികം വർധിപ്പിക്കുന്നതിലും കൂടുതൽ ഫ്‌ളെക്‌സ് ഫ്യുവൽ വാഹനങ്ങൾ എത്തിക്കുന്നതിലുമായിരിക്കും ഇനി ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തരുൺ കപൂർ വ്യക്തമാക്കി. 

പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രണമെന്ന ലക്ഷ്യം രാജ്യം കൈവരിച്ചിരിക്കുകയാണ്. ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഫ്‌ളെക്‌സ് ഫ്യുവൽ വാഹനങ്ങളിലും പെട്രോളിലെ എഥനോൾ മിശ്രണം 20 ശതമാനത്തിൽ കൂടുതൽ ആകുകയും ചെയ്യുന്നതിലുമാണെന്നാണ് തരുൺ കപൂർ പറഞ്ഞത്. ഇന്ത്യൻ ഷുഗർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഇന്ത്യ ഷുഗർ ആൻഡ് ബയോ എനർജി കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇ20 ഇന്ധനം പ്രായോഗികമല്ലാത്ത വാഹനങ്ങളിൽ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളെ കുറിച്ചുള്ള വിമർശനങ്ങൾ അംഗീകരിച്ചതിനൊപ്പം ഇ20 പദ്ധതി വിജയിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ20 വരെ ഇത് വളരെ വിജയകരമായിരുന്നു. ഇനി ശ്രദ്ധിക്കുന്നത് ഇ20-യെക്കാൾ ഉയർന്ന ശതമാനത്തിലുള്ള മിശ്രണം അനുവദിക്കുന്നതിലാണ്. ഇത് ഫ്‌ളെക്‌സ് ഫ്യുവൽ വാഹനങ്ങളിലൂടെ തന്നെ ആകണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ നിരവധി വാഹന നിർമാതാക്കൾ ഫ്‌ളെക്‌സ് ഫ്യുവൽ വാഹനങ്ങൾ ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവ എത്തുന്നതോടെ എഥനോളിന്റെ ഉപയോഗം വർധിക്കും. വിപണിയിലെ നല്ല കണക്കുകൾ നമുക്ക് കാണാൻ സാധിക്കണം. കൂടുതൽ വാഹന നിർമാതാക്കൾ ഫ്‌ളെക്‌സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കാൻ സന്നദ്ധത അറിയിച്ചത് സന്തോഷകരമാണെന്നും കപൂർ പറഞ്ഞു.

ഇത്തരം വാഹനങ്ങൾ എത്തുന്നതിനൊപ്പം പമ്പുകളിൽ ഉയർന്ന അളവിൽ എഥനോൾ കലർന്ന പെട്രോളും ശുദ്ധമായ എഥനോളും ലഭ്യമാക്കുന്നത് വ്യാപിപ്പിക്കേണ്ടതുണ്ട്. ചില പമ്പുകളിൽ എങ്കിലും ഇത്തരം ഇന്ധനങ്ങൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഈ ലഭ്യത കൂടുതൽ വ്യാപകമാകേണ്ടതുണ്ട്. എഥനോളിന്റെയോ അല്ലെങ്കിൽ അതിലേക്ക് ചേർക്കേണ്ട അഡിറ്റീവുകളുടെയും വിതരണം വേഗത്തിൽ സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെട്രോളിൽ എഥനോൾ കലർത്തിയതിന് സമാനമായി ഡീസലിൽ കലർത്താൻ സാധിക്കുന്ന ജൈവ ഇന്ധന ഉത്പന്നങ്ങളും ഇന്ത്യയിൽ ആവശ്യമാണെന്നും തരുൺ കപൂർ അഭിപ്രായപ്പെട്ടു. ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന പരീക്ഷണങ്ങൾ വലിയ തോതിൽ ജൈവ ഇന്ധനങ്ങൾ നടപ്പാക്കുന്നതിനുള്ള സാധ്യതയാണ് നമുക്ക് മുന്നിൽ തുറന്നിടുന്നതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

Content Highlights: India has successfully achieved the 20 percent ethanol blending target in petrol., Future focus is on ethanol blending higher than 20 percent and expanding flex-fuel vehicles., Automakers in India are preparing to launch flex-fuel vehicles soon., Discussions are underway for introducing bio-fuels like isobutanol in diesel as well.